ഉത്തരങ്ങള്‍ മുക്കിയത് സി.എം രവീന്ദ്രനോ.?
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെതിരെ പുതിയ ആരോപണവുമായി ഇ.ഡി രംഗത്ത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെക്കുറിച്ച് ചോദ്യങ്ങളുടെ മറുപടി മുക്കിയെന്നതാണ് രവീന്ദ്രന് മേലുള്ള പുതിയ ആരോപണം. നിയമസഭയില്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ലഭിച്ച ഉത്തരങ്ങളാണ് മുക്കിയിരിക്കുന്നത്. ഊരുളുങ്കലും സര്‍ക്കാരുമായുള്ള ബന്ധത്തെപ്പറ്റി അനേവഷിച്ച ഇ.ഡി ക്ക് ലഭിച്ച വിശദാംശങ്ങളിലാണ് ഊരുളുങ്കലുമായുള്ള സര്‍ക്കാരിന്റെ ബന്ധത്തെപ്പറ്റി പരാമര്‍ശിക്കുന്ന ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ മറച്ച് വെച്ചെരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. രവീന്ദ്രനെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ ഇതിനെപ്പറ്റിയും ചോദ്യങ്ങളുണ്ടാവാം.
പ്രതിപക്ഷം മുഖ്യമന്ത്രിയോട് മൂന്ന് തവണയാണ് ഊരുളുങ്കലുമായുള്ള ബന്ധത്തെപ്പറ്റി ചോദിച്ചത്. ഇക്കൂട്ടത്തില്‍ ഡോ. എം.കെ മൂനീറിന്റെ ചോദ്യത്തിന് മാത്രമാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ആ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത് കെ.എസ്.ആര്‍.ടി.സി യുടെ നടത്തിപ്പ് ഊരാളുങ്കലിന് കൈമാറിയിട്ടില്ല എന്നാണ്. ഊരാളുങ്കലുമായി ബന്ധപ്പെട്ട മറ്റ് ചോദ്യങ്ങള്‍ക്ക് വിവരങ്ങള്‍ ശേഖരിച്ചു വരുന്നു എന്ന മറുപടിയാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിന് നല്‍കിയത്. മറ്റ് രണ്ട് ചോദ്യങ്ങള്‍ ഇവയൊക്കെയാണ്
2018 മേയ് 28 ന് കെ.എസ് ശബരീനാഥ് ചോദിച്ച ചോദ്യം, ഈ സര്‍ക്കാര്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് ആകെ എത്ര കോടി രൂപയുടെ കരാര്‍ നല്‍കി.? 2020 ഫെബ്രുവരി 3 ന് അബ്ദുറബ്ബ് ചോദിച്ച ചോദ്യം, സര്‍ക്കാരിന്റെ സ്ഥലമോ സേവനങ്ങളോ വസ്തുക്കളോ ഊരാളുങ്കല്‍ ലേബേര്‍ കോണ്‍ട്രാക്ടിങ്ങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ ഏല്‍പ്പിച്ചിട്ടുണ്ടോ..? ഈ രണ്ട് ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ മറുപടി വിവരം ശേഖരിച്ചു വരുന്നു എന്നായിരുന്നു. എന്നാല്‍ 2019 ജൂണ്‍ 11 എന്‍.ഷംസുദ്ദീന്‍ മന്ത്രി ജി.സുധാകരനോട് ഊരാളുങ്കലിനെ ഏല്‍പ്പിച്ച പ്രവൃത്തികളെപ്പറ്റി ചോദ്യം ഉന്നയിച്ചപ്പോള്‍ സൊസൈറ്റിക്ക് നല്‍കിയ കരാറുകളുടെ മുഴുവന്‍ വിവരങ്ങളും മറുപടിയായി ലഭിച്ചിരുന്നു. അതിലൂടെയാണ് ഊരാളുങ്കലിന് സര്‍ക്കാര്‍ നല്‍കിയ പദ്ധതികളപ്പറ്ററിയും കരാറുകളെപ്പറ്റിയും ആദ്യമായി പുറത്തറിയുന്നത്. എന്നാല്‍ പൊതുമരാമത്ത് നല്‍കിയ കരാറുകളെപ്പറ്റി മാത്രമേ മന്ത്രിയുടെ വിവരണത്തില്‍ നിന്നും ലഭിച്ചിട്ടുള്ളു വിവിധ വകുപ്പുകള്‍ നല്‍കിയ ഒട്ടേറെ കരാറുകള്‍ വേറെയുമുണ്ട്.
സഭയില്‍ പ്രതിപക്ഷം ഉയര്‍ത്തുന്ന ചോദ്യങ്ങളെക്കുറിച്ചുള്ള മറുപടി വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരാണ് ശേഖരിച്ച് മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും നല്‍കുന്നത്. ഇത്തരത്തില്‍ സര്‍ക്കാരിന് പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് തോന്നുന്ന മറുപടികള്‍ മന്ത്രിമാരുടെ ഓഫീസുകളില്‍ തടഞ്ഞ് വെക്കുന്ന പതിവുണ്ട്. പകരം ചോദ്യത്തിന് മറുപടി പറയാന്‍ വിവരം ശേഖരിച്ച് വരുന്നു എന്ന പല്ലവി പാടും. സര്‍ക്കാരിന്റെ കാലാവധി തീരും വരെ ഇത്തരം മറുപടികള്‍ വെളിച്ചം കാണാതെ ഓഫീസിനുള്ളില്‍ തന്നെ കാലങ്ങളോളം കെട്ടിക്കിടക്കും. പലപ്പോഴും അടുത്ത സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാവും ഇത്തരം ഉത്തരങ്ങള്‍ അടുത്ത സഭയില്‍ ഹാജരാക്കുക. ഉാരാളുങ്കലിനെക്കുറിച്ചുള്ള ചോദ്യത്തിന്റെ ഒരുത്തരം ഒന്നര വര്‍ഷമായും മറ്റേ ഉത്തരം ഒന്‍പത് മാസമായും പുറത്ത് വരാതെ എവിടെയോ കെട്ടിക്കിടക്കുകയാണ്. ഊരാളുങ്കലും സി എം രവീന്ദ്രന്റെ കുടുംബവും തമ്മിലുള്ള ബന്ധത്തെപ്പറ്റി കണ്ടെത്തിയതോടെയാണ് ഉത്തരം മുക്കിലില്‍ രവീന്ദ്രനെ സംശയിച്ചു തുടങ്ങിയത്.