മുസ്ലീങ്ങൾക്ക് സീറ്റ് നൽകില്ല എന്ന് കർണാടക മന്ത്രി കെ എസ് ഈശ്വരപ്പ പറഞ്ഞത് ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു .ബിജെപിയുടെ പ്രഖ്യാപിത നിലപാടാണോ ഇത് എന്നായിരുന്നു ചർച്ച .എന്നാൽ കർണാടകയിൽ നിന്ന് കേരളത്തിൽ എത്തുമ്പോൾ മറ്റൊരു ചിത്രമാണ് കിട്ടുന്നത് .ന്യൂനപക്ഷ സ്ഥാനാർത്ഥികളുടെ എണ്ണത്തിൽ കേരള ബിജെപിയിൽ വർധന ആണ് ഉണ്ടായിരിക്കുന്നത് .
മൊത്തം 612 സ്ഥാനാത്ഥികളെ ആണ് ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് ബിജെപി മത്സരിപ്പിക്കുന്നത് .ഇതിൽ അഞ്ഞൂറ് പേർ ക്രിസ്ത്യൻ മതവിഭാഗത്തിൽ നിന്നുള്ളവർ ആണ് .112 പേർ മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവരും .
45 %ത്തോളം വരുന്ന ന്യൂനപക്ഷ വിഭാഗങ്ങളെ തങ്ങളിലേക്ക് അടുപ്പിക്കാനുള്ള ബിജെപി തന്ത്രം ആണിതെന്നാണ് വിലയിരുത്തൽ .രാജ്യത്ത് ഏറ്റവുമധികം ശാഖകൾ ഉള്ള സംസ്ഥാനമായിട്ടും കേരളത്തിൽ വേരുറപ്പിക്കാൻ ബിജെപിയ്ക്ക് തടസം ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആർജ്ജിച്ചെടുക്കാൻ സാധിക്കാത്തത് ആണെന്ന് ബിജെപി നേതൃത്വം കരുതുന്നു .ഈ പശ്ചാത്തലത്തിൽ ആണ് കൂടുതൽ ന്യൂനപക്ഷ വിഭാഗങ്ങളിൽ ഉള്ള സ്ഥാനാർത്ഥികളെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ അണിനിരത്തുന്നത് .
എ പി അബ്ദുള്ളക്കുട്ടി ,ടോം വടക്കൻ എന്നിവരെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ട് വന്നതിലെയും ബിജെപി ലക്‌ഷ്യം മറ്റൊന്നല്ല .ന്യൂനപക്ഷങ്ങൾക്ക് കൃത്യമായ സന്ദേശം നൽകുകയാണ് ബിജെപിയുടെ ഉദ്ദേശം .
തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലെ പരീക്ഷണം വിജയ സൂചന നൽകുകയാണെങ്കിൽ കൂടുതൽ ന്യൂനപക്ഷ പ്രീണന നയങ്ങളിലെയ്ക്ക് ബിജെപി തിരിഞ്ഞേക്കും .2015 ലെ തദ്ദേ ശ ഭരണ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയത് 13 .28 % വോട്ടാണ് .15,962 വാർഡുകളിൽ കഴിഞ്ഞ തവണ ബിജെപി നേടിയത് 933 വാർഡുകൾ ആണ് .2,076 ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിൽ 21 എണ്ണവും 331 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ മൂന്നെണ്ണവുമാണ് ബിജെപി നേടിയത് .3,122 മുനിസിപ്പൽ വാർഡുകളിൽ 236 ഉം 414 കോർപറേഷൻ വാർഡുകളിൽ 51 എണ്ണവുമാണ് ബിജെപിയ്ക്ക് ലഭിച്ചത് .