യുവതിയെ കൊന്ന് ഭാര്യയുടെ പേരിൽ മരണ സർട്ടിഫിക്കറ്റ് ,അഭിഭാഷകനും ഭാര്യക്കും ഇരട്ട ജീവപര്യന്തം
സിനിമാക്കഥയെ വെല്ലുന്ന കുറ്റകൃത്യം .പോലീസ് ബുദ്ധിയ്ക്ക് മുന്നിൽ വീണു .ഒടുവിൽ ഇരട്ട ജീവപര്യന്തം .കോയമ്പത്തൂർ സ്വദേശിക്കൾക്കാണ് ഒമ്പത് വർഷങ്ങൾക്ക് ശേഷം ശിക്ഷ .
അഭിഭാഷകൻ ആയ രാജവേലുവും മനോഹര മോഹനും ആണ് സംഭവത്തിലെ വില്ലനും വില്ലത്തിയും .2013 ൽ ഇരുവരും ഒരു ഭൂമി രജിസ്റ്റർ ചെയ്യാൻ രജിസ്റ്റർ ഓഫീസിൽ എത്തുന്നു .എന്നാൽ മനോഹരയുടെ മരണ സർട്ടിഫിക്കറ്റ് ആരോ രജിസ്ട്രാർക്ക് അയച്ചു നൽകുന്നു .ഇതിനെതിരെ രാജവേലു കോടതിയിൽ പോയി സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യിപ്പിച്ചു .
എന്നാൽ പോലീസ് വിവരം അറിഞ്ഞിരുന്നു .റദ്ദാക്കിയ മരണ സർട്ടിഫിക്കറ്റ് ആരുടേത് എന്നായിരുന്നു അന്വേഷണം .ആത്തുപ്പാളയം വൈദ്യൂത ശ്‌മശാനത്തിൽ അങ്ങിനെയൊരു ആളെ സംസ്കരിച്ചിട്ടുണ്ട് എന്നത് പൊലീസിന് വ്യക്തമായി .രജിസ്റ്ററിൽ ഒപ്പിട്ടിരിക്കുന്നത് പളനിസാമിയെന്ന ആളും .പളനിസാമിയെ പിടികൂടിയതോടെ ക്രൂരമായ ഒരു കൊലപാതകത്തിന്റെ ചുരുളഴിയാൻ തുടങ്ങി .
മനോഹര ഒഡിഷയിൽ 12 കോടിയുടെ തട്ടിപ്പ് കേസിൽ പ്രതി ആയിരുന്നു .ആ സമയത്താണ് വിവാഹ മോചന ഹർജി തയ്യാർ ആക്കാനായി അമാവാസി എന്ന സ്ത്രീ രാജവേലുവിനെ തേടി എത്തുന്നത് .അമാവാസിയെ പളനിസാമിയുടെ സഹായത്തോടെ ദമ്പതിമാർ കൊലപ്പെടുത്തുന്നു .മരിച്ചത് മനോഹര ആണെന്ന് വരുത്തിത്തീർത്ത് സംസ്കരിക്കുന്നു .
ഹൃദയാഘാതം മൂലം മനോഹര മരിച്ചു എന്ന സർട്ടിഫിക്കറ്റ് രാജവേലു ഉണ്ടാക്കുന്നു .ഈ സർട്ടിഫിക്കറ്റ് കാണിച്ച് ഒഡിഷയിലെ കേസിൽ നിന്ന് രക്ഷപ്പെടുന്നു .എന്നാൽ പുതിയ വസ്തു രെജിസ്റ്റർ ചെയ്യാൻ പോയതാണ് ദമ്പതികളെ കുരുക്കിയത് .അതേസമയം മരണ സർട്ടിഫിക്കറ്റ് രജിസ്ട്രാർക്ക് അയച്ചു നൽകിയ വ്യക്തി ഇപ്പോഴും കാണാമറയത്താണ് .