ശിവശങ്കറിന് ജാമ്യം കിട്ടും വരെ ആശുപത്രിവാസം ?രവീന്ദ്രനെ പൂട്ടാൻ ഇ ഡി രണ്ടും കല്പിച്ച്
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് യഥാർത്ഥത്തിൽ അസുഖം ഉണ്ടോ എന്ന് പരിശോധിക്കാൻ ഇ ഡി .രണ്ടു തവണ ഇ ഡി രവീന്ദ്രന് ചോദ്യം ചെയ്യാൻ ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു .ആദ്യ തവണ കോവിഡ് ബാധിച്ചതിനാൽ ഹാജരാകാൻ ആകില്ല എന്നായിരുന്നു രവീന്ദ്രന്റെ വിശദീകരണം .രോഗം മാറിയപ്പോൾ നോട്ടീസ് നൽകിയപ്പോൾ കോവിഡ് അനന്തര ചികിത്സയിൽ ആയതിനാൽ ഹാജരാകാൻ ആകില്ല എന്നതായിരുന്നു രവീന്ദ്രന്റെ മറുപടി .ഈ പശ്ചാത്തലത്തിൽ രവീന്ദ്രൻ അസുഖം അഭിനയിക്കുകയാണോ എന്ന് പരിശോധിക്കാൻ നടപടികൾ എടുക്കാൻ ആലോചിക്കുകയാണ് ഇ ഡി .
കോടതിയുടെ സഹായം തേടാൻ ആണ് ഇ ഡിയുടെ പദ്ധതി എന്നാണ് സൂചന .കോവിഡ് ബാധിച്ച ആൾക്ക് ശരീരത്തിൽ ആന്റി ബോഡി ഉണ്ടാകും .ഈ പശ്ചാത്തലത്തിൽ രവീന്ദ്രന്റെ ശരീരത്തിൽ ആന്റിബോഡി ഉണ്ടോ എന്ന് പരിശോധിക്കാൻ ഇ ഡി തയ്യാറായേക്കും .മാത്രമല്ല ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന രവീന്ദ്രന്റെ ആരോഗ്യനില പരിശോധിക്കാനും ഇ ഡി സാധ്യത തേടിയേക്കും .
പരിശോധനയിൽ കോവിഡ് ബാധിതൻ അല്ലായിരുന്നു എന്ന് തെളിഞ്ഞാൽ സി എം രവീന്ദ്രനെതിരെ അറസ്റ്റ് അടക്കമുള്ള നടപടികൾ ഉണ്ടായേക്കാം .സ്വപ്ന സുരേഷിന്റെയും എം ശിവശങ്കറിന്റെയും മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് രവീന്ദ്രന് ഇ ഡി നോട്ടീസ് നൽകിയത് .സ്വർണക്കടത്ത് സംബന്ധിച്ച വിവരങ്ങൾ ശിവശങ്കറിന്റെ ടീമിന് അറിയാമായിരുന്നുവെന്നും ആ ടീമിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉള്ളവരും ഉണ്ടെന്നു ഇ ഡി കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു .ഈ പശ്ചാത്തലത്തിൽ ആണ് രവീന്ദ്രനെ ചോദ്യം ചെയ്യുന്നത് നിർണായകമാകുന്നത് .
നാല് പതിറ്റാണ്ടോളം സിപിഐഎം നേതാക്കൾ ഭരണത്തിലോ പ്രതിപക്ഷത്തോ ഇരിക്കുമ്പോൾ അവരുടെ പേഴ്സണൽ സ്റ്റാഫിൽ രവീന്ദ്രൻ ഉണ്ടായിരുന്നു .അത് തന്നെയാണ് രവീന്ദ്രന്റെ പ്രാധാന്യവും .സംസ്ഥാന സർക്കാരിന്റെ നിർണായക പദ്ധതികൾ നിയന്ത്രിച്ചിരുന്ന ഉദ്യോഗസ്ഥരിൽ ശിവശങ്കരനും രവീന്ദ്രനുമുണ്ട് .കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഈ പദ്ധതികളിലേയ്ക്ക് നീങ്ങുന്ന പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥ ഇടപെടലുകളും ടെണ്ടറിലൂടെയും അല്ലാതെയും നൽകിയ കരാറുകൾ എല്ലാം പരിശോധിക്കപ്പെടും .