നമസ്കാരം ,newsthen – ന്റെ പഞ്ചായത്തങ്കം എന്ന പരിപാടിയിലേയ്ക്ക് സ്വാഗതം .ഓരോ ജില്ലയിലേയിലും തദ്ദേശ ഭരണ ചരിത്രവും നിലവിലെ രാഷ്ട്രീയ സ്ഥിതിയുമൊക്കെ വിലയിരുത്തുന്ന പരിപാടി ആണ് പഞ്ചായത്തങ്കം.
കാസർകോടിനെ കുറിച്ചാണ് ഇത്തവണ പഞ്ചായത്തങ്കം.ആദ്യം സമഗ്ര ചിത്രം നോക്കാം .കാസർഗോഡ് ജില്ലാ പഞ്ചായത്തിൽ ആകെ 17 ഡിവിഷനുകൾ ,യു ഡി എഫ് -8 ,എൽഡിഎഫ്- 7 ,ബിജെപി- 2 എന്നിങ്ങനെ ആണ് കക്ഷിനില .ആകെ നഗരസഭകൾ -3 ആണ് .ഇതിൽ എൽഡിഎഫ് -2 ,യുഡിഎഫ് -1 .ബ്ലോക്ക് പഞ്ചായത്തുകൾ മൊത്തം 6 ആണ് .4 ബ്ലോക്ക് പഞ്ചായത്തുകൾ എൽഡിഎഫ് ഭരിക്കുന്നു .2 ബ്ലോക്ക് പഞ്ചായത്തുകൾ ആണ് യുഡിഎഫിന്റെ പക്കൽ .മൊത്തം 36 ഗ്രാമ പഞ്ചായത്തുകൾ ആണ് കാസർഗോഡ് ജില്ലയിൽ ഉള്ളത് ഇതിൽ 19 എണ്ണം യുഡിഎഫും 16 എണ്ണം എൽഡിഎഫും കോൺഗ്രസ് വിമത വിഭാഗം ഡി ഡി ഡി എഫ് ഒരു പഞ്ചായത്തും ഭരിക്കുന്നു .ഈ ചിത്രം കണ്ടാൽ ഒന്ന് വ്യക്തമാണ് .ആർക്കും ഏകപക്ഷീയമായ വിജയം സമ്മാനിക്കുന്ന ജില്ലയല്ല കാസർഗോഡ് ജില്ല .
ഇനി എന്താണ് തെരഞ്ഞെടുപ്പ് വിഷയങ്ങൾ എന്ന് നോക്കാം .പതിവിനു വിപരീതമായി പ്രാദേശിക വിഷയങ്ങളേക്കാൾ കാസർഗോഡ് ജില്ലയിൽ ഇത്തവണ സംസ്ഥാന രാഷ്ട്രീയ വിഷയങ്ങൾ ആണ് ശക്തം .ലീഗ് എംഎൽഎ എം സി കമറുദ്ധീൻ ചെയർമാനായ ഫാഷൻ ഗോൾഡ് തട്ടിപ്പു കേസ് യുഡിഎഫിന് നൽകുന്ന ക്ഷീണം ചെറുതല്ല .കോവിഡും പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷണത്തിന് തടയിട്ട് പ്രതികൾക്കൊപ്പം നിന്ന സർക്കാർ നിലപാടുമാണ് യുഡിഎഫിന് പിടിവള്ളി .എന്നാൽ കമറുദ്ധീൻ കേസിലെ ഇരട്ടത്താപ്പ് ആണ് ബിജെപിയുടെ പ്രചാരണ വിഷയം .
കഴിഞ്ഞ തവണ മൂന്നു മുന്നണികൾക്കും കുത്തക സീറ്റുകളിൽ പലതും നഷ്ടപ്പെട്ടു .കാസർഗോഡ് ജില്ലാ പഞ്ചായത്ത് ഭരണം നഷ്ടമായത് എൽഡിഎഫിന് വലിയ തിരിച്ചടിയായി .കാഞ്ഞങ്ങാട് നഗരസഭ ഭരണം എൽഡിഎഫ് പിടിച്ചെടുത്തത് യുഡിഎഫിനെ ഞെട്ടിച്ചു .കാസർഗോഡ് നഗരസഭാ ഭരണം നിലനിർത്തിയെങ്കിലും 3 വിമതർ ജയിച്ചു കയറിയത് ലീഗിന് കടുത്ത ആഘാതമായി .കാസർഗോഡ് നഗരസഭയിൽ 14ഉം ജില്ലാ പഞ്ചായത്തിൽ 2ഉം കാഞ്ഞങ്ങാട് നഗരസഭയിൽ 5ഉം സീറ്റുകൾ നേടി ബിജെപി ശക്തി പ്രകടിപ്പിച്ചത് ഇരുമുന്നണികൾക്കും ആശങ്കക്കിട നൽകുന്നു .
ഇടതിന്റെ ശക്തിദുർഗം എന്നറിയപ്പെട്ടിരുന്ന കാസർഗോഡ് ലോക്സഭാ മണ്ഡലം രാജ്മോഹൻ ഉണ്ണിത്താനിലൂടെ പിടിച്ചെടുത്ത ആത്മവിശ്വാസം യു ഡി എഫിനുണ്ട് .കഴിഞ്ഞ തവണ വിജയിച്ചു എന്ന് തോന്നിപ്പിച്ച കള്ളാർ അടക്കമുള്ള നാല് ഡിവിഷനുകൾ തിരിച്ചു പിടിച്ച് ജില്ലാ പഞ്ചായത്തിൽ ഭൂരിപക്ഷം വർധിപ്പിക്കുക എന്നതാണ് യുഡിഎഫിന്റെ ലക്ഷ്യം .മൂന്ന് ഡിവിഷനുകൾ പിടിച്ചെടുത്ത് ജില്ലാ പഞ്ചായത്ത് തിരിച്ചു പിടിക്കാൻ ആണ് എൽഡിഎഫ് ലക്ഷ്യമിടുന്നത് .പരമ്പരാഗത സീറ്റുകൾക്കൊപ്പം അട്ടിമറി വിജയം ആണ് ബിജെപി പ്രതീക്ഷിക്കുന്നത് .
ജില്ലയിൽ ചില പഞ്ചായത്തുകൾ ബിജെപി പിന്തുണയോടെയാണ് യുഡിഎഫ് ഭരിക്കുന്നത് .പൗരത്വ നിയമത്തിനെതിരെയുള്ള നിലപാടുകൾ ന്യൂനപക്ഷങ്ങളെ തങ്ങളോട് ചേർത്ത് നിർത്തും എന്ന് എൽഡിഎഫ് കരുതുന്നു .സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരൻ ,മന്ത്രി ഇ ചന്ദ്രശേഖരൻ എന്നിവർക്കാണ് എൽഡിഎഫിന്റെ പ്രചാരണ ചുമതല .കെപിസിസി ജനറൽ സെക്രട്ടറി ജി രതികുമാർ യുഡിഎഫിന്റെ ചുക്കാൻ പിടിക്കുന്നു .സംസ്ഥാന സെക്രട്ടറി പി രഘുനാഥിനാണ് ബിജെപിയുടെ ചുമതല .