NEWS

ബിലീവേഴ്‌സ് ചര്‍ച്ച് റെയ്ഡ്; രാജ്യത്തെ വന്‍ സാമ്പത്തിക കുംഭകോണമെന്ന് ആദായനികുതി വകുപ്പ്

തിരുവല്ല: ബിലീവേഴ്‌സ് ചര്‍ച്ചിലെ റെയ്ഡിനെ തുടര്‍ന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ചര്‍ച്ചിന്റേത് വന്‍ സാമ്പത്തിക കുംഭകോണമെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തി. ഡല്‍ഹിയിലും കേരളത്തിലുമായി കണക്കില്‍പ്പെടാത്ത അഞ്ച് കോടിയോളം രൂപയാണ് പിടിച്ചെടുത്തത്. ഡല്‍ഹിയിലെ ഓഫീസില്‍ നിന്ന് മൂന്നേമുക്കാല്‍ കോടി രൂപയും കേരളത്തിലെ ഓഫീസുകളില്‍ നിന്ന് ഒന്നേകാല്‍ കോടി രൂപയുമാണ് കണക്കില്‍പ്പെടാത്തതായി പിടിച്ചെടുത്തത്.

57 ലക്ഷം രൂപയോളം വാഹനത്തില്‍ നിന്നും ബാക്കിയുള്ളത് വിവിധ ഓഫീസുകളില്‍ നിന്നുമാണ് കണ്ടെടുത്തത്. 5 വര്‍ഷത്തിനുളളില്‍ വിദേശ സഹായവുമായി എത്തിയത് 6000 കോടിയെന്നാണ് ആദായ നികുതിവകുപ്പിന്റെ പ്രാഥമിക നിഗമനം.

വിദേശസഹായ നിയമവുമായി ബന്ധപ്പെട്ട് രാജ്യത്തെ തന്നെ ഏറ്റവും വലിയ കുംഭകോണമെന്നാണ് ബിലീവേഴ്‌സ് ചര്‍ച്ചുമായി ബന്ധപ്പെട്ട റെയ്ഡില്‍ ആദായ നികുതി വകുപ്പ് പറയുന്നത്. ചാരിറ്റിക്ക് ലഭിക്കുന്ന തുക അതിനായി തന്നെ ഉപയോഗിക്കണമെന്നും കണക്കുകള്‍ സര്‍ക്കാരിനെ കാണിക്കണമെന്നുമാണ് നിയമം. എന്നാല്‍ ചാരിറ്റിക്ക് ലഭിച്ച തുക റിയല്‍ എസ്‌റ്റേറ്റ് മേഖലയിലാണ് ചര്‍ച്ച് നിക്ഷേപിച്ചിരിക്കുന്നതെന്ന് ആദായനികുതി വകുപ്പ് പറഞ്ഞു.

ഇന്നലെ രാവിലെ മുതലാണ് ബിലീവേഴ്‌സ് ചര്‍ച്ചിന്റെ പ്രധാന ഓഫീസുകളിലും സ്താപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ആ റെയ്ഡ് ഇപ്പോഴും തുടരുകയാണ്.

Back to top button
error: