ലഹരിമരുന്ന് ഉപയോഗിച്ചിരുന്നു; ബിനീഷിനുമേല്‍ കുരുക്കുമുറുക്കി ഇഡി
ബെംഗളൂരു ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മാത്രമല്ല കേരളത്തിലും ദുബായിലും ബിനീഷ് കുറ്റവാളിയായിരുന്നുവെന്നും ഇഡി കോടതിയില്‍ അറിയിച്ചു. ഇതോടെ ലഹരിമരുന്ന് കേസില്‍ ബിനീഷിന് കുരുക്ക് മുറുകാനാണ് സാധ്യത.
കേരളത്തില്‍ 10 കേസുകളും ദുബായിയില്‍ ഒരു കേസുമുള്ള ബിനീഷ് സ്ഥിരം കുറ്റവാളിയാണെന്നും ഇവന്റ് മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് ലഹരിക്കേസില്‍ പിടിയിലായ അനൂപിന്റെയും ഒപ്പം അറസ്റ്റിലായ മലയാളി റിജേഷ് രവീന്ദ്രന്റെയും പേരില്‍ ബിനീഷ് രണ്ടു ബെനാമി കമ്പനികള്‍ തുടങ്ങിയിരുന്നതായും ഇഡി കോടതിയെ അറിയിച്ചു.2012-19 കാലത്ത് ഇരുവരും തമ്മില്‍ 5 കോടിയിലധികം രൂപയുടെ അനധികൃത പണമിടപാട് നടന്നുവെന്നും 3.5 കോടി കള്ളപ്പണമാണെന്നും ഇഡി കോടതിയില്‍ അറിയിച്ചു.കേരളത്തിലും പുറത്തുമായി നികുതി റിട്ടേണുകളിലെ പൊരുത്തക്കേടും അന്വേഷിക്കേണ്ടതുണ്ടെന്നും ഇഡി പറഞ്ഞു.
കസ്റ്റഡി നീട്ടാന്‍ നല്‍കിയ അപേക്ഷയിലാണ് ഈ വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചത്. അതേസമയം,തുടര്‍ച്ചയായ ആറാം ദിവസവും ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇതിനകം 40 മണിക്കൂറിലധികം സമയം ബിനീഷ് ഇഡിയുടെ ചോദ്യങ്ങള്‍ നേരിട്ടു.