ജെയിംസ് ബോണ്ട് നായകന് വിട
ഹോളിവുഡിലെ ആദ്യ ജെയിംസ് ബോണ്ട് ചിത്രത്തിലെ നായകനായ ഷോണ്‍ കോണറി അന്തരിച്ചു. 90 വയസ്സായിരുന്നു. കുടുംബമാണ് മരണവാര്‍ത്ത അറിയിച്ചത്.
എഴു ബോണ്ട് സിനിമകളില്‍ ജെയിംസ് ബോണ്ട് എന്ന ഇതിഹാസ കഥാപാത്രമായി തിളങ്ങിയ സൂപ്പര്‍ താരം മികച്ച സഹനടനുള്ള ഓസ്‌കര്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്.
1962ല്‍ പുറത്തിറങ്ങിയ ‘ഡോ. നോ’ മുതലിങ്ങോട്ട് 1983ല്‍ പുറത്തിറങ്ങിയ നെവര്‍ സേ നെവര്‍ എഗെയിന്‍ എന്ന ചിത്രം വരെയുള്ള ഏഴു ബോണ്ട് ചിത്രങ്ങളില്‍ കോണറി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചു. ഇന്ത്യാന ജോണ്‍സ് ആന്‍ഡ് ദ് ലാസ്റ്റ് ക്രുസേഡ് (1989) എന്ന ചിത്രത്തില്‍ ഹാരിസണ്‍ ഫോര്‍ഡിന്റെ പിതാവിന്റെ വേഷമായിരുന്നു കോണറിക്ക്.
1987ല്‍ അഭിനയിച്ച ദ് അണ്‍ടച്ചബിള്‍സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് അദ്ദേഹത്തിന് മികച്ച സഹനടനുള്ള ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മൂന്ന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍, രണ്ടു ബാഫ്ത പുരസ്‌കാരങ്ങള്‍ എന്നിവയും അദ്ദേഹത്തെ തേടിയെത്തി. മര്‍ഡര്‍ ഓണ്‍ ദ് ഓറിയന്റ് എക്‌സ്‌പ്രെസ്, ദ് റോക്ക്, ഫൈന്‍ഡിങ് ഫോറസ്റ്റര്‍, ഡ്രാഗണ്‍ ഹാര്‍ട്ട്, ദ് എന്‍ട്രാപ്‌മെന്റ് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങള്‍. 2003ല്‍ പുറത്തിറങ്ങിയ ‘ദ് ലീഗ് ഓഫ് എക്‌സ്ട്രാ ഓര്‍ഡിനറി ജെന്റില്‍മെന്‍’ എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. ഒട്ടേറെ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുമുണ്ട്.