NEWS

2020 ലെ ഐ. വി. ശശി പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

ൺമറഞ്ഞ പ്രശസ്ത സംവിധായകനായ ഐ.വി. ശശിയുടെ സ്മരണാർഥം ഫസ്റ്റ് ക്ലാപ്പ് എന്ന സാംസ്ക്കാരിക സംഘടന സംഘടിപ്പിച്ച പ്രഥമ IV Sasi Film Award 2020 യുടെയും ഷോർട്ട് ഫിലിം ജനറൽ, ക്യാമ്പസ്, പ്രവാസി വിഭാഗങ്ങളുടെയും, മ്യൂസിക്കൽ ആൽബം ഫെസ്റ്റിവലിൻ്റെയും വിജയികളെ സംഘടനയുടെ You tube channelലൂടെ പ്രഖ്യാപിച്ചു.

2019 ൽ റിലീസ് ചെയ്ത main stream feature film കളിൽ നിന്ന് മികച്ച നവാഗത സംവിധായകനെയും മികച്ച രണ്ടാമത്തെ നവാഗത സംവിധാകനെയുമാണ് ജൂറി ഈ അവാർഡിനായി തിരഞ്ഞെടുത്തത്. സംവിധാനം ഒഴികെയുള്ള ഇതര ചലച്ചിത്ര തലങ്ങളിൽ മികവേറിയ പ്രകടനം കാഴ്ച്ച വെച്ച ഒരു നവാഗത പ്രതിഭയെ കൂടി അവാർഡിന് പരിഗണിക്കണമെന്ന ജൂറിയുടെ പ്രത്യേക പരാമർശം പരിഗണിച്ച് ഇത്തവണ ഈ വിഭാഗത്തിലേക്ക് പരിഗണിച്ചത് മികച്ച പുതുമുഖ നടിയെയാണ്. തിരക്കഥാകൃത്ത് ജോൺ പോൾ, സംവിധായകൻ റോഷൻ ആൻഡ്രൂസ്, നിർമ്മാതാവ് VBK Menon എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്.

വിധി പ്രഖ്യാപനം നടത്തിയത് പ്രശസ്ത സംവിധായകരായ ഹരിഹരൻ, പ്രിയദർശൻ , പ്രശസ്ത ചലച്ചിത്ര നടി മഞ്ജു വാര്യർ എന്നിവരാണ് ‘2019-ലെ മികച്ച നവാഗത സംവിധായകനുള്ള ഐ.വി.ശശി ചലച്ചിത്ര പുരസ്ക്കാരത്തിന് അർഹനായത് ഹെലൻ എന്ന ചിത്രത്തിൻ്റെ സംവിധാന മികവിന് മാത്തുക്കുട്ടി സേവ്യറാണ്. വിധി പ്രഖ്യാപനം നിർവ്വഹിച്ചത് പ്രശസ്ത സംവിധായകൻ ഹരിഹരൻ.

മികച്ച രണ്ടാമത്തെ നവാഗത സംവിധായകനുള്ള പുരസ്ക്കാരം ” ഉയരെ ” എന്ന ചിത്രത്തിൻ്റെ സംവിധായകൻ മനു അശോകിനാണ് ലഭിച്ചത്. ജേതാവിനെ പ്രഖ്യാപിച്ചത് സംവിധായകൻ പ്രിയദർശനാണ്. മികച്ച നടിക്കുള്ള ജൂറിയുടെ പ്രത്യേക പരാമർശത്തിനർഹയായത് ഹെലൻ, കുമ്പളങ്ങി നൈറ്റ്സ് എന്നീ ചിത്രകളിലെ മികച്ച പ്രകടനത്തിന് അന്നാ ബെൻ ആണ്. ഈ അവാർഡിൻ്റെ വിധി പ്രഖ്യാപനം നിർവ്വഹിച്ചത് പ്രശസ്ത ചലച്ചിത്ര നടി മഞ്ജുവാര്യരാണ്.
മികച്ച നവാഗത സംവിധായകന് 50000 രൂപയും കലാസംവിധായകൻ ശ്രീ നേമം പുഷ്പരാജ് രൂപകൽപ്പന ചെയ്ത ശിൽപവും പ്രശസ്തി പത്രവുമാണ് പുരസ്ക്കാരമായി ലഭിക്കുക . രണ്ടാം സ്ഥാനത്തിനർഹനായ നവാഗത സംവിധായകന് ശില്പവും പ്രശസ്തി പത്രവും ലഭിക്കും. ജൂറിയുടെ പ്രത്യേക പരാമർശത്തിനർഹയായ നടിക്ക് ലഭിക്കുക ചലച്ചിത്ര രംഗത്തെ തലമുറകളുടെ ഗുരുനാഥനായ സംവിധായകൻ KG. ജോർജ്ജിൻ്റെ പേരിൽ ചലച്ചിത്ര മലയാള കൂട്ടായ്മയായ K.G. George centre for cinema യുടെ പേരിൽ നൽകുന്ന ശിൽപവും പ്രശസ്തിപത്രവുമാണ്.’ ഈ അവാർഡ് സ്പോൺസർ ചെയ്യുന്നത് സംവിധായകൻ ശ്യാംദറിൻ്റെ സ്ഥാപനമായ Westford institute of film & Television technology ആണ് .

ഐ.വി.ശശിയുടെ ശിഷ്യന്മാരായ ജോമോൻ, പത്മകുമാർ, ഷാജൂൺ കാര്യാൽ എന്നിവരാണ് ഐ.വി. ശശി ചലച്ചിത്ര പുരസ്ക്കാരത്തിൻ്റെയും ഷോർട്ട് ഫിലിം , മ്യൂസിക്കൽ ആൽബം പുരസ്ക്കാരങ്ങളുടെയും രക്ഷാധികാരികൾ.

കോവിഡിന് ശേഷം എറണാകുളത്ത് വെച്ച് സംഘടിപ്പിക്കുന്ന വർണ്ണശബളമായ ചടങ്ങിൽ വെച്ച് പുരസ്ക്കാര ദാനം നിർവ്വഹിക്കാൻ സംഘടന തീരുമാനിച്ചിട്ടുണ്ട്. ഐ.വി.ശശിയുടെ പത്നിയും പ്രമുഖ നടിയുമായ സീമയുടെ അനുഗ്രഹാശിസുകളോടെ നടത്തിയ ചടങ്ങിൽ ഫസ്റ്റ് ക്ലാപ്പിൻ്റെ പ്രസിഡൻ്റ് ജസ്റ്റിൻ തച്ചിൽ, ഫെഫ്ക പ്രസിഡൻ്റ് സിബി മലയിൽ, ഫെഫ്ക, AIFEC എന്നിവയുടെ ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ, കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ ചെയർമാൻ കമൽ, മാക്ട ചെയർമാൻ ജയരാജ്, ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പ്രസിഡൻ്റ് രഞ്ജി പണിക്കർ, ജനറൽ സെക്രട്ടറി ജി. എസ്. വിജയൻ, നിർമ്മാതാക്കളായ പി. വി. ഗംഗാധരൻ, ലിബർട്ടി ബഷീർ, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് എം. രഞ്ജിത്ത്, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് സിയാദ് കോക്കർ, അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു. വരും വർഷങ്ങളിൽ ചലച്ചിത്ര രംഗത്തെ സാങ്കേതിക പ്രവർത്തകരെയും നടീ നടന്മാരെയും മികവിൻ്റെ അടിസ്ഥാനത്തിൽ ഐ.വി.ശശി ചലച്ചിത്ര പുരസ്ക്കാരത്തിന് പരിഗണിക്കുവാൻ ഫസ്റ്റ് ക്ലാപ്പ് തീരുമാനിച്ചിട്ടുണ്ട്.

മ്യൂസിക്ക് ആൽബം വിഭാഗത്തിൽ ഏറ്റവും നല്ല ഗാനരചയിതാവിനുള്ള പുരസ്ക്കാരം “ഓണമാണ്” എന്ന ഗാനം എഴുതിയ കവിപ്രസാദ് ഗോപിനാഥിന് ലഭിച്ചു. ചലച്ചിത്രഗാന രചയിതാവ് ബി. ഹരി നാരായണൻ ഈ പുരസ്ക്കാരം പ്രഖ്യാപിച്ചു. ബെസ്റ്റ് മ്യൂസിക്ക് ഡയറക്ടർക്കുള്ള അവാർഡ് റിത്വ എന്ന ആൽബത്തിൻ്റെ മ്യൂസിക്ക് ഡയറക്ടർ സുദീപ് പാലനാട് കരസ്ഥമാക്കി. സംഗീത സംവിധായകൻ സെജോ ജോൺ ഈ പുരസ്കാരം പ്രഖ്യാപിച്ചു. ഏറ്റവും നല്ല ആൽബം ഡയറക്ടർക്കുളള പുരസ്ക്കാരം സംവിധായകൻ ജിബു ജേക്കബ് പ്രഖ്യാപിച്ചു. ചന്ദ്രേട്ടായനം എന്ന ആൽബത്തിൻ്റെ ഡയറക്ടർ ആദിത്യ ചന്ദ്രശേഖരനാണ് ഈ പുരസ്ക്കാരം ലഭിച്ചത്. കാപ്പിച്ചാൻ നിർമ്മിച്ച ഓണമാണ് എന്ന ഗാനം ഏറ്റവും നല്ല ആൽബത്തിനുള്ള അവാർഡ് കരസ്ഥമാക്കി. പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദർ ഈ അവാർഡ് പ്രഖ്യാപിച്ചു.

ക്യാമ്പസ് വിഭാഗത്തിൽ മികച്ച സംവിധായകനായി കെ. ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻ്റ് ആർട്ട്സിലെ ഷജിൻ സാം തെരഞ്ഞെടുക്കപ്പെട്ടു. സംവിധായകൻ ജി. മാർത്താണ്ഡൻ ഈ അവാർഡ് പ്രഖ്യാപിച്ചു. മികച്ച ക്യാമ്പസ് ഷോർട്ട് ഫിലിമായി കെ. ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻ്റ് ആർട്ട്സിലെ വിദ്യാർത്ഥികൾ നിർമ്മിച്ച ഭ്രമണം തെരഞ്ഞെടുക്കപ്പെട്ടു. സംവിധായകൻ മധു സി. നാരായണൻ ഈ അവാർഡ് പ്രഖ്യാപിച്ചു.

പ്രവാസി വിഭാഗത്തിലെ മികച്ച ഫിലിമായി തെരഞ്ഞെടുക്കപ്പെട്ട ദൗഫൽ അന്തിക്കാട് നിർമ്മിച്ച കടലാഴം എന്ന ചിത്രത്തിനുള്ള പുരസ്ക്കാരം സംവിധായിക വിധു വിൻസൻ്റ് പ്രഖ്യാപിച്ചു. മികച്ച പ്രവാസി ഷോർട്ട് ഫിലിം സംവിധായകനായി ജാൻവി എന്ന ഷോർട്ട് ഫിലിമിൻ്റെ സംവിധായകൻ രഞ്ജീഷ് മുണ്ടയ്ക്കൽ തെരഞ്ഞെടുക്കപ്പെട്ടു. സംവിധായകൻ സുന്ദർദാസ് ഈ പുരസ്ക്കാരം പ്രഖ്യാപിച്ചു.

ജനറൽ വിഭാഗത്തിൽ അതിര് എന്ന ഷോർട്ട് ഫിലിമിൽ നല്ല പ്രകടനം കാഴ്ച്ചവച്ച നന്ദിതാദാസ് ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹയായി. സംവിധായകൻ ജോമോൻ ഈ പുരസ്ക്കാരം പ്രഖ്യാപിച്ചു. മികച്ച നടിയായി മഹാരാഷ്ട്രയിൽ നിന്നുള്ള RJP ഫിലിംസ് നിർമ്മിച്ച Sorry for Your Loss എന്ന ഷോർട്ട് ഫിലിമിലെ അഭിനയത്തിന് വീരാ ദസ്തൂരി തെരഞ്ഞെടുക്കപ്പെട്ടു. പ്രശസ്ത നടി മിയ ജോർജ്ജ് ഈ അവാർഡ് പ്രഖ്യാപിച്ചു. ഏറ്റവും നല്ല നടനായി പേര് മുസ്താക് അലി എന്ന ചിത്രത്തിലൂടെ തെരഞ്ഞെടുക്കപ്പട്ട ഷിജു പവിത്രനുളള അവാർഡ് പ്രശസ്ത നടൻ ജോജു ജോർജ്ജ് പ്രഖ്യാപിച്ചു. മികച്ച എഡിറ്റർക്കുള്ള അവാർഡ് പ്രശസ്ത ഫിലിം എഡിറ്റർ ഇ. എസ്. സൂരജ് പ്രഖ്യാപിച്ചു. ഹരിച്ചാലും ഗുണിച്ചാലും ഒന്ന് എന്ന ഷോർട്ട് ഫിലിമിൻ്റെ എഡിറ്റർ ഫിൻ ജോർജ്ജ് ഈ അവാർഡിന് അർഹനായി. \

മികച്ച ഛായാഗ്രാഹകനുളള പുരസ്ക്കാരം പ്രശസ്ത ഛായാഗ്രാഹകൻ അളഗപ്പൻ പ്രഖ്യാപിച്ചു. കൾട്ട് കമ്പനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ തങ്കച്ചൻ നിർമ്മിച്ച അതിര് എന്ന ഷോർട്ട് ഫിലിമിലൂടെ മൃദുൽ എസ് ഈ അവാർഡിന് അർഹനായി. മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്ക്കാരം അതിര് എന്ന ഷോർട്ട് ഫിലിമിൻ്റെ തിരക്കഥ രചിച്ച മൃദുൽ എസ്, വിനായക് എസ് എന്നിവർ പങ്കിട്ടു. നടനും സംവിധായകനുമായ മധുപാൽ ഈ അവാർഡ് പ്രഖ്യാപിച്ചു. മികച്ച സംവിധായകനായി അതിര് സംവിധാനം ചെയ്ത ഫാസിൽ റസാഖ് തെരഞ്ഞെടുക്കപ്പെട്ടു. യുവ സംവിധായകൻ മിഥുൻ മാനുവൽ തോമസ് ഈ പുരസ്ക്കാരം പ്രഖ്യാപിച്ചു. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട, സോണി സാം നിർമ്മിച്ച് നഹാസ് സംവിധാനം ചെയ്ത ഹരിച്ചാലും ഗുണിച്ചാലും ഒന്ന് എന്ന ഷോർട്ട് ഫിലിമിനുള്ള അവാർഡ് ജൂറി ചെയർമാൻ ലിജോ ജോസ് പല്ലിശേരി പ്രഖ്യാപിച്ചു.

Back to top button
error: