ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യുന്നു
ലക്നൗ: യുപിയില്‍ ഗോവധ നിരോധന നിയമം വലിയ തോതില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുന്നുവെന്ന് അലഹാബാദ് ഹൈക്കോടതി. ബീഫ് കൈവശം വെച്ചെന്ന പേരില്‍ നിരപരാധികളെ കേസില്‍ കുടുക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഏതു മാംസം പിടികൂടിയാലും അത് ഗോമാംസമായി ചിത്രീകരിക്കപ്പെടുകയാണെന്നും കോടതി പറഞ്ഞു.
മിക്കവാറും കേസുകളില്‍ പിടിച്ചെടുത്ത മാംസം ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കാറില്ല. ചെയ്യാത്ത കുറ്റത്തിന് ആരോപണവിധേയനായ വ്യക്തി ജയിലില്‍ത്തന്നെ കഴിയുകയും വിചാരണ നടപടികള്‍ക്ക് വിധേയനാവുകയും ഏഴു വര്‍ഷം വരെ ശിക്ഷയ്ക്ക് വിധേയനാവുകയും ചെയ്യുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഗോവധത്തിന്റെയും മാംസ വ്യാപാരത്തിന്റെയും പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട റഹ്മുദ്ദീന് എന്നയാളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് സിദ്ധാര്‍ഥയുടെ നിരീക്ഷണം.
ഇത്തരം കേസുകളില്‍ അധികൃതര്‍ പിടിച്ചെടുക്കുന്ന പശുക്കളുടെ വിവരങ്ങള്‍ സംബന്ധിച്ച് രേഖകള്‍ സൂക്ഷിക്കുന്നില്ലെന്നും കോടതി പറഞ്ഞു. പിടിച്ചെടുത്ത പശുക്കള്‍ പിന്നീട് എങ്ങോട്ടു പോകുന്നു എന്ന് വ്യക്തമല്ല. ഇത്തരം പശുക്കള്‍ തെരുവുകളില്‍ അലഞ്ഞുതിരിയുകയാണ്. കൂടാതെ, വളര്‍ത്തുന്ന മറ്റു പശുക്കളെയും റോഡുകളില്‍ അലഞ്ഞുതിരിയാന്‍ വിടുകയാണ്.
ഇത് വലിയ ഗതാഗതകുരുക്കിനും അപകടങ്ങള്‍ക്കും വഴിവെക്കുന്നു. കൂടാതെ, പ്രായമായതിന്റെ പേരില്‍ ഉപേക്ഷിക്കപ്പെടുന്ന പശുക്കളും അലഞ്ഞു തിരിയുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്നു. ജനങ്ങളെയും പൊലീസിനെയും ഭയന്ന് ഇത്തരം പശുക്കളെ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റിയയ്ക്കാനും ഉടമസ്ഥര്‍ ഭയപ്പെടുന്നതായും കോടതി ചൂണ്ടിക്കാട്ടി.