നാൽപ്പതിനാലാമത് വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ അവാർഡ് സമർപ്പണം ഒക്ടോബർ 27ന്,ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ അവാർഡ് സമർപ്പിക്കും

തിരുവനന്തപുരം : നാൽപ്പത്തി നാലാമത് വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ അവാർഡ് സമർപ്പണം ഒക്ടോബർ 27 ചൊവ്വാഴ്ച നടക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കേരള രാജ്ഭവനിൽ വെച്ച് വൈകിട്ട് 5:30ന് കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഏഴാച്ചേരി രാമചന്ദ്രന് അവാർഡ് സമർപ്പിക്കും. ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപ്പി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിച്ച മനോഹരവും അർത്ഥപൂർണവുമായ ശില്പവുമാണ് അവാർഡ്. അവാർഡ് തുക ആദായനികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്.

ഏഴാച്ചേരി രാമചന്ദ്രൻ എഴുതിയ ‘ഒരു വെർജീനിയൻ വെയിൽകാലം’ എന്ന കൃതിയാണ് അവാർഡിനർഹമായത്.
ഡോ. കെ. പി. മോഹനൻ (സെക്രട്ടറി, കേരള സാഹിത്യ അക്കാദമി), ഡോ. എൻ. മുകുന്ദൻ, പ്രൊഫ. അമ്പലപ്പുഴ ഗോപകുമാർ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്കാരത്തിന് അർഹമായ കൃതി തെരഞ്ഞെടുത്തത്.

ഈ വർഷം 500 പേരോട് പ്രസക്ത കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ച ഏറ്റവും മികച്ച മൂന്ന് കൃതികളുടെ പേരുകൾ നിർദ്ദേശിക്കുവാൻ അപേക്ഷിച്ചിരുന്നു. 165 പേരിൽ നിന്നും നിർദ്ദേശങ്ങൾ ലഭിക്കുകയുണ്ടായി. ഏറ്റവും കൂടുതൽ പോയിന്റുകൾ ലഭിച്ച അഞ്ചു കൃതികൾ തെരഞ്ഞെടുത്ത് 20 പേരുടെ പരിഗണനയ്ക്കായി അയച്ചുകൊടുത്തു. ഇവരുടെ വിലയിരുത്തലിൽ കൃതികൾക്ക് ലഭിച്ച മുൻഗണന ക്രമം ഒന്നാം റാങ്കിന് 11പോയിന്റ്, രണ്ടാം റാങ്കിന് ഏഴു പോയിന്റ്, മൂന്നാം റാങ്കിന് മൂന്ന് പോയിന്റ് എന്ന ക്രമത്തിൽ വിലയിരുത്തി ഏറ്റവും കൂടുതൽ പോയിന്റുകൾ ലഭിച്ച മൂന്ന് കൃതികൾ ജഡ്ജിംഗ് കമ്മിറ്റിയുടെ പരിഗണനയ്‌ക്കു സമർപ്പിച്ചു. ആ മൂന്ന് കൃതികളിൽ നിന്നാണ് അവാർഡിന് അർഹമായ കൃതി തെരെഞ്ഞെടുത്തത്.

മദ്രാസിലെ ആശാൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും മലയാളം ഐച്ഛിക വിഷയമായി എടുത്ത് ഏറ്റവും കൂടുതൽ മാർക്ക്‌ വാങ്ങി പത്താം ക്ലാസ്സ്‌ പാസാവുന്ന വിദ്യാർത്ഥിക്ക് വർഷം തോറും അയ്യായിരം രൂപയുടെ സ്കോളർഷിപ്പ്, വയലാർ രാമവർമ്മയുടെ പേരിൽ വയലാർ ട്രസ്റ്റ്‌ നൽകുന്നുണ്ട്. കുമാരി ജി. സൂര്യ തേജസ്വിനിയാണ് 2020ലെ സ്കോളർഷിപ്പിന് അർഹയായത്.

Leave a Reply

Your email address will not be published. Required fields are marked *