ഇതരമതസ്ഥനുമായി പ്രണയം; മകളുടെ തല മൊട്ടയടിച്ച കുടുംബത്തെ നാടുകടത്തി ഫ്രാന്‍സ്
പാരിസ്: ഇതരമതസ്ഥനുമായുളള പ്രണയബന്ധത്തിന്റെ പേരില്‍ മകളുടെ മൊട്ടയടിച്ച കുടുംബത്തെ നാടുകടത്തി ഫ്രാന്‍സ്.
പതിനേഴ് വയസ്സുകാരിയുെട മാതാപിതാക്കളേയും മൂന്ന് സഹോദരങ്ങളേയുമാണ് നാടുകടത്താന്‍ കോടതി ഉത്തരവിട്ടത്.
മുസ്ലിം മതവിഭാഗക്കാരിയായ പെണ്‍കുട്ടി ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ട യുവാവുമായി പ്രണയബന്ധത്തിലായി. എന്നാല്‍ ഇവരുടെ പ്രണയത്തെ കുടുംബം എതിര്‍ത്തിരുന്നു. തുടര്‍ന്ന് ഇരുവരും ഒളിച്ചോടുകയും തിരിച്ചെത്തുകയും ചെയ്തു. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും തലമൊട്ടയടിക്കുകയും മുറിയില്‍ പൂട്ടിയിടുകയും ചെയ്തു. പിന്നീട് യുവാവിന്റെ വീട്ടുകാര്‍ അറിയിച്ചത് പ്രകാരം പോലീസ് ഇടപെട്ടാണ് ക്രൂരമായ മര്‍ദ്ദനത്തിനിടയായ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്.
സാരമായി പരുക്കേറ്റ പെണ്‍കുട്ടിയുടെ വാരിയെല്ലിന് പൊട്ടലും ശരീരത്തില്‍ നിരവധി മുറിവുകളും
കണ്ടെത്തി.
ഈ രീതിയില്‍ പെണ്‍കുട്ടിയെ മര്‍ദ്ദിച്ചതിന് കുട്ടിയുടെ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ വീട്ടുകാരല്ല ബന്ധുക്കളാണ് തലമൊട്ടയടിച്ചതെന്ന പെണ്‍കുട്ടിയുടെ മൊഴിയില്‍ നിന്ന് മാതാപിതാക്കളെ ജയില്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയെങ്കിലും ഫ്രഞ്ച് മേഖലയില്‍ നിന്ന് അഞ്ച് വര്‍ഷത്തേക്ക് മാറിനില്‍ക്കണമെന്ന് ബെസാന്‍കോണ്‍ കോടതി ഉത്തരവിടുകയായിരുന്നു.