സപ്‌ളൈക്കോ വില കൂട്ടി; നെല്‍സംഭണം അവതാളത്തില്‍, അവശ്യസാധനങ്ങളുടെ വിലക്കയറ്റം: സര്‍ക്കാര്‍ നിര്‍ജീവമമെന്ന് ഉമ്മന്‍ ചാണ്ടി

കോവിഡ് ദുരിതങ്ങള്‍ക്കിടയില്‍ അവശ്യസാധനങ്ങളുടെ കുത്തനെയുള്ള വിലവര്‍ധനമൂലം ജനം നട്ടംതിരിയുമ്പോള്‍ സര്‍ക്കാര്‍ കയ്യുംകെട്ടി നില്ക്കുകയാണെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അഞ്ചുവര്‍ഷത്തേക്ക് സപ്ലൈക്കോ വില കൂട്ടില്ലെന്ന വാഗ്ദാനം കാറ്റില്‍പ്പറന്നു. നെല്‍സംഭരണത്തിലെ ഗുരുതമായ വീഴ്ചമൂലം നെല്‍കര്‍ഷകര്‍ വന്‍ പ്രതിസന്ധിയിലുമായി.

ഒറ്റമാസത്തിനിടയില്‍ നിത്യോപയോഗസാധനങ്ങളുടെ വിലയില്‍ അമ്പരിപ്പിക്കുന്ന വര്‍ധനവ് ഉണ്ടായി. സവാള വില 25രൂപയില്‍ നിന്ന് 90 രൂപ. ഉള്ളി 35 രൂപയില്‍ നിന്ന് 120 രൂപയിലെത്തി. മൊത്തവിലയിലെ വര്‍ധനവാണിത്. ചെറുകിടവില 10 ശതമാനം കൂടി കൂടും.

മറ്റു ചില സാധനങ്ങളുടെ ഇപ്പോഴത്തെ വിലയും ബ്രാക്കറ്റില്‍ പഴയ വിലയും: വെളുത്തുള്ളി (60) 140, ബീന്‍സ് (20) 40, കാരറ്റ് (35) 100, പാവയ്ക്ക (30) 75, പച്ചമുളക് (30) 60, മുരിങ്ങക്ക (30) 60.

വെളിച്ചെണ്ണ വില സര്‍ക്കാര്‍ 185 രൂപയില്‍ നിന്ന് 200 ആക്കി. പാമോയില്‍ വില 78 രൂപയില്‍ നിന്ന് 90 ആയി.

സപ്ലൈക്കോയില്‍ 5 വര്‍ഷത്തേക്ക് ഒരു സാധനത്തിനും വില വര്‍ധിപ്പിക്കില്ലെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ സര്‍ക്കാര്‍ മിക്ക സാധനങ്ങളുടെയും വില വര്‍ധിപ്പിച്ചു. 2016ല്‍ ചെറുപയറിന്റെ വില 66 ആയിരുന്നത് ഇപ്പോള്‍ 74 രൂപ. ശബരി ചായപ്പൊടി 165 രൂപയില്‍നിന്ന് 172 ആയി. ചിക്കന്‍ മസാല, മീറ്റ് മസാല, ഫിഷ് മസാല എന്നിവയുടെ വില കൂട്ടി. സാമ്പ പൗഡര്‍, രസം പൗഡര്‍ വില കൂടി. പുട്ട,് അപ്പം പൊടി വില 44 രൂപയില്‍ നിന്ന് 63 രൂപയായി. വാഷിംഗ് സോപ്പിന്റെ വില 19.50 രൂപയില്‍നിന്ന് 22 രൂപയിലെത്തി.

ഇതിനിടെ നെല്‍ സംഭരണത്തിലെ ഗുരുതരമായ വീഴ്ചമൂലം കര്‍ഷകര്‍ ദുരിതത്തിലായി. കൊയ്ത നെല്ല് കനത്ത മഴയില്‍ പാടത്തുകിടന്നു കിളര്‍ക്കുന്നു. ബാക്കിയുള്ളത് കൊയ്യാനാകാതെ കര്‍ഷകര്‍ നട്ടംതിരിയുന്നു.

മില്ലുകളെ ഉപയോഗിച്ച് സപ്‌ളൈക്കോ വഴിയുള്ള നെല്ലു സംഭരണം നിര്‍ത്തലാക്കാനാണ് സര്‍ക്കാരിന്റെ നീക്കം. പകരം സൊസൈറ്റികള്‍ വഴി സംഭരിക്കാന്‍ ലക്ഷ്യമിടുന്നു. എന്നാല്‍ സൊസൈറ്റികള്‍ക്ക് നെല്ല് സംഭരിക്കാനുള്ള സംവിധാനം ഇല്ല. പ്രളയകാലത്ത് ഉണ്ടായ 16 കോടി രൂപയുടെ നഷ്ടം നികത്തണം എന്നതാണ് മില്ലുകളുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരും മില്ലുടമകളും തമ്മില്‍ ഒരു ചര്‍ച്ചപോലും നടക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *