കൂടാരത്തിനകത്ത് ,എന്നാൽ ജോസ് പക്ഷത്തിന് എൽഡിഎഫിൽ കടമ്പകൾ ബാക്കി
കാഞ്ഞിരപ്പള്ളി സീറ്റിൽ സിപിഐയും പാലാ സീറ്റിൽ എൻസിപിയും പിടിമുറുക്കിയതോടെ ജോസ് പക്ഷത്തിനു എൽഡിഎഫിൽ കടമ്പകൾ ബാക്കി .പാലാ മണ്ഡലത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ട എന്നതാണ് എൻസിപി നിലപാട് .ഇന്ന് കൊച്ചിയിൽ എൻസിപി നേതൃയോഗവും ഹൈപവർ കമ്മിറ്റിയും യോഗം ചേരുന്നുണ്ട് .തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ആണ് പൊതുവിൽ ചർച്ച ചെയ്യുന്നതെങ്കിലും പാലാ സീറ്റ് സംബന്ധിച്ച് ചർച്ച ഉയരും .
ധൃതി പിടിച്ച് തീരുമാനം വേണ്ടെന്നാണ് എൻസിപിയുടെ തീരുമാനം .എന്നാൽ മാണി സി കാപ്പന്റെ നീക്കങ്ങളിൽ നേതൃത്വം സംശയം പ്രകടിപ്പിക്കുന്നുണ്ട് .മാണി സി കാപ്പനെ അനുനയിപ്പിക്കും വിധം തീരുമാനം സിപിഐഎം കൈക്കൊള്ളുമെന്ന് എൻസിപി നേതൃത്വം കരുതുന്നു .
കാഞ്ഞിരപ്പള്ളിയുടെ കാര്യത്തിൽ സിപിഐ കടുംപിടുത്തം തുടരുകയാണ് .കേരള കോൺഗ്രസ് എം മുന്നണിയിലേക്ക് വരുന്നത് വലിയ മാറ്റം ഉണ്ടാകില്ലെന്ന് സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി സി കെ ശശിധരൻ പരസ്യമായി തന്നെ പറഞ്ഞു കഴിഞ്ഞു .എന്നാൽ തെരഞ്ഞെടുപ്പാണ് മുന്നിലെന്നും ജോസ് പക്ഷം ഇടതുമുന്നണിയ്ക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചത് നല്ലതാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞത് ശുഭ സൂചന ആയാണ് മുന്നണിയിലെ മറ്റു ഘടക കക്ഷികൾ കരുതുന്നത് .
സീറ്റു ധാരണ ആയില്ലെന്നാണ് ജോസ് പക്ഷം പരസ്യമായി പറയുന്നത് .എന്നാൽ പാലായും കാഞ്ഞിരപ്പള്ളിയും വിട്ടുകൊടുത്ത് കൊണ്ട് ഒരു വിട്ടുവീഴ്ച അണികളെ ബോധ്യപ്പെടുത്താൻ വിഷമകരമാകുമെന്നു ജോസ് പക്ഷം തിരിച്ചറിയുന്നു .രണ്ട് സീറ്റുകളും നൽകാമെന്ന സിപിഐഎം വാഗ്ദാനത്തിലാണ് പാർട്ടിയുടെ പ്രതീക്ഷ .