NEWS

മുഖ്യമന്ത്രിയിലേക്ക് അധികാരം കേന്ദ്രീകരിയ്ക്കാൻ റൂൾസ് ഓഫ് ബിസിനസ് ഭേദഗതി എന്ന വാർത്ത തെറ്റ്,മന്ത്രിമാർ വിയോജിച്ചു എന്ന വാർത്ത അടിസ്ഥാനരഹിതം, വിശദീകരണവുമായി മന്ത്രി എ കെ ബാലൻ

റൂൾസ് ഓഫ് ബിസിനസ് ഭേദഗതി സംബന്ധിച്ചാണ് വാർത്തക്കെതിരെ നിയമ മന്ത്രി എ കെ ബാലൻ.
നിയമസഭയുടെ നടപടിക്രമങ്ങൾ പോലെ തന്നെ കാബിനറ്റ് ഉൾപ്പെടുന്ന ഭരണനിർവഹണ സംവിധാനത്തിനും ( എക്സിക്യൂട്ടീവ്) നടപടിക്രമങ്ങളുണ്ട്. നിയമസഭയുടെ നടപടിക്രമങ്ങൾ നിയമസഭ തന്നെ രൂപം കൊടുക്കുന്ന റൂൾസ് ഓഫ് പ്രൊസീഡ്യൂർ അനുസരിച്ചാണ് നടത്തുന്നത്. ഭരണനിർവഹണ സംവിധാനത്തിൻ്റെ നടപടിക്രമങ്ങളെയാണ് റൂൾസ് ഒഫ് ബിസിനസ് എന്നു പറയുന്നത്. ഭരണഘടനയുടെ 166-ാം അനുഛേദപ്രകാരം ഗവർണറാണ് റൂൾസ് ഓഫ് ബിസിനസ് രൂപപ്പെടുത്തുന്നത്.

റൂൾസ് ഓഫ് ബിസിനസിന് രണ്ട് ഭാഗങ്ങളുണ്ട്. ഏതെല്ലാം തലത്തിലാണ് ഗവണ്മെൻ്റിൻ്റെ ബിസിനസ് തീർപ്പ് കൽപ്പിക്കേണ്ടത്, ഗവർണർ, മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവർക്ക് നൽകേണ്ട വിഷയങ്ങൾ ഏതൊക്കെ, എതെല്ലാം വിഷയങ്ങൾ കൗൺസിലിൽ വെക്കണം എന്നീ കാര്യങ്ങളാണ് റൂൾസ് ഓഫ് ബിസിനസിൻ്റെ ഒന്നാം ഭാഗത്തിലുള്ളത്. സർക്കാരിൻ്റെ മൊത്തം വകുപ്പുകളുടെ ലിസ്റ്റും ആ വകുപ്പുകൾക്ക് എങ്ങനെയാണ് നിലവിലുള്ള വിഷയങ്ങൾ വീതിച്ചു കൊടുത്തിരിക്കുന്നതും എന്നതാണ് രണ്ടാം ഭാഗത്തിലുള്ളത്.

റൂൾസ് ഓഫ് ബിസിനസിൻ്റെ ഒന്നാം ഭാഗത്തിൽ ഭേദഗതി വരുത്തിയിട്ട് 20 വർഷത്തിലധികമായി. രണ്ടാം ഭാഗത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. റൂൾസ് ഓഫ് ബിസിനസിൽ കാലോചിതമായ ഭേദഗതികൾ അനിവാര്യമായി വരാറുണ്ട്. ഉദാഹരണമായി കോവിഡ്- 19 ൻ്റെ പ്രത്യേക സാഹചര്യത്തിൽ മന്ത്രിസഭാ യോഗം ഓൺലൈനായി ചേരുന്നു. ഇതിന് നിലവിലുള്ള റൂൾസ് ഓഫ് ബിസിനസിൽ വ്യവസ്ഥയില്ല. ധനകാര്യ വകുപ്പുമായി ആലോചിക്കേണ്ട വിഷയങ്ങളിലെ തുകയുടെ പരിധി 20 വർഷം മുമ്പ് നിശ്ചയിച്ചതാണ്. അത് കാലോചിതമായി ഉയർത്തേണ്ടതുണ്ട്. കാലഹരണപ്പെട്ട ചില സംജ്ഞകൾ ഒഴിവാക്കേണ്ടതുണ്ട്. ചില തസ്തികകൾ ഒഴിവാക്കേണ്ടതുണ്ട്. പുതിയ കാലത്തിൻ്റെ ആവശ്യമനുസരിച്ച് പുതിയ തസ്തികകൾ ഉൾപ്പെടുത്തേണ്ടതുണ്ട്. ഭരണത്തിന് വേഗത കൂട്ടാനും കൂടുതൽ സുതാര്യമാക്കാനും ആവശ്യമായ ഭേദഗതികളാണ് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്.

റൂൾസ് ഓഫ് ബിസിനസിൽ കാലോചിതമായി വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് ഔദ്യോഗിക തലത്തിൽ തയാറാക്കിയ ഭേദഗതിയുടെ കരടാണ് കാബിനറ്റിനു മുന്നിൽ വന്നത്. കാബിനറ്റ് ആ കരട് സബ് കമ്മിറ്റിയുടെ പരിശോധനക്കായി വിട്ടു. സബ് കമ്മിറ്റി ആ കരട് പരിശോധിച്ച് കാബിനറ്റിനു മുന്നിൽ വെക്കും. കാബിനറ്റ് അംഗീകരിച്ചാണ് അത് ഗവർണർക്ക് അയക്കുക . ഗവർണർ അംഗീകരിച്ചാൽ മാത്രമേ റൂൾസ് ഓഫ് ബിസിനസ് ഭേദഗതി ഭരണഘടനാപരമായി പ്രാബല്യത്തിൽ വരികയുള്ളൂ. ഇത് നിയമസഭ പരിഗണിക്കേണ്ടതില്ല.

ഭേദഗതി സംബന്ധിച്ച് കാബിനറ്റ് സബ് കമ്മറ്റി അന്തിമമായ റിപ്പോർട്ട് നൽകിയിട്ടില്ല. അത് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. സബ് കമ്മിറ്റി റിപ്പോർട്ട് അന്തിമമായി തയാറാകുന്നതുവരെ ഇത്തരം മുൻവിധികളും സങ്കൽപങ്ങളും തീർത്തും അയഥാർഥമാണ്.

മന്ത്രിമാർ വിയോജിച്ചു എന്ന വാർത്ത അടിസ്ഥാനരഹിതമാണ്. മുഖ്യമന്ത്രിയിൽ അധികാരം കേന്ദ്രീകരിക്കാൻ പോകുന്നുവെന്ന പരാമർശം മുഖ്യമന്ത്രിയെ അപമാനിക്കാനുള്ള ബോധപൂർവമായ ശ്രമമാണ്. അടുത്ത കാലത്തായി ഗവണ്മെൻ്റിനും മുഖ്യമന്ത്രിക്കുമെതിരായി മാധ്യമങ്ങൾ പൊതുവിൽ നടത്തിവരുന്ന പ്രചാരണരീതിയുടെ തുടർച്ചയാണിത്.

ഇതുമായി ബന്ധപ്പെട്ട ഒരു വസ്തുതയും മനസ്സിലാക്കാതെ പ്രതിപക്ഷ നേതാവ് പ്രതികരിച്ചതുകൊണ്ടാണ് ഇത്രയും കാര്യങ്ങൾ വിശദീകരിക്കേണ്ടി വന്നത്. വസ്തുതാപരമല്ലാത്ത ഒരു വാർത്തയുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് പ്രതികരിച്ചത് ഉചിതമായില്ലെന്നും മന്ത്രി പ്രസ്താവനയിലൂടെ പറഞ്ഞു.

Back to top button
error: