വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ക്കായി റവന്യു ഭൂമി പാട്ടത്തിന്, അഴിമതി ആരോപണവുമായി രമേശ് ചെന്നിത്തല
പ്രധാന പാതകളില്‍ വഴിയോര വിശ്രകേന്ദ്രങ്ങള്‍ ഉണ്ടാക്കുന്നതിനായി ഐ ഒ സിയും, 2019 ആഗസ്റ്റില്‍ തുടങ്ങിയ ഓവര്‍സീസ് കേരളൈറ്റസ് ഇന്‍വസ്റ്റ്മെന്റ് ആന്റ് ഹോള്‍ഡിംഗ് ലിമറ്റഡ് എന്ന കമ്പനിയും തമ്മിലുള്ള ധാരണപത്രത്തിന് സര്‍ക്കാരിന്റെ അംഗീകാരം നല്‍കിയതാണി ഉത്തരവ്. റെസ്റ്റ് സ്റ്റോപ്പ് എന്ന ബ്രാന്‍ഡ് നെയിമിലാണ് ഈ കമ്പനി രൂപീകരിക്കുന്നത്.
74 ശതമാനം പ്രവാസി മലയാളികളുടെയും ഓഹരിയും 26 ശതമാനം സര്‍ക്കാര്‍ ഓഹരിയും ഉള്ള കമ്പനിയാണ് ഓവര്‍സീസ് കേരളൈറ്റസ് ഇന്‍വസ്റ്റ്മെന്റ് ആന്റ് ഹോള്‍ഡിംഗ് ലിമറ്റഡ്. ജില്ലാ ദേശീയ പാതയോരങ്ങളില്‍ അന്താരാഷ്ട്ര നിലവാരമുള്ള വഴിയോര വിശ്രകേന്ദ്രങ്ങളുണ്ടാക്കാന്‍ രണ്ട് മുതല്‍ നാല് വരെ ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഈ കമ്പനിക്ക് ഏറ്റെടുത്ത് നല്‍കണമെന്നാണ് ഈ ധാരണാപത്രത്തില്‍ പറയുന്നു.
ഈ കമ്പനിയില്‍ സര്‍ക്കാര്‍ പ്രതിനിധികളെ കൂടാതെ ഒ വി മുസ്തഫ, ബാജു ജോര്‍ജ്ജ് പരപ്പാട് എന്നിവരെ കൂടി ഉള്‍പ്പെടുത്തിയതായി കാണുന്നു.
എന്റെ അന്വേഷണത്തില്‍ പതിനാലോളം കമ്പനികളുടെ ഡയറക്ടര്‍ ആണ് ഒ വി മുസ്തഫ. ഇതില്‍ വളരെ ദുരൂഹമായ കാര്യം ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഈ രണ്ട് പേരെ ഈ കമ്പനികളില്‍ നിയമിച്ചതെന്ന് വ്യക്തമാക്കണം.
ആലപ്പുഴ, എറണാകുളം, വയനാട് എന്നീ മൂന്ന് ജില്ലകളിലാണ് ഈ പാതയോര വിശ്രമ കേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടത്.
ആലപ്പുഴയില്‍ ചേര്‍ത്തല താലൂക്കില്‍ മാരാരിക്കുളം വടക്ക് ജില്ലയില്‍ ബ്‌ളോക്ക് റീസര്‍വ്വേ 281/14 ല്‍പ്പെട്ട സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരളയുടെ ഭൂമി രണ്ടു മുതല്‍ നാല് ഏക്കര്‍ വരെ ഭൂമി നല്‍കാകാനാണ് നീക്കം നടക്കുന്നത്. ഈ ഭൂമിയില്‍ വിശ്രമ കേന്ദ്രം തുടങ്ങാന്‍ തത്വത്തില്‍ നോര്‍ക്ക് വകുപ്പ് അനുമതി നല്‍കിയിരിക്കുകയാണ്. പൊതു മേഖലാ സ്ഥാപനങ്ങലുടെ ഭൂമി സ്വകാര്യ വ്യക്തികള്‍ക്കെത്തുന്ന എളുപ്പ വഴിയാണിത്. ഈ കമ്പനിയില്‍ സര്‍ക്കാരിന് മൈനോറിട്ടി ഷെയറേ ഉള്ളൂ.
പാതയോര വിശ്രമ കേന്ദ്രങ്ങള്‍ അഥവാ way side amenities സംസ്ഥാനത്തുണ്ടാകുന്നതിന് എതിരല്ല. പക്ഷേ അതിന്റെ പേരില്‍ സര്‍ക്കാര്‍ സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കാനാണ് പല വഴിയിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആദ്യം പൊതു മരാമത്ത് വകുപ്പ് വഴിയാണ് ഇതിനുള്ള നീക്കം നടന്നത്. സര്‍ക്കാര്‍ വക ഭൂമിയുടെ കസ്റ്റോഡിയന്മാരായ റവന്യൂ വകുപ്പിനെയും സി.പി.ഐക്കാരനായ റവന്യൂ മന്ത്രിയെയും അറിയാക്കാതെയാണ് സി.പി.എം നിയന്ത്രണത്തിലുള്ള പൊതു മരാമത്ത് വകുപ്പ് പ്രധാന പാതകളുടെ വശങ്ങളിലുള്ള ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കാന്‍ നീക്കം നടന്നത് . ഇതിനെതിരെ റവന്യു മന്ത്രി നല്‍കിയ കത്ത് ഞാന്‍ നിയമസഭയില്‍ ഉന്നയിച്ചിരുന്നു.
തുടര്‍ന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ നയന്ത്രണത്തിലുള്ള നോര്‍ക്കാ വകുപ്പ് ഭൂമി തട്ടിപ്പിനായി മറ്റൊരു രൂപത്തില്‍ രംഗത്തെത്തിയിരിക്കുന്നത്.
നേരത്തെ 23-7-2020 ല്‍ 56/2020 ആയി പൊതുമരാമത്ത് വകുപ്പ് ഇറക്കിയ ഉത്തരവിലാണ് ദേശീയ പാതയുള്‍പ്പെടെ കേരളത്തിലെ പ്രധാനപാതകള്‍ക്കരികിലുള്ള പതിനഞ്ചോളം പ്രധാന കേന്ദ്രങ്ങളില്‍ വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ സ്വകാര്യ വ്യക്തികള്‍ക്ക് സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കാനുള്ള നടപടി ആദ്യം തുടങ്ങിയത്. ഒരോ സ്ഥലത്തും ഒരേക്കറിലധികം സര്‍ക്കാര്‍ ഭൂമിയാണ് ടെണ്ടര്‍ വിളിച്ച് പാട്ടത്തിന് നല്‍കുന്നതിനായി ഈ ഉത്തരവിലൂടെ അനുമതി നല്‍കിയത്.
എന്നാല്‍ ഭൂമിയുടെ യഥാര്‍ത്ഥ ഉടമസ്ഥനായ സംസ്ഥാന റവന്യു വകുപ്പാകട്ടെ പൊതുമരാമത്ത് വകുപ്പ് ഇറക്കിയ ഇത്തരത്തിലൊരു ഉത്തരവിനെപ്പറ്റി അറിഞ്ഞിട്ടേയില്ലായിരുന്നു. സര്‍ക്കാര്‍ ഭൂമിയിലുള്ള ഒരു ക്രയവിക്രയങ്ങളും റവന്യു വകുപ്പിന്റെ അനുമതിയില്ലാതെ നടത്തരുതെന്ന് 116/ 2019 ആയി റവന്യു വകുപ്പ് ഇറക്കിയ സര്‍ക്കുലറില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഈ ഉത്തരവ് നിലനില്‍ക്കെ തന്നെയാണ് സ്വകാര്യ വ്യക്തികള്‍ക്ക് റവന്യു ഭൂമി പാട്ടത്തിന് നല്‍കാനുള്ള ടെണ്ടര്‍ വിളിക്കാന്‍ ക്രമ വിരുദ്ധമായും ചട്ടവിരുദ്ധമായും പൊതുമരാമത്ത് വകുപ്പ് ഉത്തരവ് നല്‍കിയത്.
ഇത്തരം way side amenities തുടങ്ങാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ പ്രോപ്പോസല്‍ സര്‍ക്കാരിന്റെ കയ്യിലിരിക്കുമ്പോഴാണ് സ്വകാര്യ വ്യക്തികള്‍ക്ക് ഭൂമി നല്‍കാന്‍ ടെണ്ടര്‍ വിളിക്കാന്‍ തിരുമാനിച്ചത്. പൊതുമാരമത്ത് വകുപ്പ് നടപടിക്രമങ്ങള്‍ ഒന്നും പാലിക്കാതെയും ചട്ട വിരുദ്ധമായും മന്ത്രിസഭയുടെ അനുമതി വാങ്ങാതെയുമാണ് ഇത് ചെയ്തതെതെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ തന്നെ കുറിപ്പെഴുതുകയും ചെയ്തിരുന്നു.
24-8-2020 ല്‍ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഈ വിഷയം ഞാന്‍ സഭയിലുന്നയിച്ചു. ടെണ്ടര്‍ വിളിച്ചിട്ടുണ്ട്, പക്ഷെ ആര്‍ക്കും ഭൂമി കൊടുത്തിട്ടില്ലന്ന് പറഞ്ഞ് ഒഴിയുകയാണ് അന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ ചെയ്തത്.
അതിന് ശേഷമാണ് പുതിയ ഇടപാടുമായി നോര്‍ക്ക രംഗത്തെത്തിയിരിക്കുന്നത്. 23/ 9/2020 ല്‍ 503/2020 ആയി നോര്‍ക്ക വകുപ്പ് ഇറക്കിയ ഉത്തരവില്‍ നോര്‍ക്കയുടെ കീഴിലുള്ള സ്വകാര്യ സംരംഭമായ ഓവര്‍സീസ് കേരളൈറ്റ് ആന്റ് ഇന്‍വസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ് ലിമിറ്റഡ് എന്ന കമ്പനി ഐ ഒ സിയുമായി ചേര്‍ന്ന് way side amenities ആരംഭിക്കാന്‍ എം ഒ യു ഒപ്പ് വച്ചുവെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇതിന് വേണ്ടി പാതയോരത്തെ സര്‍ക്കാര്‍ വക ഭൂമി നല്‍കുകയാണ്.
ഈ എന്നാല്‍ ഈ ഉത്തരവും റവന്യു വകുപ്പ് അറിഞ്ഞുകൊണ്ടോ റവന്യു വകുപ്പിന്റെ അനുമതിയോട് കൂടിയോ അല്ല.
മാത്രമല്ല പൊതുമരാമത്ത് വകുപ്പ് നേരത്തെ ഇറക്കിയ ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് നോര്‍ക്ക അതേ പദ്ധതി നടത്താന്‍ മറ്റൊരു ഉത്തരവ് ഇറക്കുന്നത്. ഒരു സര്‍ക്കാരിലെ രണ്ട് വകുപ്പുകള്‍ ഒരേ പദ്ധതി നടത്താന്‍ വേണ്ടി രണ്ട് ഉത്തരവുകള്‍ ഇറക്കുക എന്ന വിചിത്രമായ കാര്യമണ് ഇവിടെ നടന്നിരിക്കുന്നത്. റവന്യു വകുപ്പ് അറിയാതെ ഭൂമി കൈമാറ്റം സംബന്ധിച്ച ഒരു നടപടിയും പാടില്ലന്ന് അവരുടെ ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് ഇത്.
രണ്ടു വകുപ്പുകള്‍ പരസ്പരം അറിയാതെ ഒരേ കാര്യം ചെയ്യുന്നു. റവന്യൂ വകുപ്പിനെ ഇരുളില്‍ നിര്‍ത്തുകയും ചെയ്യുന്നു. എന്തു കൂട്ടുത്തരവാദിത്തമാണിത്?
അഞ്ച് ചോദ്യങ്ങളാണ് സര്‍ക്കാരിനോട് ചോദിക്കാനുള്ളത്
1 ഇതിന്റെ എം ഒ യു പുറത്ത് വിടാമോ?
2. ഇക്കാര്യത്തില്‍ റവന്യു മന്ത്രിയുടെ അഭിപ്രായം എന്താണ്?
3. കമ്പനി ഡയറക്ടര്‍ ബോര്‍ഡിലേക്ക് ഒ വി മുസ്തഫയെയും ബാജു ജോര്‍ജ്ജിനെയും തിരഞ്ഞെടുത്തതിന്റെ മാനദണ്ഡം എന്താണ്.?
4. ഇതിന് കാബിനറ്റിന്റെ അംഗീകാരമുണ്ടോ?
5. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐ ഒ സി നേരിട്ട് നടത്താമെന്ന് പറഞ്ഞിട്ട് എന്ത് കൊണ്ട് അവര്‍ക്ക് കൊടുക്കുന്നില്ല?
26 ശതമാനം സര്‍ക്കാരിനും 74 ശതമാനം സ്വകാര്യ വ്യക്തികള്‍ക്കും ഷെയര്‍ ഉള്ള സംരംഭമാണ് ഓവര്‍സീസ് കേരളൈറ്റ് ആന്റ് ഇന്‍വസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ് ലിമിറ്റഡ് എന്ന കമ്പനി.
ആരൊക്കെയാണ് ഈ റെസ്റ്റോപ്പ് കമ്പനിയുടെ ഡയക്ടര്‍മാര്‍ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഈ കമ്പനിയില്‍ സര്‍ക്കാരിന് ഷെയര്‍ ഉണ്ടോ?
കോടികള്‍ വിലയുള്ള സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് വളഞ്ഞ വഴിയിലൂടെ ചുളുവില്‍ നല്‍കാന്‍ പോവുകയാണ്. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ പോകുമ്പോള്‍ നടത്തുന്ന കടുംവെട്ടാണിത്.
പൊതു മരാമത്ത് വകുപ്പിന്റെ കയ്യേറ്റം വൈകിയാണെങ്കിലും തടഞ്ഞ റവന്യൂ മന്ത്രി നോര്‍ക്കാ വകുപ്പിന്റെ ഈ നീക്കം അറിഞ്ഞിട്ടുണ്ടോ എന്ന് അദ്ദേഹം വ്യക്തമാക്കണം.