നടി റിയ ചക്രവര്‍ത്തിയുടേയും ഷൊവിക്കിന്റെയും ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി
മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട
ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ നടി റിയ ചക്രവര്‍ത്തിയുടേയും സഹോദരന്‍ ഷൊവിക്കിന്റെയും ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി. മുംബൈയിലെ പ്രത്യേക കോടതിയാണ് ഇരുവരുടെയും ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയത്.
ഇതിനെ തുടര്‍ന്ന് റിയയും സഹോദരന്‍ ഷൊവിക്കും 20 വരെ ജയിലില്‍ തുടരും. സുശാന്തിന് ലഹരിമരുന്നു ലഭ്യമാക്കാന്‍ ഇടപെട്ടെന്ന കുറ്റത്തിന് സെപ്റ്റംബര്‍ 9നായിരുന്നു റിയ അറസ്റ്റിലായത്. റിയയും ഷൊവിക്കും ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും സുശാന്തിന് ലഭ്യമാക്കിക്കൊടുക്കുകയായിരുന്നുവെന്നും നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ ലഹരിമരുന്ന് ഉപയോഗിച്ചതിനേക്കാള്‍ ഗുരുതര കുറ്റമാണ് ഇതിനായി പണം ചെലവഴിക്കുന്നത്.
റിയ ചക്രവര്‍ത്തി ബോളിവുഡിലെ ഉന്നതരെ ലഹരി മാഫിയയുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണെന്നാണ് നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ
ബോംബെ ഹൈക്കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു.
ജൂണ്‍ 14നാണ് മുംബൈയിലെ അപ്പാര്‍ട്‌മെന്റില്‍ സുശാന്തിനെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. റിയ സുശാന്തിനെ മാനസികമായി തളര്‍ത്തിയെന്നും നടന്റെ പണം അപഹരിച്ചെന്നും മരണത്തില്‍ പങ്കുണ്ടെന്നുമാണ് കുടുംബത്തിന്റെ ആരോപണം. മുംബൈ പൊലീസ് അന്വേഷിച്ചിരുന്ന കേസ് ഇപ്പോള്‍ സിബിഐയാണ് അന്വേഷിക്കുന്നത്.