NEWS

കൂടത്തായി കേസിന് ഇന്ന് ഒരു വര്‍ഷം

കേരളത്തെയാകെ ഞെട്ടിച്ച കൂടത്തായി കൊലപാതക കേസിന് ഇന്ന് ഒരു വര്‍ഷം. ഒരു കുടുംബത്തിലെ ആറ് പേരുടെ കൊലപാതകം നാടിനെ നാടുക്കുന്നതായിരുന്നു. 14 വര്‍ഷത്തിനിടെയുണ്ടായ ആറ് മരണങ്ങള്‍. കൊലപാതകമാണെന്ന് തെളിഞ്ഞത് വീണ്ടും മൂന്ന് വര്‍ഷം കഴിഞ്ഞ്.

2019 ജൂലൈയില്‍ ബന്ധുക്കളുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് പൊന്നാമറ്റം റോയിയുടെ സഹോദരന്‍ റോജോ വടകര റൂറല്‍ എസ്പിക്ക് പരാതി നല്‍കി. എസ്പി കെ.ജി.സൈമണ്‍ അന്വേഷണം സ്‌പെഷല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജിനു കൈമാറി. ആറു മരണങ്ങളിലും ദുരൂഹതയുണ്ടെന്നും കൊലപാതക സാധ്യതയുണ്ടെന്നുമായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. ജില്ലാ സി ബ്രാഞ്ച് ഡിവൈഎസ്പി ആര്‍.ഹരിദാസന്റെ നേതൃത്വത്തില്‍ ആറു മരണങ്ങളും കൊലപാതകമാണെന്ന് ഉറപ്പിച്ചതോടെ രണ്ട് പള്ളികളിലെ മൂന്ന് കല്ലറകളിലായി അടക്കിയ മൃതദേഹങ്ങള്‍ പുറത്തെടുത്ത് വിദഗ്ധ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

കല്ലറ തുറന്നതിനു പിന്നാലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒന്നാംപ്രതി ജോളി ജോസഫ്, സയനൈഡ് എത്തിച്ചുനല്‍കിയ എം.എസ്. മാത്യു, സയനൈഡ് കൈമാറിയ പ്രജികുമാര്‍ എന്നിവരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഈ അറസ്റ്റ് രേഖപ്പെടുത്തിയതോടെയാണ് ഈ മരണം കൊലപാതകമെന്ന് പുറംലോകമറിഞ്ഞത്. പിന്നീട് കൊലപാതക ശ്രമങ്ങളുടെ ഞെട്ടിക്കുന്ന കഥകളാണ് പുറത്തുവന്നത്. ആറ് കൊലപാതകങ്ങളും ആറ് സംഘങ്ങളാണ് അന്വേഷിച്ചത്.

ടോം തോമസ് പൊന്നാമറ്റം നേരത്തെ വെറുമൊരു മേല്‍വിലാസം മാത്രമായിരുന്നു. എന്നാല്‍ പിന്നീട് ഈ വീട് കേരളത്തിലെ ഒരുപ്രധാന ചര്‍ച്ചാവിഷയമായി മാറി.
ഈ വീട്ടിലെ അംഗമായിരുന്ന ജോളി ജോസഫെന്ന വീട്ടമ്മയാണ് ആറ് കൊലപാതകങ്ങളും ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. പ്ലസ്ടു യോഗ്യതമാത്രമുള്ള വീട്ടമ്മ എന്‍ഐടി പ്രഫസറായി വേഷം കെട്ടിയതും സയനൈഡ് ഉപയോഗിച്ചു ബന്ധുക്കളെ കൊലപ്പെടുത്തിയതുമെല്ലാം നടുക്കത്തോടെയാണ് കേരളം കേട്ടത്.

2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് ഒരേ കുടുംബത്തിലെ ആറുപേര്‍ സമാന സാഹചര്യത്തില്‍ മരിച്ചത്. പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ മാത്യു, മകന്‍ റോയ് തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജുവിന്റെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരാണ് മരിച്ചത്. അന്വേഷണത്തില്‍ നിന്ന് റോയ് തോമസിന്റെ ഭാര്യ ജോളി ജോസഫാണ് ആറ് കൊലപാതകങ്ങളും നടത്തിയതെന്ന് പൊലീസ് കണ്ടെത്തി.
കേസില്‍ പിന്നീട് ടോം തോമസിന്റെ സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ ഒസ്യത്തുണ്ടാക്കാന്‍ സഹായിച്ച സിപിഎം കട്ടാങ്ങല്‍ മുന്‍ ലോക്കല്‍ സെക്രട്ടറി ഇ.മനോജ്കുമാര്‍, വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയ നോട്ടറി സി.വിജയകുമാര്‍ എന്നിവരെ പിന്നീട് റോയ് തോമസ് വധത്തില്‍ പ്രതിചേര്‍ത്തു.

ഭര്‍തൃമാതാവിനെ വിഷം കൊടുത്തും മറ്റ് അഞ്ചുപേരെ സയനൈഡ് നല്‍കിയുമാണ് ജോളി ഈ ക്രൂരകൃത്യം ചെയ്തത്. സ്വത്ത് തട്ടിയെടുക്കാനും ഷാജുവിനെ വിവാഹം കഴിക്കാനുമായിരുന്നു കൊലപാതകം.

അതേസമയം, കൊല്ലപ്പെട്ട സിലിയുടെ ശരീരത്തില്‍ സയനൈഡിന്റെ അംശമുണ്ടെന്ന് ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തി. സയനൈഡ് ഉള്ളില്‍ച്ചെന്നാണ് റോയ് തോമസിന്റെ മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമായിരുന്നു. മറ്റ് നാലുപേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഹൈദരാബാദിലെ നാഷനല്‍ ഫൊറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് നിയന്ത്രണം കാരണം എത്തിക്കാനായില്ല. ആറ് കേസിലെയും കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞു. റോയ് തോമസ്, സിലി വധക്കേസുകളില്‍ പ്രാരംഭ വാദം തുടങ്ങി. ജോളി ജോസഫ്, എം.എസ്.മാത്യു എന്നിവര്‍ ജയിലിലാണുള്ളത്. മൂന്നാംപ്രതി പ്രജികുമാറിന് ജാമ്യം ലഭിച്ചു.

ഒരുവര്‍ഷം പിന്നിടുമ്പോഴും കേസില്‍ പ്രതിയല്ലെന്ന വാദമാണ് ജോളിയുടെ അഭിഭാഷകന്‍ നിരത്തുന്നത്. കേസിന്റെ വിചാരണ നടപടികള്‍ ഇപ്പോഴും കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പുരോഗമിക്കുകയാണ്.

Back to top button
error: