ബാബ്‌റി മസ്ജിദ് കേസിൽ എൽകെ അദ്വാനിയെയും കൂട്ടരെയും കോടതി വെറുതെ വിടാൻ കാരണം ഇതാണ്

ബാബ്‌റി മസ്ജിദ് കേസിൽ എൽ കെ അദ്വാനി അടക്കമുള്ള ബിജെപി നേതാക്കളേ ലക്‌നൗ സിബിഐ പ്രത്യേക കോടതി ജഡ്ജ് എസ് കെ യാദവ് കുറ്റവിമുക്തരാക്കിയത് കഴിഞ്ഞ ദിവസമാണ് .പള്ളി പൊളിയ്ക്കാൻ നടത്തിയ ഗൂഢാലോചനയ്ക്ക് കൃത്യമായ തെളിവില്ല എന്നാണ് ജഡ്ജ് വിധി പ്രസ്താവത്തിൽ പറഞ്ഞത് .മാത്രമല്ല ഒരു വേള ജഡ്ജ് പ്രോസിക്യൂഷനെ വിമർശിക്കുകയും ചെയ്തു .

എന്താണ് പ്രോസിക്യൂഷന്റെ ഭാഗത്തെ പാളിച്ചകൾ ?അത് വിധിയിൽ എസ്‌കെ യാദവ് തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട് .സിബിഐ അന്വേഷണ സംഘം മതിയായ തെളിവുകൾ ശേഖരിച്ചു ഹാജരാക്കിയോ എന്ന ചോദ്യത്തിന്റെ ഉത്തരവും വിധിയിലുണ്ട് .

1992 ൽ ബാബ്‌റി മസ്ജിദ് പൊളിക്കുമ്പോൾ അവിടെ പതിവായി നിസ്കാരം നടന്നിരുന്നു എന്നതിന് തെളിവില്ലെന്നാണ് ജഡ്ജ് ചൂണ്ടിക്കാട്ടുന്നത് .പള്ളി പൊളിക്കാനുള്ള എൽ കെ അദ്വാനി അടക്കമുള്ളവരുടെ ആഹ്വാനത്തിനും തെളിവില്ലെന്ന് വിധി ചൂണ്ടിക്കാട്ടുന്നു .ഹാജരാക്കിയ ശബ്ദരേഖകൾ ഈ നേതാക്കളുടേതാണ് എന്ന് തെളിയിക്കാൻ അവരുടെ യഥാർത്ഥ ശബ്ദരേഖയും അതിന്റെ മാച്ചിങ് റിസൾട്ടും പ്രോസിക്യൂഷൻ ഹാജരാക്കിയില്ലെന്നും വിധിയിൽ പറയുന്നു .

“അവിടെ ക്ഷേത്രം തന്നെ നിർമ്മിക്കും ,ഒരിക്കൽ കൂടി അത് ചെയ്യൂ “തുടങ്ങിയ ആഹ്വാനങ്ങളുടെ എഴുത്തു രൂപം ആണ് പ്രോസിക്യൂഷൻ ഹാജരാക്കിയത് .എന്നാൽ ഇത് നേതാക്കളുടെ ശബ്ദം തന്നെയാണോ എന്ന് ഉറപ്പു വരുത്താൻ ഒരു തെളിവും പ്രോസിക്യൂഷൻ ഹാജരാക്കിയില്ലെന്നും ജഡ്ജ് ചൂണ്ടിക്കാട്ടുന്നു .

ഹാജരാക്കിയ വീഡിയോ ഫുട്ടേജുകൾ എഡിറ്റഡ് ആയിരുന്നു .മാത്രമല്ല ഇവയുടെ ഫോറൻസിക് പരിശോധന നടത്തിയതുമില്ല .1992 ഡിസംബർ 6 ലെ സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത ദൃശ്യങ്ങളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നുവെന്നു ജഡ്ജ് വിധിയിൽ പറയുന്നു .

കോടതിയിൽ ഹാജരാക്കിയ ശബ്ദരേഖകൾ ഒന്നും സീൽ ചെയ്‌തുപോലുമുണ്ടായിരുന്നില്ല .ചില ഫോട്ടോകൾ ഹാജരാക്കിയതല്ലാതെ അതെടുത്ത ഫോട്ടോഗ്രാഫര്മാരെയോ നെഗറ്റീവോ പ്രോസിക്യൂഷൻ ഹാജരാക്കിയില്ല .

ഈ 32 പേരും ഒരു റൂമിൽ ഇരുന്നു ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് സിബിഐ പ്രോസിക്യൂട്ടർ തന്നെ സമ്മതിച്ചുവെന്നു കോടതി വ്യക്തമാക്കുന്നു .നേതാക്കൾക്കെതിരെയുള്ള കൃത്യമായ മൊഴി ഒരു ദൃക്‌സാക്ഷിയിൽ നിന്ന് പോലും ലഭ്യമായില്ല .മാത്രമല്ല പല ദൃക്‌സാക്ഷികളുടെയും മൊഴിയിൽ വൈരുധ്യവും ഉണ്ടായിരുന്നുവെന്നും ജഡ്ജ് ചൂണ്ടിക്കാട്ടുന്നു .

Leave a Reply

Your email address will not be published. Required fields are marked *