അങ്ങേയറ്റം സുതാര്യമായ ചലച്ചിത്ര ജീവിതത്തിന്റേയും, ഉറച്ച നിലപാടുകളുടേയും ഉടമ: ഭാഗ്യലക്ഷ്മിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫെഫ്ക

തിരുവനന്തപുരം: സമൂഹമാധ്യമങ്ങള്‍ വഴി ആക്ഷേപിച്ച യുവാവിനെ കൈകാര്യംചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി കേരളത്തിന്റെ ആരോഗ്യമന്ത്രി കെ.കെ ശൈലജ അടക്കം നിരവധിപേരാണ് രംഗത്ത് എത്തിയത്. മാത്രമല്ല ഈ വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുളള ചര്‍ച്ചകളാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ നിറയുന്നത്.

ഇപ്പോഴിതാ സംഭവത്തില്‍ ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക.

ഭാഗ്യലക്ഷ്മി നിരന്തരം ആക്രമിക്കപ്പെടുന്നവരുടെ ശക്തമായ പ്രതീകവും, പ്രതിരൂപവുമാണെന്നും അങ്ങേയറ്റം സുതാര്യമായ ചലച്ചിത്ര ജീവിതത്തിന്റേയും, ഉറച്ച നിലപാടുകളുടേയും ഉടമായണെന്നും ഫെഫ്ക ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചു.

യൂട്യൂബറായിരുന്ന വിജയ് പി നായരെ ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറക്കല്‍, ദിയ സന എന്നിവര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. വിജയ് താമസിക്കുന്ന ലോഡ്ജിലെത്തിയ മൂവരും വിജയിയെ മര്‍ദ്ദിക്കുകയും ദേഹത്ത് കരിയോയില്‍ ഒഴിക്കുകയും മാപ്പുപറയിക്കുകയും ചെയ്യിച്ചിരുന്നു. പിന്നീട് വിജയ് പി നായരുടെ പരാതിയില്‍ ഭാഗ്യലക്ഷ്മിക്കെതിരെ പോലീസ് മോഷണം കുറ്റം ഉള്‍പ്പെടെയുള്ളവ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സൈബർ ലോകത്ത്‌ നിരന്തരം ഇരയാക്കപ്പെടുന്നവരിൽ മഹാഭൂരിപക്ഷവും സ്ത്രീകളാണ്‌. അതിൽ ചലച്ചിത്രരംഗത്ത്‌ പ്രവർത്തിക്കുന്ന സ്ത്രീകൾ, ആണധികാരത്തിന്റേയും കപടസദാചാരവാദികളുടേയും സ്ഥിരം ഇരകളാണ്‌. ഭാഗ്യലക്ഷ്മി ഇങ്ങനെ നിരന്തരം ആക്രമിക്കപ്പെടുന്നവരുടെ ശക്തമായ പ്രതീകവും, പ്രതിരൂപവുമാണ്‌. അങ്ങേയറ്റം സുതാര്യമായ ചലച്ചിത്ര ജീവിതത്തിന്റേയും, ഉറച്ച നിലപാടുകളുടേയും ഉടമ. ഇന്നലെ അവർ നടത്തിയ പ്രതികരണം നിഷ്ക്രിയമായ നിയമവ്യസ്ഥയുടെ കരണത്തേറ്റ അടിയാണ്‌. തീർച്ഛയായും നിയമം കൈലെടുക്കുന്ന vandalism എതിർക്കപ്പെടേണ്ടതാണ്‌. എന്നാൽ, സൈബർ സ്വാതന്ത്ര്യത്തിന്റെ തുറസ്സുകളിൽ, നിരന്തരം വാക്കുകളാലും, നോട്ടങ്ങളാലും ബലാത്‌സംഗം ചെയ്യപ്പെടുന്ന സ്ത്രീയുടെ പുകഞ്ഞു പൊട്ടലായി മാത്രമെ നമുക്ക്‌ ഇതിനെ കാണാൻ കഴിയൂ. ഭാഗ്യലക്ഷ്മിയോട്‌ ഐക്യദാർഢ്യം. അവരെ അപമാനപ്പെടുത്തിയ ആൾക്കും അവർക്കും എതിരെ ഒരുപോലെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിക്കൊണ്ട്‌, അയാളുടേയും അവരുടേയും പ്രവർത്തികൾ ഒരേതട്ടിലാണെന്ന പോലിസിന്റെ സമീപനത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു. ഈ വിഷയം ബന്ധപ്പെട്ട അധികാരകേന്ദ്രങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരും.

ഇനിപ്പറയുന്നതിൽ FEFKA Directors' Union പോസ്‌റ്റുചെയ്‌തത് 2020, സെപ്റ്റംബർ 27, ഞായറാഴ്‌ച

Leave a Reply

Your email address will not be published. Required fields are marked *