യൂട്യൂബ് വിഡിയോകൾ വഴി സ്ത്രീകളെ അധിക്ഷേപിച്ച യൂട്യൂബർക്കെതിരെ പോലീസ് കേസെടുത്തു.ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കൽ എന്നിവർ പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിന്മേൽ തമ്പാനൂർ പോലീസ് ആണ് കേസെടുത്തത്.
ഐപിസി 354 പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ഡോ. വിജയ് പി നായർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.സ്ത്രീകളെ മാനഹാനി വരുത്തണമെന്ന ഉദ്ദേശത്തോടെ കയ്യേറ്റം ചെയ്യുമ്പോൾ ചുമത്തുന്ന വകുപ്പ് ആണിത്.
ഇയാളുടെ സ്ത്രീവിരുദ്ധ വീഡിയോകളിൽ സഹികെട്ട് ഭാഗ്യലക്ഷ്മി, ദിയ സന തുടങ്ങിയവർ ഇയാൾ താമസിക്കുന്ന ലോഡ്ജിൽ എത്തി കരി ഓയിൽ പ്രയോഗം നടത്തിയിരുന്നു.വിജയിയെ കൊണ്ട് ഇവർ മാപ്പും പറയിച്ചിരുന്നു. തനിക്ക് പരാതി ഇല്ലെന്നാണ് വിജയ് പോലീസിനോട് പറയുന്നത്.
സൈക്കോളജിയിൽ ഡോക്ടറേറ്റ് ഉണ്ടെന്നാണ് ഇയാൾ പറയുന്നത്.യൂട്യൂബ് ചാനലിലൂടെ ആളെ തിരിച്ചറിയും വിധം ഇയാൾ കൃത്യമായ സൂചന നൽകിയാണ് സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയിരുന്നത്.അധിക്ഷേപത്തിൽ മനം മടുത്തിട്ടാണ് കടുത്ത പ്രതിഷേധത്തിന് മുതിർന്നതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.