NEWS

ശരിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്രകൾക്ക് ചെലവായ പണമെത്ര ?വികെ സിങ് പറഞ്ഞതോ വി മുരളീധരൻ പറഞ്ഞതോ സത്യം ?അടിമുടി ആശയക്കുഴപ്പം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്രകൾ അദ്ദേഹം അധികാരത്തിൽ ഏറിയത് മുതൽ ചർച്ചാ വിഷയമാണ് .രാജ്യാന്തര തലത്തിൽ ഇന്ത്യയുടെ അഭിമാനം മോദി വാനോളം ഉയർത്തി എന്ന് ബിജെപി വാദിക്കുമ്പോൾ ചെലവെന്തെന്ന ചോദ്യമാണ് പ്രതിപക്ഷം പലപ്പോഴും ഉയർത്തിയത് .ഇപ്പോഴിതാ പ്രതിപക്ഷത്തെ പോലും ആശയക്കുഴപ്പത്തിലാക്കി മൂന്ന് കണക്കുകൾ സർക്കാർ തന്നെ പറയുന്നു .

നടപ്പു സമ്മേളനത്തിൽ എൻസിപി എംപി ഫൗസിയ ഖാൻ പാർലമെന്റിൽ ഈ ചോദ്യം വീണ്ടും ഉയർത്തി .2015 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദർശനം നടത്തിയ വിദേശ രാജ്യങ്ങളുടെ എണ്ണവും ചെലവും വ്യക്തമാക്കാമോ എന്നായിരുന്നു ഫൗസിയയുടെ ചോദ്യം .

രാജ്യസഭയിൽ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഉത്തരം എഴുതി നൽകി .പ്രധാനമന്ത്രി സന്ദർശിച്ചത് 58 രാജ്യങ്ങൾ ആണെന്നും ചെലവ് 517 .82 കോടിയാണെന്നുമാണ് മുരളീധരൻ എഴുതി നൽകിയത് .

എന്നാൽ മാർച്ചിൽ നടന്ന പാര്ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ വിശദമായ ഒരു കണക്ക് മുരളീധരൻ സഭയിൽ നൽകുക ഉണ്ടായി .പ്രധാനമന്ത്രിയുടെ വിദേശ യാത്രയുടെ മൊത്തം ചെലവ് 446 .52 കോടി .

2015 -16 ൽ 121 .85 കോടി ,2016-17 ൽ 78.52 കോടി , 2017-18ൽ 99 കോടി ,2018-19ൽ 100.02കോടി ,2019-20ൽ 46.23 കോടി ഇങ്ങനെ ആയിരുന്നു മുരളീധരൻ നൽകിയ കണക്ക് .

പിഎം ഇന്ത്യ വെബ്‌സൈറ്റ് പറയുന്നത് വിശ്വസിക്കാമെങ്കിൽ പ്രധാനമന്ത്രി 2020 ൽ വിദേശ യാത്രകൾ ഒന്നും തന്നെ നടത്തിയിട്ടില്ല .എന്നാൽ വർഷകാല സമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയം നൽകിയ കണക്കു പ്രകാരം ഈ വർഷം ആദ്യം നൽകിയ കണക്കിൽ നിന്ന് 125.30 കോടി കൂടുതൽ ആണ് ഇപ്പോൾ നൽകിയ കണക്ക് .

ഇവിടെയും തീർന്നില്ല ആശയക്കുഴപ്പം .2018 ലെ ശൈത്യ കാല സമ്മേളനത്തിൽ അന്ന് വിദേശകാര്യ സഹമന്ത്രിയായിരുന്ന വി കെ സിങ് ഒരു കണക്ക് സഭയിൽ വെക്കുക ഉണ്ടായി .2014 മുതൽ ഉള്ള മോദിയുടെ വിദേശ യാത്രകൾക്ക് ചെലവ് 2021 കോടി ആണെന്നാണ് വികെ സിങ് സഭയെ അറിയിച്ചത് .

ആ കണക്കിന്റെ വിശദ വിവരങ്ങൾ ഇങ്ങിനെയാണ്‌ .1,583.18കോടി രൂപ പ്രധാനമന്ത്രിയുടെ വിമാനത്തിന്റെ മെയിന്റനന്സിന് ,429.25കോടി രൂപ ചാർട്ടേർഡ് വിമാനങ്ങൾക്ക് ,9.11 കോടി രൂപ ഹോട്ട്ലൈനിനും .ആ സമയം വരെ പ്രധാനമന്ത്രി 48 വിദേശ പര്യടനങ്ങളിൽ ആയി 55 രാജ്യങ്ങൾ ആണ് സന്ദർശിച്ചത് .അതിനു ശേഷം 11 വിദേശ പര്യടനങ്ങൾ കൂടി പ്രധാനമന്ത്രി നടത്തി .

പിഎം ഇന്ത്യ വെബ്‌സൈറ്റിലെ വിവരങ്ങൾ പ്രകാരം 2019 നവംബറിലെ ബ്രസീൽ സന്ദർശനം ആണ് അവസാനത്തേത് .ബ്രസീൽ ട്രിപ്പിന്റെ ചെലവ് കണക്ക് ഇതുവരെ ആയിട്ടില്ലെന്ന് ഈ വർഷം ഏപ്രിൽ 8 നു വെബ്‌സൈറ്റിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട് .

ഇവിടെ ചില ചോദ്യങ്ങൾ ഉയരുന്നു .സത്യത്തിൽ പ്രധാനമന്ത്രിയുടെ വിദേശ പര്യടനത്തിന്റെ ചെലവെത്ര ? മന്ത്രിമാർ സഭയുടെ മേശപ്പുറത്ത് വെക്കുന്ന കണക്കുകളിൽ ഇങ്ങനെ വൈരുധ്യം വരാൻ കാരണമെന്താണ് ?ഈ ചോദ്യങ്ങൾ ആര് മോദിയോട് ചോദിക്കും ?

.

Back to top button
error: