NEWS

ഇ-ചെലാന്‍ പദ്ധതിക്ക് തുടക്കമായി ; സംസ്ഥാനത്ത് ഇന്‍റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെന്‍റ് സംവിധാനം ഉടന്‍ നിലവില്‍ വരും

ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് ഓണ്‍ലൈന്‍ ആയി പിഴ ഈടാക്കാനുളള ഇ-ചെലാന്‍ സംവിധാനത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. വാഹന പരിശോധനയും പിഴ അടയ്ക്കലും ഏറെ സുഗമമാക്കുന്ന സംവിധാനമാണിത്. തിരുവനന്തപുരം സിറ്റി, കൊല്ലം സിറ്റി, എറണാകുളം സിറ്റി, തൃശൂര്‍ സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളില്‍ ഈ സംവിധാനം ഇന്ന് നിലവില്‍ വന്നു. അടുത്ത ഘട്ടത്തില്‍ ഇ-ചെലാന്‍ സംവിധാനം സംസ്ഥാനമാകെ നിലവില്‍ വരും.

പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ കൈവശമുളള പ്രത്യേക ഉപകരണത്തില്‍ വാഹനത്തിന്‍റെ നമ്പരോ ഡ്രൈവിംഗ് ലൈസന്‍സ് നമ്പരോ നല്‍കിയാല്‍ വാഹനത്തെ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിഴ അടയ്ക്കാനുളളവര്‍ക്ക് ഓണ്‍ലൈന്‍, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പണം അടയ്ക്കാം. ഇത്തരം സംവിധാനങ്ങള്‍ കൈവശം ഇല്ലാത്തവര്‍ക്ക് പിഴ അടയ്ക്കാന്‍ പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

Signature-ad

ഡിജിറ്റല്‍ സംവിധാനമായതിനാല്‍ ഇതില്‍ ഒരു വിധത്തിലുമുളള പരാതിക്കും അഴിമതിക്കും പഴുതുണ്ടാവില്ല. സുതാര്യത പൂര്‍ണ്ണമായും ഉറപ്പാക്കാനാകും. കേസുകള്‍ വിര്‍ച്വല്‍ കോടതിയിലേയ്ക്ക് കൈമാറാനും ഈ സംവിധാനത്തിലൂടെ കഴിയും. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍ററാണ് സോഫ്റ്റ് വെയര്‍ തയ്യാറാക്കിയത്. ഫെഡറല്‍ ബാങ്ക്, ട്രഷറി വകുപ്പ് എന്നിവയുടെ സഹകരണവും ഈ പദ്ധതിക്കുണ്ട്.

സംസ്ഥാനത്ത് ഇന്‍റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെന്‍റ് സംവിധാനം സ്ഥാപിക്കാനുളള നടപടി അന്തിമഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ നമ്പര്‍പ്ലേറ്റ് തിരിച്ചറിയാന്‍ കഴിയുന്നവ ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി 3000 ക്യാമറകള്‍ ബന്ധിപ്പിക്കും.

ഉദ്ഘാടന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, എ.ഡി.ജി.പി മനോജ് എബ്രഹാം, ട്രാഫിക് ആന്‍റ് റോഡ് സേഫ്റ്റി ഐ.ജി ജി.ലക്ഷ്മണ്‍ എന്നിവരും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

Back to top button
error: