ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കാന്‍ പുതിയ സംവിധാനം; ഉദ്ഘാടനം ചൊവ്വാഴ്ച്ച മുഖ്യമന്ത്രി നിര്‍വ്വഹിക്കും
ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നതിന് പിടിയിലാകുന്നവര്‍ക്ക് പിഴ അടയ്ക്കുവാനുള്ള ഓണ്‍ലൈന്‍ സംവിധാനം ചൊവ്വാഴ്ച്ച നിലവില്‍ വരും. ഇതിന്‍റെ ഉദ്ഘാടനം രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന നിര്‍വ്വഹിക്കും.
പൂര്‍ണ്ണമായും സുതാര്യത ഉറപ്പുവരുത്തുന്ന ഈ സംവിധാനത്തിന് ഇ-ചെല്ലാന്‍ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. പരിശോധനയ്ക്കെത്തുന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ കൈവശമുള്ള ചെറിയ ഉപകരണത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് നമ്പര്‍, വാഹനത്തിന്‍റെ നമ്പര്‍ എന്നിവ നല്‍കിയാല്‍ അത് സംബന്ധിക്കുന്ന എല്ലാ വിവരവും ഉടനടി ലഭ്യമാകുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. നിയമലംഘനം കണ്ടെത്തുന്നപക്ഷം ഉടമയ്ക്കോ ഡ്രൈവര്‍ക്കോ ഓണ്‍ലൈനായി അപ്പോൾത്തന്നെ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഇന്‍റര്‍നെറ്റ് ബാങ്കിംഗ് മുതലായ സൗകര്യങ്ങള്‍ ഉപയോഗിച്ച് പണം അടയ്ക്കാന്‍ കഴിയും. പിഴ അടയ്ക്കാന്‍ താത്പര്യമില്ലാത്തവരുടെ കേസ് വിര്‍ച്വല്‍ കോടതിയിലേയ്ക്ക് കൈമാറും. തുടര്‍നടപടി വിര്‍ച്വല്‍ കോടതി സ്വീകരിക്കും. കുറ്റകൃത്യങ്ങളുടെ ഫോട്ടോ, വീഡിയോ എന്നിവ ഈ സംവിധാനത്തില്‍ ലഭ്യമാകുന്നതിലൂടെ വാഹനപരിശോധന ഇനി മുതല്‍ ഏറെ സുഗമമാകും.
തിരുവനന്തപുരം സിറ്റി, കൊല്ലം സിറ്റി, എറണാകുളം സിറ്റി, തൃശ്ശൂര്‍ സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഈ സംവിധാനം ചൊവ്വാഴ്ച്ച നടപ്പില്‍ വരുന്നത്. വൈകാതെ തന്നെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഈ സംവിധാനം സ്ഥാപിക്കും. പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് സാങ്കേതിക വിദഗ്ദ്ധരുടെ സഹായത്തോടെ പദ്ധതി രൂപകല്‍പന ചെയ്തത്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍ററാണ് സോഫ്റ്റ് വെയര്‍ നിര്‍മ്മിച്ചത്. ഫെഡറല്‍ ബാങ്ക്, ട്രഷറി വകുപ്പ് എന്നിവയുടെ സഹകരണവും ഉണ്ടായിരുന്നു.
സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, എ.ഡി.ജി.പി മനോജ് എബ്രഹാം, ഐ.ജി ജി.ലക്ഷ്മണ്‍ എന്നിവരും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിക്കും.