കാർഷിക ബിൽ രാജ്യസഭയിൽ ,ബിജെപിയെ പൂട്ടുമോ കോൺഗ്രസ്സ് ?
അകാലിദളിന്റെ എതിർപ്പോടെ കാർഷിക ബിൽ ലോക്സഭാ കടമ്പ കഴിഞ്ഞെങ്കിലും രാജ്യസഭയിൽ മോഡി സർക്കാർ വിയർക്കുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ .ബിൽ പാസാക്കാനുള്ള അംഗബലം എൻ ഡി എക്ക് ഇല്ല എന്നത് തന്നെയാണ് സർക്കാരിനെ അലട്ടുന്ന പ്രശ്നം .
ഇപ്പോൾ രാജ്യസഭയുടെ അംഗബലം 243 ആണ് .ബിൽ പാസാകാൻ വേണ്ടത് 122 വോട്ട് .105 വോട്ടുകൾ ആണ് ബിജെപി നേതൃത്വം നൽകുന്ന എൻ ഡി എക്ക് ഉള്ളത് .പ്രതിപക്ഷത്തിനുള്ളത് 100 വോട്ട് .വൈ എസ്ആർ കോൺഗ്രസ് ,ബിജെഡി ,ടിആർഎസ് തുടങ്ങിയ പാർട്ടികൾക്ക് എല്ലാം കൂടി 32 വോട്ട് ഉണ്ട് .ഈ പാർട്ടികൾ പലപ്പോഴായി പ്രശ്നാധിഷ്ഠിത പിന്തുണ സർക്കാരിന് നൽകിയിട്ടുണ്ട് .ഇതിലാണ് സർക്കാരിന്റെ നോട്ടം .
10 എംപിമാർ കോവിഡ് ബാധിതർ ആയി ചികിത്സയിൽ ആണ് .മൻമോഹൻ സിങ് ,പി ചിദംബരം എന്നിവരടക്കം 15 എംപിമാർ ആരോഗ്യ പ്രശ്നങ്ങളാൽ സഭയിൽ ഹാജരാകില്ല .
ബിജെപിക്ക് ഒറ്റയ്ക്ക് 86 അംഗങ്ങൾ ഉണ്ട് .എൻ ഡി എ എന്ന നിലയിൽ 105 അംഗങ്ങളും .എന്നാൽ ഇതിൽ അകാലിദൾ അംഗങ്ങൾ സർക്കാരിനെ പിന്തുണക്കില്ല .3 അംഗങ്ങൾ ഉള്ള അകാലിദൾ ബില്ലിനെതിരെ വോട്ട് ചെയ്യാൻ അംഗങ്ങൾക്ക് വിപ്പ് നൽകിയിട്ടുണ്ട് .
ബിജെപിയും അംഗങ്ങൾക്ക് വിപ്പ് നൽകിയിട്ടുണ്ട് .വൈ എസ്ആർ കോൺഗ്രസ് ,ബിജെഡി ,ടിആർഎസ് തുടങ്ങിയ പാർട്ടികളിൽ ആണ് ബിജെപിയുടെ പ്രതീക്ഷ .ബിജെഡിക്ക് ഒമ്പതും വൈ എസ്ആർ കോൺഗ്രസിന് ആറും ടിആർഎസിനു ഏഴും അംഗങ്ങൾ ഉണ്ട് .
ലോക്സഭയിൽ ടിആർഎസ് ബില്ലിനെ എതിർത്തിരുന്നു .ഈ പാർട്ടിയുമായി ബിജെപി ആശയ വിനിമയം നടത്തിക്കൊണ്ടിരിക്കുകയാണ് ..ബിജെഡിയും വൈ എസ്ആർ കോൺഗ്രസും സർക്കാരിനെ പിന്തുണക്കും എന്ന ഉത്തമ വിശ്വാസത്തിൽ ആണ് ബിജെപി .മൊത്തം 135 വോട്ട് സമാഹരിക്കാൻ ആകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ .
കോൺഗ്രസിന് 40 എംപിമാർ ആണ് ഉള്ളത് .13 എംപിമാർ ഉള്ള തൃണമൂൽ കോൺഗ്രസ് ,ഏഴു എംപിമാർ ഉള്ള ഡിഎംകെ ,4 എംപിമാർ ഉള്ള ബി എസ് പി ,8 എംപിമാർ ഉള്ള എസ് പി ,3 എംപിമാർ ഉള്ള എ എ പി എന്നിവരുടെ പിന്തുണയും കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട് .വൈ എസ്ആർ കോൺഗ്രസ് ,ബിജെഡി ,ടിആർഎസ് എന്നീ കക്ഷികളുമായി കോൺഗ്രസും ചർച്ചകൾ നടത്തുന്നുണ്ട് .
എന്നാൽ മഹാരാഷ്ട്രയിലെ സഖ്യകക്ഷികൾ ആയ എൻ സി പിയും ശിവസേനയും ചതിക്കുമോ എന്ന പേടി കോൺഗ്രസിനുണ്ട് .തങ്ങളുടെ 3 എംപിമാർ ബില്ലിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന് ശിവസേന പ്രഖ്യാപിച്ചു കഴിഞ്ഞു .4 എംപിമാർ ഉള്ള എൻസിപി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടുമില്ല .