സെപ്‌റ്റംബര്‍ 22ന് കേരളത്തില്‍ ജില്ലാ കേന്ദ്രങ്ങളിൽ സിപിഎമ്മിന്റെ ബഹുജനകൂട്ടായ്‌മ
മോദിസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി സെപ്‌റ്റംബര്‍ 22ന് കേരളത്തില്‍ ജില്ലാ കേന്ദ്രങ്ങളിലും ബഹുജനകൂട്ടായ്‌മ സംഘടിപ്പിക്കും.സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയിലൂടെ അറിയിച്ചാണ് ഇക്കാര്യം.
ആദായ നികുതിദായകരല്ലാത്ത എല്ലാ കുടുംബങ്ങളുടേയും ബാങ്ക് അക്കൗണ്ടില്‍ അടുത്ത 6 മാസത്തേക്ക് ഓരോ മാസവും 7500/ രൂപ വീതം നല്‍കുക.
ആവശ്യക്കാരായ എല്ലാവര്‍ക്കും ഓരോ മാസവും 10 കിലോഗ്രാം വീതം ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുക.
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം പ്രതിവര്‍ഷം 200 തൊഴില്‍ദിനമെങ്കിലും ഉയര്‍ന്ന വേതനത്തില്‍ ലഭ്യമാക്കുക. നഗരങ്ങളില്‍ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാന്‍ നിയമം കൊണ്ടുവരണം. എല്ലാ തൊഴില്‍രഹിതര്‍ക്കും വേതനം നല്‍കണം.
ഭരണഘടന സംരക്ഷിക്കുകയും സ്വാതന്ത്യം, സമത്വം, സാഹോദര്യം എന്നീ മൗലികാവകാശങ്ങള്‍ എല്ലാ പൗരന്മാര്‍ക്കും ഉറപ്പാക്കുകയും ചെയ്യുക.
എല്‍.ഡി.എഫ് സര്‍ക്കാരിനെ അസ്‌ഥിരീകരിക്കാനുള്ള നീക്കത്തിനെതിരെ അണിചേരുക എന്നീ ആവശ്യങ്ങളാണ് സി പി ഐ എം ഉയര്‍ത്തുന്നത്.
ജനാധിപത്യ അവകാശങ്ങള്‍ക്കും പൗരസ്വാതന്ത്ര്യത്തിനുമെതിരായി വലിയ കടന്നാക്രമണം നടക്കുന്ന സാഹചര്യത്തിലാണ് ഈ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിക്കുന്നവരെ കേസില്‍ കുടുക്കാനും ജയിലിലടക്കാനും ശ്രമിക്കുന്നു. സി പി ഐ എം ജനറല്‍ സെക്രട്ടറിക്കെതിരായ നീക്കവും ഇതിന്റെ ഭാഗമാണ്.
വിട്ടുവീഴ്‌ചയില്ലാത്ത മതനിരപേക്ഷ നിലപാടുള്ള കേരളത്തിലെ എല്‍.ഡി.എഫ്. സര്‍ക്കാരിനെ അട്ടിമറിക്കാനും ബി ജെ പി ശ്രമിക്കുന്നു. ഇതിന് കോണ്‍ഗ്രസ്സും ലീഗും കൂട്ടുചേരുന്നു. കോ.ലീ.ബി സഖ്യം അക്രമസമരവും അപവാദപ്രചരണം നടത്തുന്നതും ഇതിന്റെ ഭാഗമാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ കള്ളപ്രചാരവേല സംഘടിപ്പിച്ച് എല്‍.ഡി.എഫ് സര്‍ക്കാര്‍ കൈവരിച്ച വികസന നേട്ടങ്ങളെ മറച്ചു വെയ്‌ക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണ് ശ്രമിക്കുന്നത്. ഇത്തരം നീക്കങ്ങളെ ചെറുത്ത് തോല്‍പ്പിക്കാന്‍ കേരളീയ സമൂഹം ഒന്നാകെ മുന്നോട്ടുവരണം. സെപ്‌റ്റംബര്‍ 22-ന് രാവിലെ 10.30 മുതല്‍ ഉച്ചവരെയാണ് ഈ സമരം സംഘടിപ്പിക്കുന്നത്. നൂറ് പേരില്‍ കൂടുതല്‍ അധികരിക്കാത്തവിധത്തില്‍ വേണം പരിപാടി സംഘടിപ്പിക്കാനെന്നും സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.