വിമത സ്വരം ഉയർത്തിയ 23 പേരിൽ ഗുലാം നബി ആസാദിന് ജനറൽ സെക്രട്ടറി പദം നഷ്ടമായി ,ബാക്കിയുള്ളവരെ സോണിയ ഗാന്ധി എങ്ങിനെ കൈകാര്യം ചെയ്തു ?
ദൃശ്യവും വ്യക്തവുമായ നേതൃത്വം വേണമെന്നാവശ്യപ്പെട്ട് 23 നേതാക്കൾ ഒപ്പിട്ട് പാർട്ടി അധ്യക്ഷക്കയച്ച കത്തിന്റെ അനുരണനങ്ങൾ കോൺഗ്രസിൽ തുടരുകയാണ് .ആഭ്യന്തര വിപ്ലവത്തിന് മുന്നിൽ നിന്ന രാജ്യസഭയിൽ പാർട്ടിയെ നയിക്കുന്ന ഗുലാം നബി ആസാദ് എ ഐ സി സി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്തായി കഴിഞ്ഞു .മറ്റു നേതാക്കളെ എങ്ങിനെ സോണിയ ഗാന്ധി കൈകാര്യം ചെയ്തു എന്നറിയുന്നത് കൗതുകകരമാകും
എല്ലാ കണ്ണുകളും ഇപ്പോൾ രണ്ട് പേരിലേക്ക് നീളുകയാണ്. സച്ചിൻ പൈലറ്റും, ശശി തരൂരും. സച്ചിൻ കത്തെഴുതിയ 23 പേരിൽ ഇല്ല. എന്നാൽ രാജസ്ഥാനിൽ അശോക് ഗെഹ്‌ലോട്ട് സർക്കാരിനെതിരെ കലാപം ഉയർത്തിയ ആളാണ്. എന്തായിരിക്കും ഇനി സച്ചിന്റെ റോൾ?
അധിർ രഞ്ജൻ ചൗധരിയെ ബംഗാൾ അധ്യക്ഷനായി നിയമിച്ചതോടെ വലിയൊരു പോസ്റ്റിന് ഒഴിവു വന്നിരിക്കുകയാണ്. വേണമെങ്കിൽ ബംഗാൾ അധ്യക്ഷൻ ആയിരിക്കെ തന്നെ ചൗധരിക്ക് ലോക്സഭയിൽ കോൺഗ്രസിനെ നയിക്കാം. എന്നാൽ കോൺഗ്രസിന്റെ ശൈലി അറിയുന്നവർ പറയുന്നത് ഒരാൾക്ക് ഒരു പോസ്റ്റ് എന്ന നിലയിൽ ചൗധരി ബംഗാൾ രാഷ്ട്രീയത്തിലേക്ക് പോകേണ്ടി വരും എന്നാണ് .
അങ്ങിനെ എങ്കിൽ തരൂരും മനീഷ് തിവാരിയുമാണ് ആ പോസ്റ്റിലേക്ക് വരേണ്ട ആളുകൾ. തരൂരും തിവാരിയും കത്തുയർത്തിയ ആശയങ്ങളിൽ ഉറച്ചു നിൽക്കുക ആണെങ്കിൽ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷിന് നറുക്ക് വീഴും.
സോണിയ ഗാന്ധിയെ സഹായിക്കാൻ രൂപീകരിച്ച സമിതിയിൽ മുകുൾ വാസ്നിക്കിനെ ഉൾപ്പെടുത്തിയത് കത്തിൽ ഒപ്പിട്ടവരുടെ നെറ്റി ചുളിപ്പിച്ചത്. കത്തിൽ ഒപ്പിട്ട ആളാണ് മുകുൾ വാസ്നിക്ക്. എ കെ ആന്റണി, അഹമ്മദ് പട്ടേൽ, അംബിക സോണി, കെ സി വേണുഗോപാൽ, രൺദീപ് സുർജെവാല എന്നിവരാണ് സമിതിയിലെ മറ്റുള്ളവർ. കത്തെഴുതിയവർ ആവശ്യപ്പെട്ട പോലെ ഇതൊരു തരം പാർലമെന്ററി ബോർഡാണ്. സോണിയ രാജ്യത്തില്ലെങ്കിൽ സമ്പൂർണ അധികാരം ഈ സമിതിക്കാണ്.
മുകുൾ വാസ്നിക്ക് ഒരു ട്രോജൻ കുതിര ആയിരുന്നോ എന്ന് കത്തെഴുതിയവരിൽ ചിലർ ചിന്തിക്കുന്നുണ്ട്. രാജീവ് ഗാന്ധി, പി വി നരസിംഹ റാവു, സീതാറാം കേസരി, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരൊക്കെ അധ്യക്ഷന്മാർ ആയപ്പോൾ മുകുൾ വാസ്നിക് ഇവരുടെയൊക്കെ വിശ്വസ്തൻ ആയിരുന്നു. ഒപ്പിട്ട 23 പേരിൽ മുകുൾ വാസ്നിക്കിന്റെ പേര് കണ്ടവർ ഞെട്ടിയിരുന്നു. എന്നാൽ വിമതരേക്കാൾ ഒരു പടി മുന്നിൽ ആയിരുന്നു സോണിയ എന്നതാണ് വ്യക്തമാകുന്നത്.
പുതിയ നിയമനങ്ങൾ വച്ച് നോക്കുമ്പോൾ വിമത സ്വരം ഉയർത്തി കത്തെഴുതിയവരെ മൂന്നു തട്ടിലാക്കി എന്ന് മനസിലാക്കാം .നഷ്ടപ്പെട്ടവർ ,വിജയിച്ചവർ ,നേട്ടമുണ്ടാകാത്തവർ .ഗുലാം നബി ആസാദിനും കപിൽ സിബലിനുമാണ് ഏറ്റവും വലിയ നഷ്ടം ഉണ്ടായത് .
താരിഖ് അൻവർ ,മുകുൾ വാസ്നിക് ,ആനന്ദ് ശർമ്മ ,ജിതിൻ പ്രസാദ ,ആർ പി എൻ സിങ് എന്നിവരാണ് നേട്ടം ഉണ്ടാക്കിയവർ .എന്നാൽ തരൂർ ,മനീഷ് തിവാരി ,പൃഥ്വിരാജ് ചവാൻ ,മിലിന്ദ് ദിയോറ ,വിവേക് ടാങ്കാ എന്നിവരുടെ ഭാവി അനിശ്ചിതത്വത്തിൽ ആണ് .ഒന്നുകിൽ അഭിമാനം വെടിഞ്ഞ് കൂടെക്കൂടുക അല്ലെങ്കിൽ അവസരങ്ങൾക്കായി കാത്തിരിക്കുക എന്നത് മാത്രമാണ് ഇവരുടെ മുന്നിലുള്ള പോംവഴി .
ലോട്ടറിയടിച്ചത് താരിഖ് അൻവറിനാണ് .ബീഹാർ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇങ്ങനെ ഒരു ലെറ്റർ ബോംബിനെ കുറിച്ച് ആലോചിച്ച ഗുലാം നബി ആസാദിനെ പോലുള്ളവരോട് താരിഖ് അൻവർ നന്ദി പറയണം .സീതാറാം കേസരിയുടെ കാലത്ത് ജനറൽ സെക്രട്ടറി ആയിരുന്നു അൻവർ .പിന്നീട് സോണിയ ഗാന്ധിയുടെ വിദേശ പൗരത്വ പ്രശ്നം ഉയർത്തി പാർട്ടിക്ക് പുറത്തായി .മാപ്പു പറഞ്ഞ് തിരികെ കയറിയ അൻവർ നേതൃത്വത്തിനെതിരെ കത്തെഴുതിയവരുടെ കൂട്ടത്തിലും പെട്ടു .എന്നാലും അൻവറിനു കൂട്ടായി ഇപ്പോഴും പാർട്ടി നേട്ടങ്ങൾ ഉണ്ട് .