കോവിഡ് രോഗിയെ പീഡിപ്പിച്ച സംഭവം മൃഗീയം :മുല്ലപ്പള്ളി
കോവിഡ് രോഗിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവം കാടത്തവും മൃഗീയവുമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
കേരളത്തില്‍ കോവിഡ് രോഗിക്ക് പോലും സുരക്ഷിതത്വമില്ല.ഈ കേസില്‍ അറസ്റ്റിലായ കായംകുളം സ്വദേശി നൗഫല്‍ ഐപിസി 308 വകുപ്പടക്കം നിരവധി കേസിലെ പ്രതിയാണ്.സര്‍ക്കാര്‍ വ്യാപകമായി നടത്തിയ പിന്‍വാതില്‍ നിയമനങ്ങളുടെ മറവില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള നിരവധിപ്പേര്‍ സര്‍ക്കാര്‍ സര്‍വീസില്‍ കയറിപ്പറ്റിയിട്ടുണ്ട്. അതിലൊരാളാണ് ഈ മനുഷ്യമൃഗം .കോവിഡ് പ്രോട്ടോകോളും മാനദണ്ഡങ്ങളും പാലിക്കാതെയാണ് രോഗിയെ ആംബുലന്‍സില്‍ കൊണ്ടുപോയത്. രോഗിയെ ആശുപത്രിയിലേക്ക് മാറ്റുന്ന സമയം ആംബുലന്‍സില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഇല്ലാതിരുന്നത് ഗുരതരമായ വീഴ്ചയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഒരു കൊടുംക്രമിനലിനെ എങ്ങനെയാണ് 108 ആംബുലന്‍സില്‍ ഡ്രൈവറായതെന്ന് ആരോഗ്യമന്ത്രി വിശദീകരിക്കണം.ഇയാളുടെ നിയമനം ഏജന്‍സി നടത്തിയതിനാല്‍ സര്‍ക്കാരിന് ഉത്തരവാദിത്തം ഇല്ലെന്ന് പറഞ്ഞ് കൈകഴുകാനാവില്ല.ക്രിമിനലുകളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികള്‍ക്കാണ് സര്‍ക്കാര്‍ കരാര്‍ നല്‍കിയത്. ഇതിന്റെ ഇരയാണ് പീഡനത്തിന് വിധേയായ പെണ്‍കുട്ടിയെന്നും മുല്ലപ്പള്ളി പറഞ്ഞു.
കേരളത്തില്‍ ക്രമസമാധാനം പാടെ തകര്‍ന്നു. സ്ത്രീസുരക്ഷ നഷ്ടപ്പെട്ട സംസ്ഥാനമെന്ന ദുഷ്‌പ്പേര് കേരളം ഇതിനകം നേടിയെടുത്തു. ആഭ്യന്തരവകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിക്ക് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഒട്ടും സമയമില്ല.ഗുണ്ടകളും ക്വട്ടേഷന്‍ സംഘങ്ങളും മയക്കുമരുന്നും ലോബിയുമാണ് കേരളം ഭരിക്കുന്നത്. പോലീസ് നിഷ്‌ക്രിയമായി.സ്ത്രീ പീഡനങ്ങള്‍ തുടര്‍ക്കഥയായി. കൊച്ചുകുട്ടികള്‍ക്ക് പോലും സുരക്ഷിതത്വമില്ലെന്നതിന് തെളിവാണ് വാളയാറിലെ രണ്ടു പെണ്‍കുട്ടികളുടെ ദുരന്തമരണം. ക്രിമിനലുകളുടെ വിളയാട്ടമാണ് കേരളത്തില്‍.അതിന് ഒടുവിലെ ഉദാഹരണങ്ങളാണ് വെഞ്ഞാറമൂട് കൊലപാതകവും തലശ്ശേരി ബോംബ് സ്‌ഫോടനവുമെന്നും മുല്ലപ്പള്ളി പറഞ്ഞു.