NEWS

ദാവൂദ് ഇബ്രാഹിമിനേക്കാള്‍ ഇന്ത്യ തലയ്ക്ക് വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് ഗണപതി ഉടന്‍ കീഴടങ്ങും; ഗണപതിയുടെ ചരിത്രം ഇങ്ങനെ

രു കാലത്ത് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനേക്കാള്‍ ഗവണ്‍മെന്റ് തലയ്ക്ക് വിലയിട്ടിരുന്നയാളാണ് സിപിഐ മാവോയിസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറിയായ ഗണപതി എന്ന പേരിലറിയപ്പെടുന്ന മുപ്പല ലക്ഷ്മണ റാവു.

മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, ഒഡീഷ, ബിഹാര്‍, എന്‍ഐഎ പോലുള്ള കേന്ദ്ര ഏജന്‍സികള്‍ എല്ലാം ചേര്‍ന്ന് ഗണപതിക്കിട്ടിരുന്ന വില രണ്ടരക്കോടി രൂപയായിരുന്നു. മൂന്ന് തട്ടുള്ള സുരക്ഷാസംവിധാനമാണ് മാവോയിസ്റ്റുകള്‍, 74കാരനായ ഗണപതിക്കായി ഒരുക്കിയിട്ടുള്ളത്. 7, 70 നമ്പറുള്ള സായുധ ദളങ്ങള്‍ക്കാണ് ഗണപതിയുടെ സംരക്ഷണച്ചുമതല എന്നും പറയുന്നുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഈ മാവോയിസ്റ്റ് നേതാവ് ഉടന്‍ തെലങ്കാന പൊലീസിന് മുന്നില്‍ കീഴടങ്ങിയേക്കും എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.

ആരാണ് ഈ ഗണപതി?

തെലങ്കാനയിലെ കരീംനഗര്‍ ജില്ലയിലാണ് ഗണപതിയുടെ ജനനം. അദ്ദേഹം ഒരു അധ്യാപകനായിരുന്നു. 1995ല്‍ ഒരു ഡി എസ് പി അടക്കം 25 പൊലീസുകാര്‍ സഞ്ചരിച്ച വാന്‍ ബോംബിട്ട് തകര്‍ത്ത്് കൊലപ്പെടുത്തിയ സംഭവത്തിലാണ് ഗണപതി എന്ന പേര് അറിയപ്പെട്ടുതുടങ്ങിയത്്. 2006ല്‍ ഗണപതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഛത്തീസ്ഗഡിലെ ബസ്തര്‍ ജില്ലയില്‍ എറാബോര്‍ മേഖലയില്‍ സാല്‍വാ ജുഡുമിനൊപ്പമുണ്ടായിരുന്ന 35 ആദിവാസികളെ കൊലപ്പെടുത്തിയത്. ഇതേവര്‍ഷം മാവോയിസ്റ്റുകള്‍ ഉപല്‍മേത ക്യാമ്പില്‍ 22 പൊലീസുകാരെ കൊന്നു. 14 നാഗ സൈനികരുണ്ടായിരുന്ന വാന്‍ കത്തിച്ചു. 2008ല്‍ സിഐഎസ്എഫിന്റെ ഹിരോളി മൈന്‍സ് ക്യാമ്പാക്രമിച്ച് എട്ട് സൈനികരെ വധിച്ചു.

ഇടതുപക്ഷ തീവ്രവാദി സംഘടനകളല്ലാത്ത, മറ്റ് തീവ്രവാദി സംഘടനകളുമായും ഗണപതി ബന്ധം പുലര്‍ത്തിയിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തീവ്രവാദ ഗ്രൂപ്പുകളുമായും ശ്രീലങ്കയിലെ എല്‍ടിടിഇയുമായും ഫിലിപ്പൈന്‍സിലെ തീവ്രവാദ സംഘടനകളുമായും മറ്റും ഗണപതിക്ക് ബന്ധമുണ്ടായിരുന്നു. ഇതിലൂടെ സിപിഐ മാവോയിസ്റ്റ് പാര്‍ട്ടിക്ക് ആയുധങ്ങളും പിന്തുണയും കണ്ടെത്താന്‍ ഗണപതിക്ക് കഴിഞ്ഞു. സായുധ വിപ്ലവ തീവ്രവാദ ലൈനിലായിരുന്നെങ്കിലും രാഷ്ട്രീയമായ മുന്നേറ്റങ്ങള്‍ക്കും സംഘാടനത്തിനും ഗണപതി പ്രാധാന്യം നല്‍കിയപ്പോള്‍ മാവോയിസ്റ്റുകളുടെ സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ ചെയര്‍മാനായിരുന്ന ബസവരാജു കൂടുതല്‍ തീവ്രമായ സൈനിക ലൈന്‍ ആണ് ആവശ്യപ്പെട്ടത്. ബസവരാജു സംഘടനയില്‍ കരുത്തനാവുകയും ജനറല്‍ സെക്രട്ടറിയാവുകയും ഗണപതിയ്ക്ക് പുറത്തുപോകേണ്ടി വരുകയും ചെയ്തു.

അതേസമയം, സിപിഐ മാവോയിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച് 16 വര്‍ഷമാകുമ്പോളാണ് ഗണപതിയുടെ ഈ കീഴടങ്ങല്‍ തീരുമാനം. 2004 സെപ്റ്റംബര്‍ മുതല്‍ 2018 വരെ സിപിഐ മാവോയിസ്റ്റിനെ നയിച്ചത് ഗണപതിയാണ്. ഇക്കാലത്താണ് അന്നത്തെ പ്രധാമന്ത്രി മന്‍മോഹന്‍ സിംഗ്, ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര സുരക്ഷാഭീഷണിയെന്ന് സിപിഐ മാവോയിസ്റ്റിനെ വിളിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: