ജോസ് കെ മാണിയെ യു ഡി എഫിലെത്തിക്കാൻ നിർണായക നീക്കം ,ലക്‌ഷ്യം 14 നിയമസഭാ സീറ്റുകൾ ,ജോസ് കെ മാണിയെ പിടിക്കാൻ സിപിഎമ്മും
പാർട്ടി ചിഹ്നം കിട്ടിയതോടെ കേരള കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ ജോസ് കെ മാണി ശക്തനായി .പിന്നാലെ ചിഹ്നവും “എമ്മും “പി ജെ ജോസഫ് ഉപേക്ഷിച്ചു .
രാജ്യസഭാ തെരഞ്ഞെടുപ്പിലെ വിപ്പ് ലംഘനത്തിന്റെ ഭീതിയിൽ ആണ് പി ജെ ജോസഫ് .ജോസ് തുനിഞ്ഞിറങ്ങിയാൽ ജോസഫ് അടക്കമുള്ളവർക്ക് അയോഗ്യത വരെ വരാം .പി ജെ ജോസഫിനും മോൻസ് ജോസഫിനും എതിരെ പരാതി നൽകാനാണ് ജോസിന്റെ തീരുമാനം .
ഇതിനിടെ ഇടുക്കി ജില്ലയിലെ ഭൂ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു ജോസഫ് വിഭാഗം ചെറുതോണിയിൽ നടത്തി വന്ന സമരത്തിലെ പന്തലിൽ നിന്ന് രണ്ടില ചിഹ്നവും “എമ്മും “അപ്രത്യക്ഷമായി .ജോസഫ് പഴയ പാർട്ടി പുനരുജ്ജീവിപ്പിക്കുന്നതിന്റെ സൂചന ആണിത് .
ചിഹ്നം കിട്ടിയതോടെ കോട്ടയം ,പത്തനംതിട്ട ജില്ലകളിലെ 14 സീറ്റിൽ ജോസ് വിഭാഗത്തിന്റെ സ്വാധീനം ശക്തമാകും .ഇത് മുന്നിൽ കണ്ടാണ് ജോസ് വിഭാഗത്തെ പുറത്താക്കാൻ ചേരാൻ ഇരുന്ന യുഡിഎഫ് യോഗം മാറ്റിവച്ചത് .മുന്നണിയിൽ കൂട്ടായ തീരുമാനം ഉണ്ടാകട്ടെ എന്നാണ് കോൺഗ്രസ്സ് നിലപാട് .ജോസ് കെ മാണി വിഭാഗവുമായുള്ള ബന്ധം അടഞ്ഞ അധ്യായം അല്ലെന്നു കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിക്കുകയും ചെയ്തു .
വിഷയത്തിൽ കത്തോലിക്ക മെത്രാന്മാരും ഇടപെടുന്നുണ്ടെന്നാണ് വിവരം .ജോസഫിനെ പിണക്കരുതെന്നാണ് ജോസിനോട് ഇവർക്ക് പറയാനുള്ളത് .
നിയമസഭാ -തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ തങ്ങൾക്ക് ലഭിച്ച മുഴുവൻ സീറ്റുകളും വേണമെന്നതാണ് ജോസ് കെ മാണി വിഭാഗത്തിന്റെ നിലപാട് .നിയമസഭാ തെരഞ്ഞെടുപ്പിൽ ചങ്ങനാശ്ശേരി ,കടുത്തുരുത്തി സീറ്റുകൾ വേണമെന്ന് നിർബന്ധം പിടിക്കും .ഈ മണ്ഡലങ്ങളിലെ എംഎൽഎമാർ ഇപ്പോൾ പി ജെ ജോസഫിന് ഒപ്പമാണ് .
ജോസ് കെ മാണിയുമായുള്ള സഹകരണം സിപിഐഎമ്മും ആഗ്രഹിക്കുന്നുണ്ട് .മധ്യതിരുവിതാംകൂറിൽ ജോസ് കെ മാണി പക്ഷത്തിനു പരമാവധി സീറ്റുകൾ നൽകി ഒപ്പം നിർത്താൻ ആണ് സിപിഐഎം പദ്ധതി .
രണ്ടില ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച തദ്ദേശ ഭരണ പ്രതിനിധികളുടെ യോഗം വിളിച്ചു ചേർക്കാൻ ആണ് ജോസ് കെ മാണി തീരുമാനിച്ചിട്ടുള്ളത് .പാർട്ടിയുടെ പേരും ചിഹ്നവും കൈവശം ഉള്ളപ്പോൾ ജോസഫ് പക്ഷത്തുള്ളവരെ കൂടി മറുകണ്ടം ചാടിക്കാൻ ആവും എന്നാണ് ജോസ് വിഭാഗം കരുതുന്നത് .