NEWS

ലൈംഗിക താല്പര്യം വ്യക്തിപരം, അതിൽ കേന്ദ്രത്തിനെന്താണ് കാര്യം?

ശേഖരിക്കുന്നത് ആരോഗ്യ ഡേറ്റയാണ്, എന്നാല്‍ അറിയേണ്ടത് നിങ്ങളുടെ ലൈംഗിക താല്‍പ്പര്യമാണ്, സാമ്പത്തിക സ്ഥിതിയാണ്, നിങ്ങളുടെ രാഷ്ട്രീയ താല്‍പ്പര്യമാണ്, നിങ്ങളുടെ ജാതിയാണ്. ഇതിന്റെ പിന്നിലെ യുക്തി എന്താണ്.

കേന്ദ്രത്തിന്റെ പോക്ക് ഇത് എങ്ങോട്ട് എന്ന് ചോദിക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന കരട് ആരോഗ്യനയം.

Signature-ad

പൗരന്‍മാരുടെ പേരും വയസ്സും പോരാ അത്രേ,ജാതിയും മതവും പോരാത്തതിന് ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്ന് ചെല്ലുന്ന ലൈംഗിക താല്‍പ്പര്യം, രാഷ്ട്രീയ ആഭിമുഖ്യം,സാമ്പത്തിക നില പോലും ആവശ്യപ്പെടുന്നു. ഇത് ഒരുതരം മാനസികചൂഷണത്തിന് തുല്യമല്ലേ. സെപ്റ്റംബര്‍ മൂന്ന് വരെ പൊതുജനങ്ങള്‍ക്ക് നയത്തില്‍ അഭിപ്രായം പറയാം എന്നിരുന്നാലും സാധാരണക്കാരന്റെ അഭിപ്രായത്തിന് പരിഗണന ലഭിക്കാറില്ല.

വിചിത്രമായ ഒരു കരട് രേഖയാണ് ഇപ്പോള്‍ മോദി സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെങ്കോട്ട പ്രസംഗത്തിലാണ് ഓരോ പൗരനും ഒരു ഹെല്‍ത്ത് ഐഡി എന്ന പ്രഖ്യാപനമുണ്ടായത്. അതില്‍ രോഗനിര്‍ണയം, പരിശോധന, കഴിക്കേണ്ട മരുന്നുകള്‍ ഈ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടുളള ഒരു ഡേറ്റ ബേസില്‍ ഉളള രീതിയിലാണ് അദ്ദേഹം അന്ന് ആ പ്രഖ്യാപനം നടത്തിയത്. പക്ഷേ ഇപ്പോള്‍ പരിധികള്‍ ലംഘിക്കുന്നതായിട്ടാണ് കാണാന്‍ സാധിക്കുന്നത്. വ്യക്തിയുടെ സ്വകാര്യ വിവരങ്ങളില്‍ കൂടി അതിസ്വകാര്യ വിവരങ്ങള്‍ കൂടി ശേഖരിക്കപ്പെടുന്നു.

ജാതിയും മതവും ചോദിക്കുന്നതിനൊപ്പം നിങ്ങളുടെ ലൈംഗിക താല്‍പ്പര്യം എങ്ങനെയാണ്. നിങ്ങള്‍ ഉഭയ ലൈംഗിക താല്‍പ്പര്യമുളളവരാണോ, നിങ്ങള്‍ ട്രാന്‍സ് ജെന്‍ഡറാണോ അതോ സാധാരണ ലൈംഗിക ജീവിതം നയിക്കുന്ന ആളാണോ തുടങ്ങിയ വിവരങ്ങള്‍, നിങ്ങളുടെ രാഷ്ട്രീയ ചായ്‌വ്, സാമ്പത്തിക വിവരങ്ങള്‍ നല്‍കുന്നതിനൊപ്പം ക്രെഡിറ്റ് കാര്‍ഡിന്റെയും ഡെബിറ്റ് കാര്‍ഡിന്റെയും വിവരങ്ങള്‍ നല്‍കണമെന്നാണ് കരടിലെ നിര്‍ദേശങ്ങള്‍.

നേരത്തെ വിവര ചോര്‍ച്ചയുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ പല കോണുകളില്‍ നിന്ന് ആശങ്കകള്‍ ഉയര്‍ന്നിരുന്നു. മാത്രമല്ല ഈ പ്രഖ്യാപനത്തിന് ശേഷം പ്രതിപക്ഷം രംഗത്തെത്തുകയും ഈ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. കാരണം നിലവില്‍ ഡേറ്റ പ്രോട്ടക്ഷന്‍ ബില്‍ പാര്‍ലമെന്റ് സമിതിക്ക് മുമ്പിലാണ്. അതിനപ്പുറം യാതൊരു ചര്‍ച്ചയും നടന്നിട്ടുമില്ല. അപ്പോള്‍ ഇതില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത് പ്രധാനമന്ത്രി ഏകപക്ഷീയമായൊരു പ്രഖ്യാപനം നടത്തുകയായിരുന്നു എന്നായിരുന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഇപ്പോള്‍ ആ ആശങ്കയൊക്കെ ശരിവെക്കുന്നതാണ് ഈ രീതിയില്‍ സ്വകാര്യ വിവരങ്ങളും അതിസ്വകാര്യ വിവരങ്ങളും ചികഞ്ഞെടുക്കുന്ന ഒരു നടപടി കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത്.

അതേസമയം, തന്നെ ഈ വിവരങ്ങള്‍ നല്‍കാതിരിക്കാന്‍ വ്യക്തികള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും കരടില്‍ പറയുന്നുണ്ട്. താത്പര്യമുണ്ടെങ്കില്‍ മാത്രം ഈ വിവരങ്ങള്‍ നല്‍കിയാല്‍ മതിയാകും. അല്ലാത്തപക്ഷം ഈ ഹെല്‍ത്ത് ഐ.ഡി. കാര്‍ഡ് വേണ്ടെന്നു വെക്കാന്‍ വ്യക്തികള്‍ക്ക് അവകാശമുണ്ടെന്നും കരടില്‍ പറയുന്നു. ഈ വിവരങ്ങള്‍, കേന്ദ്രതലത്തിലും സംസ്ഥാന തലത്തിലും അതത് ചികിത്സ കേന്ദ്രങ്ങളില്‍ മാത്രമേ സൂക്ഷിക്കുകയുള്ളൂവെന്നും ഗവേഷണത്തിന് വിവരങ്ങള്‍ നല്‍കുകയാണെങ്കില്‍ ആ വ്യക്തിഗത വിവരങ്ങള്‍ പുറത്തുവിടരുതെന്ന നിര്‍ദേശവും കരടില്‍ നല്‍കിയിട്ടുണ്ടെന്നും പറയുന്നു. എന്നാലും ഇതില്‍ എത്രത്തോളം വിശ്വാസ്യത യുണ്ടെന്ന് ജനങ്ങള്‍ക്കിടയിലെ ചോദ്യചിഹ്നമായി നിലനില്‍ക്കുന്നു.

Back to top button
error: