TRENDING

പ്രവാസികളുടെ ഓണം വര്‍ണാഭമാക്കാന്‍ ഇന്ത്യയില്‍ നിന്ന് 15 ടണ്‍ പൂക്കള്‍

ഓണം എന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. ഇത്തവണ കോവിഡും ലോക്ക്ഡൗണും ഓണത്തിന് മങ്ങലേല്‍പ്പിച്ചിട്ടുണ്ടെങ്കിലും അത് ഒന്നും വക വെയ്ക്കാതെ ഓണത്തെ വരവേല്‍ക്കാനുളള ഒരുക്കത്തിലാണ് മലയാളികള്‍. എന്നാല്‍ പ്രവാസിമലയാളികളെ സംബന്ധിച്ചിടത്തോളം നാട്ടിലെ ഓണം അവര്‍ക്ക് ഒരുപാട് മിസ്സ് ചെയ്യുന്നു എന്നത് തന്നെയാണ്. എന്നാല്‍ ആ വിടവ് നികത്താന്‍ പ്രവാസികളും പരിശ്രമിക്കാറുണ്ട്.

ഇത്തവണ പ്രവാസി മലയാളികളുടെ ഓണം വര്‍ണാഭമാക്കാന്‍ ഇന്ത്യയില്‍ നിന്ന് 15 ടണ്‍ പൂക്കളാണ് യുഎഇയിലെത്തുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ അവരേയും ബാധിച്ചിട്ടുണ്ടെങ്കിലും ആഘോഷത്തിന്റെ വര്‍ണവസന്തം തീര്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് പ്രവാസികളും.

ഇതിനായി മുല്ലപ്പൂ, ചെണ്ടുമല്ലി, അരളി, റോസ്, ലില്ലി, ജമന്തി, ചെത്തിപ്പൂ, വാടാമല്ലി തുടങ്ങി വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കള്‍ തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലെത്തിച്ചു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ വഴി വന്ദേഭാരത്, ചാര്‍ട്ടേഡ് വിമാനങ്ങളിലായാണ് യുഎഇയില്‍ കൊണ്ടുവരുന്നത്. വിമാന സര്‍വീസുകളുടെ എണ്ണം കുറഞ്ഞത് പ്രശ്‌നമാണെങ്കിലും ലഭ്യമാകുന്ന വിമാനങ്ങളിലെല്ലാം പൂക്കള്‍ എത്തിച്ചാണ് ഓണാഘോഷങ്ങള്‍ക്കു നിറംചാര്‍ത്തുന്നത്.

മധുര, കോയമ്പത്തൂര്‍, ട്രിച്ചി, ബെംഗളൂരു, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നാണ് പൂക്കള്‍ എത്തുന്നത്. കോവിഡ് പ്രതിസന്ധിമൂലം സാധാരണ വിമാന സര്‍വീസുകളുടെ അഭാവത്തില്‍ വന്‍ വില കൊടുത്താണ് പൂക്കള്‍ എത്തിക്കുന്നതെന്നു ഈ രംഗത്ത് 4 പതിറ്റാണ്ടായുളള എസ് പെരുമാള്‍ പറയുന്നു. വിവിധ എമിറേറ്റുകളിലായി 15 കടകളിലൂടെയാണ് പൂക്കള്‍ വിതരണം ചെയ്യുന്നത്. മുന്‍ വര്‍ഷങ്ങളിലെപ്പോലെ മുന്‍കൂട്ടി ഓര്‍ഡര്‍ ലഭിച്ചിട്ടില്ലെങ്കിലും തിരുവോണം അടുക്കുന്തോറും നാടിന്റെ ഓര്‍മകള്‍ ഉണരുന്ന മലയാളികള്‍ പൂ വാങ്ങാതിരിക്കില്ലെന്ന പ്രതീക്ഷയിലാണ് പെരുമാള്‍.

കഴിഞ്ഞ വര്‍ഷം യുഎഇയില്‍ 25ടണ്‍ പൂക്കളാണ് എത്തിച്ചിരുന്നത്. അതേസമയം, ഇത്തവണ കോവിഡ് മൂലം തമിഴ്‌നാട്ടിലെ പൂ കൃഷിക്കാര്‍ പ്രതിസന്ധിയിലായതിനാല്‍ ലഭ്യതക്കുറവുമുണ്ട്.

Back to top button
error: