പെരിയ ഇരട്ടക്കൊലക്കേസില്‍ സര്‍ക്കാരിന് തിരിച്ചടി; അന്വേഷണം സിബിഐക്ക്‌

കൊച്ചി: പെരിയ ഇരട്ടക്കൊല കേസില്‍ സര്‍ക്കാരിന് തിരിച്ചടി. അന്വേഷണം സിബിഐയ്ക്ക് കൈമാറിയതിന് എതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരുന്നു അതാണ് ഇപ്പോള്‍ ഹൈക്കോടതി തളളിയിരിക്കുന്നത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. എന്നാല്‍ പോലീസിന്റെ കുറ്റപത്രം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധി ഇതുവരെ അംഗീകരിച്ചിട്ടില്ല. അതേസമയം, വാദം പൂര്‍ത്തിയായി 9 മാസത്തിന് ശേഷമാണ് കേസില്‍ ഹൈക്കോടതി വിധി പറയുന്നത്.

ഒമ്പത് മാസം പിന്നിട്ടിട്ടും വിധി പറയാത്ത ഹൈക്കോടതി നടപടി സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണെന്ന് കാണിച്ചു കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ കേസ് മറ്റൊരു ബെഞ്ചിന് വിടണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ തിങ്കളാഴ്ച പുതിയ ഹര്‍ജി നല്‍കിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് കേസില്‍ ഇന്ന് വിധി പറയുമെന്ന് ഹൈക്കോടതി അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ പതിനാറിനാണ് പെരിയ ഇരട്ടക്കൊലക്കേസ് സിബിഐയ്ക്ക് വിട്ടതിന് എതിരായ സര്‍ക്കാര്‍ അപ്പീലില്‍ വാദം പൂര്‍ത്തിയായത്. പക്ഷേ വാദം പൂര്‍ത്തിയായി ഒമ്പത് മാസം കഴിഞ്ഞെങ്കിലും ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് സി.ടി.രവികുമാറും അടങ്ങിയ ഡിവിഷന്‍ ബഞ്ച് കേസില്‍ വിധി പറഞ്ഞിരുന്നില്ല.

സര്‍ക്കാര്‍ അപ്പീലില്‍ ഹൈക്കോടതി വിധി പറയാത്തതിനാല്‍ അന്വേഷണം നിലച്ചിരിക്കുകയാണെന്ന് സിബിഐയും കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 30നാണ് പെരിയ ഇരട്ടക്കൊലപാതക കേസ് ഹൈക്കോടതിക്ക് വിട്ടത്. അന്വേഷണ സംഘത്തെ നിശിതമായി വിമര്‍ശിച്ച കോടതി കുറ്റപത്രം റദ്ദാക്കുകയും ചെയ്തു. ഒക്ടോബര്‍ 28നാണ് ഈ ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. പിന്നീട് ലക്ഷങ്ങള്‍ മുടക്കി സുപ്രീം കോടതി അഭിഭാഷകരെയും സര്‍ക്കാര്‍ രംഗത്തിറക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *