വെട്ടുകിളി വ്യാപനത്തിന് കാരണം ഫെറോമോണുകള്‍: ഗവേഷകര്‍
ലോകത്ത് ഭീതി വിതച്ച് കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉയര്‍ന്ന് കേട്ട മറ്റൊന്നായിരുന്നു വെട്ടുകിളി വ്യാപനം. കേരളത്തില്‍ മലപ്പുറം,വയനാട് തുടങ്ങി ചിലയിടങ്ങളില്‍ ഇവ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും എണ്ണം തീരെകുറവായതിനാല്‍ കൃഷിയിടങ്ങള്‍ ആക്രമിക്കാന്‍ ഇവയ്ക്കാവില്ല.
അതേസമയം, ഏറ്റവും കൂടുതല്‍ നാശം വിതച്ചത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലായിരുന്നു. കോടിക്കണക്കിന് കൃഷിനാശമാണ് അവര്‍ നേരിട്ടത്. എന്നാല്‍ ഈ വെട്ടുകിളി ആക്രമണത്തെ ചെറുക്കാന്‍ പല വഴികളും നോക്കിയിരുന്നെങ്കിലും അവയൊന്നും വേണ്ടത്ര ഫലം ചെയ്തില്ല. ഇപ്പോഴിതാ ഇവയ്‌ക്കെതിരെയുളള പഠനം നടത്തിയവര്‍ പുതിയ ഒരു ആശയമാണ് മുന്നോട്ട് വെയ്ക്കുന്നത്. ഭക്ഷണം ലക്ഷ്യമിട്ടല്ല വെട്ടുകിളികള്‍ കൂട്ടത്തോടെ എത്തുന്നതെന്നും ഭക്ഷണത്തിനൊപ്പം മറ്റൊരുവസ്തു കൂടി അവയെ കൂട്ടത്തോടെ കൃഷിയിടങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ കാരണമാകുന്നുണ്ടെന്നും ഗവേഷകര്‍ പറയുന്നു.
അവയാണ് ഫെറോമോണുകള്‍. ഒരേ വര്‍ഗത്തില്‍ പെട്ടതോ മറ്റ് വര്‍ഗങ്ങളില്‍ പെടുന്നതോ ആയ ജീവികളെ ആകര്‍ഷിക്കാന്‍ ശേഷിയുള്ള ഒരു ജീവിയുടെ വിസര്‍ജ്യ വസ്തുവിനെയാണ് ഫെറോമോണ്‍ എന്നു വിളിക്കുന്നത്. ചില ജീവികള്‍ ഇത് ഇണയെ ആകര്‍ഷിക്കാനും മറ്റു ചിലവ ഇത് ഇരയെ ആകര്‍ഷിക്കാനുമായി ഉപയോഗിക്കാറുണ്ട്. ഇത്തരത്തില്‍ വെട്ടുകിളികള്‍ തന്നെ ഉല്‍പാദിപ്പിക്കുന്ന ഒരു തരം ഫെറോമോണാണ് ഇവയെ ഇത്ര വലിയ കൂട്ടമാക്കി മാറ്റുന്നതെന്നാണ് ഇപ്പോള്‍ ഗവേഷക ലോകത്തിന്റെ നിഗമനം.
സാധാരണ ഗതിയിയില്‍ ഏകാന്ത ജീവിതം നയിക്കുന്നവയാണ് വെട്ടുകിളികള്‍. അതേസമയം ചില പ്രത്യേക സമയങ്ങളില്‍ മാത്രം ഇത് മാറ്റി വച്ച് കൂട്ടം കൂടി ആയിരക്കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിക്കണമെങ്കില്‍ അതിന് ഒരു പ്രേരകമായ ഒരു ഘടകം ആവശ്യമാണ്. ഈ പ്രേരകമായ വസ്തു, വെട്ടുകിളികള്‍ തന്നെ ഉല്‍പാദിപ്പിക്കുന്ന ഒരു ഫെറോമാണാണ് എന്നതാണ് പഠനത്തില്‍ വ്യക്തമായിരിക്കുന്നത്.
നാലോ അതിലധികമോ വെട്ടുകളികള്‍ ഒരുമിച്ച് കൂടിയാല്‍ അവ ഈ ഫെറോമോണ്‍ ഉല്‍പാദിപ്പിക്കാന്‍ തുടങ്ങും. കൂടുതല്‍ വെട്ടുകളികള്‍ ഈ ഫെറോമോണ്‍ മൂലം ഇവിടേക്കെത്തുന്നതോടെ ഫെറോമോണിന്റെ ഉല്‍പാദനവും ഇതിന് അനുസൃതമായി വര്‍ധിക്കും. വൈകാതെ വലിയൊരു വെട്ടുകിളി കൂട്ടമായി മാറുകയും ചെയ്യും.
അതേസമയം, ഈ ഫെറോമോണിന്റെ കണ്ടെത്തല്‍ ഇവയെ കുടുക്കാനുള്ള ഒരു സാധ്യത കൂടി തുറന്നിടുകയാണ്. വലിയ തോതില്‍ വെട്ടുകളി ആക്രമണ ഭീഷണിയുണ്ടാകും എന്ന അവസ്ഥയില്‍ ഏതെങ്കിലും പ്രദേശത്ത് ഈ ഫെറോമോണ്‍ കൃത്രിമമായി വിതറുക. ഇതോടെ വെട്ടുകിളികള്‍ ഈ മേഖലയിലേക്ക് കൂട്ടത്തോടെയെത്തും. ഈ സാഹചര്യത്തില്‍ വലിയ തോതില്‍ കീടനാശിനി തളിച്ച് ഇവയെ ഇല്ലാതാക്കാനും കഴിയുമെന്നാണ് ഗവേഷകര്‍ ഈ പഠനത്തിലൂടെ പറയുന്നു.