LIFE

തിരക്കഥ ലൊക്കേഷനിലിരുന്ന് എഴുതി സൂപ്പര്‍ ഹിറ്റായ ജോഷി ചിത്രം

ജോഷി-മമ്മൂട്ടി-ഡെന്നിസ് ജോസഫ് കൂട്ടുകെട്ട് മലയാളികള്‍ക്ക് ഏറ്റവും പ്രീയപ്പെട്ട കോംബിനേഷനാണ്. ഇവര്‍ മൂന്നു പേരും ഒരുമിച്ചപ്പോള്‍ പിറന്ന ചിത്രങ്ങളില്‍ ഭൂരിഭാഗവും വിജയങ്ങളാണ്. എന്നാല്‍ അത്ര സുഖകരമല്ലാത്ത ഒരു കാലഘട്ടത്തിലൂടെയും തങ്ങള്‍ കടന്നു പോയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തിരക്കഥാകൃത്തായ ഡെന്നിസ് ജോസഫ്. മമ്മൂട്ടിയെ നായകനാക്കി ഡെന്നിസ് ജോസഫ് തിരക്കഥയൊരുക്കിയ ജോഷി സംവിധാനം ചെയ്ത ചിത്രങ്ങള്‍ തുടരെ പൊളിഞ്ഞ ഒരു കാലഘട്ടമുണ്ടായിരുന്നു. മമ്മൂട്ടിയെന്ന താരത്തിന്റെ യുഗം അവസാനിച്ചെന്ന് പലരും പറഞ്ഞു.

മമ്മൂട്ടിയെ തിരികെ കൊണ്ടു വരാന്‍ ജോഷി-ഡെന്നിസ് ജോസഫ് സംഘം പല കഥകളും ആലോചിച്ചെങ്കിലും ഒന്നും ശരിയാവാതെ പോയി. പയ്യമ്പള്ളി ചന്തു എന്ന കഥാപാത്രത്തെ വെച്ചൊരു സിനിമ ചെയ്യാം എന്ന തിരക്കഥാകൃത്തിന്റെ ആശയം ഏവര്‍ക്കും ഇഷ്ടപ്പെടുകയും എന്നാല്‍ മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കോംബിനേഷനില്‍ അത്തരമൊരു ചിത്രം ഒരുങ്ങുവെന്നറിഞ്ഞപ്പോള്‍ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പിന്നീടാണ് ന്യൂഡല്‍ഹി എന്ന ചിത്രത്തിന്റെ കഥാതന്തു ഡെന്നിസ് ജോസഫ് പറയുന്നതും അത് സിനിമയായി സംഭവിക്കുന്നതും

തുടര്‍ച്ചയായി പരാജയങ്ങള്‍ ഏറ്റുവാങ്ങിയതു കൊണ്ട് തന്നെ ന്യൂഡല്‍ഹിയുടെ തിരക്കഥ ശക്തമായിരിക്കണമെന്ന് തിരക്കഥാകൃത്തിന് നിര്‍ബന്ധം ഉണ്ടായിരുന്നു. പല കുറി തിരക്കഥ മാറ്റിയെഴുതിയെങ്കിലും ഒന്നിലും തൃപ്തനാവാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ഷൂട്ടിംഗിന് വേണ്ടി ന്യൂഡല്‍ഹിയിലേക്ക് പോവുമ്പോളും ആകെ ഉണ്ടായിരുന്നത് 13 സീന്‍ മാത്രമായിരുന്നു. പിന്നീട് ഷൂട്ടിംഗ് തുടങ്ങിയ ശേഷം അന്നന്നത്തെ സീന്‍ രാവിലെ എഴുതി നല്‍കുന്ന പതിവായിരുന്നു ഉണ്ടായിരുന്നത്. എങ്കിലും ചിത്രം വലിയ വിജയമാവുകയും മമ്മൂട്ടിയെന്ന താരം തിരികെ പഴയ ശോഭയിലേക്ക് തിരിച്ചെത്തുകയും ചെയ്തു.

Back to top button
error: