NEWS

60 വയസ്സ് കഴിഞ്ഞവര്‍ തുടര്‍ച്ചയായി പ്രസവിക്കുന്നു; അന്വേഷണത്തില്‍ ഞെട്ടിക്കുന്ന തട്ടിപ്പ് പുറത്ത്‌

മുസാഫര്‍പുര്‍; കാലിത്തീറ്റ കുഭകോണ കേസിന് സമാനമായ തട്ടിപ്പ് വീണ്ടും ബിഹാറില്‍. അന്ന് കേസില്‍ മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് ഉള്‍പ്പെടെ ജയില്‍ ശിക്ഷ അനുഭവിക്കുമ്പോള്‍ ഇപ്പോഴിതാ ജെഡിയു നേതാവ് നിതിഷ് കുമാര്‍ ഭരിക്കുമ്പോള്‍ സര്‍ക്കാര്‍ പദ്ധതികളുടെ പേരില്‍ വേറൊരു തട്ടിപ്പ്.

പെണ്‍കുട്ടികള്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന പണം തട്ടാനാണ് ഇവിടെ ശ്രമം നടക്കുന്നത്. അതിനായി 60 വയസ്സുകഴിഞ്ഞവര്‍ ഉള്‍പ്പെടെ നിരന്തരം പ്രസവിക്കുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ അധികൃതരുടെ മുന്നിലെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്ത് വരുന്നത്.

Signature-ad

പെണ്‍ശിശുഹത്യകള്‍ വര്‍ധിച്ച സാഹചര്യത്താലാണ് സര്‍ക്കാര്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി നിശ്ചിത തുക നല്‍കാന്‍ തീരുമാനിച്ചത്. പെണ്‍കുട്ടികളുടെ പഠനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും വേണ്ടിയായിരുന്നു ഈ തുക.

കുറച്ച് മാസങ്ങളായി മുസാഫര്‍പുര്‍ ജില്ലയിലെ മുസാഹരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഉപേന്ദ്ര ചൗധരിക്ക് അസാധാരണമായ ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. 60 വയസ്സ് കഴിഞ്ഞവര്‍ തുടര്‍ച്ചയായി പ്രസവിക്കുന്നു. ഈ സംഭവം അന്വേഷിച്ച് ചെന്നപ്പോള്‍ ഗൈനക്കോളജിസ്റ്റുകള്‍ക്ക് പോലും ഇതിന് പിന്നിലെ കാരണം വ്യക്തമല്ലായിരുന്നു. അതില്‍ പലരും കുട്ടികള്‍ക്കായുളള ഗ്രാന്റും കൈപ്പറ്റിയിരുന്നു. തുടര്‍ന്ന് ഉപേന്ദ്ര ചൗധരി സംഭവത്തെപ്പറ്റി പോലീസില്‍ പാരതിപ്പെടുകയായിരുന്നു. ഇതോടെ വലിയ ഒരു അഴിമതിയുടെ ചുരുളഴിയുകയായിരുന്നു.

14 മാസത്തിനിടെ ലീല ദേവി എന്ന അറുപത്തിയഞ്ചുകാരി ജന്മം കൊടുത്തത് എട്ടു പെണ്‍കുട്ടികള്‍ക്കായിരുന്നു. ഓരോരുത്തര്‍ക്കും 1400 രൂപ വീതം ആകെ 11,200 രൂപ അവരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്തു. അതു പിന്‍വലിച്ചതായും രേഖകളുണ്ട്. 60 കഴിഞ്ഞ ശാന്തി ദേവി ഒന്‍പതു മാസത്തിനിടെ പ്രസവിച്ചത് അഞ്ചു പെണ്‍കുഞ്ഞുങ്ങളെ. ഇവരുടെ വിവരങ്ങളെല്ലാം ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. 60 കഴിഞ്ഞ സോണിയ ദേവി അഞ്ചു മാസത്തിനിടെ ജന്മം നല്‍കിയത് നാലു പെണ്‍കുഞ്ഞുങ്ങള്‍ക്ക്. ഇങ്ങനെ നീളുന്നു സംഭവത്തിന് പിന്നിലെ കഥ. പിന്നീട് ഇവരോടു കാര്യം പറഞ്ഞപ്പോഴാണ് പലരും അമ്പരന്നു പോയത്. പെണ്‍കുട്ടികള്‍ക്കായുള്ള പണമാണെന്നു പറഞ്ഞിരുന്നു, അതുപക്ഷേ നവജാത ശിശുക്കള്‍ക്കാണെന്ന് ഇവരോട് പറഞ്ഞിരുന്നില്ല. പണം കൈപ്പറ്റിയ പലരുടെയും മക്കള്‍ക്ക് അപ്പോഴേക്കും 30 വയസ്സ് തികഞ്ഞിരുന്നു. പലരും പ്രസവം നിര്‍ത്തിയിട്ടും വര്‍ഷങ്ങളായി.

ഈ വന്‍ തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി നടപടിയെടുക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രശേഖര്‍ സിങ് നിര്‍ദേശിച്ചു . ഉന്നതതല അന്വേഷണത്തിന്റെ ഭാഗമായി അഡി. ജില്ലാ കകലക്ടര്‍ രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെയും നിയോഗിച്ചു. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് മൂന്നു മാസത്തിനിടെ നടക്കാനിരിക്കെയാണ് തട്ടിപ്പ് പുറത്തുവന്നിരിക്കുന്നത്. കേന്ദ്ര ഫണ്ട് അട്ടിമറിക്കപ്പെടുന്നുണ്ടോയെന്നു കണ്ടെത്താന്‍ സംസ്ഥാനമൊട്ടാകെ അന്വേഷണത്തിനും നീക്കമുണ്ട്.

Back to top button
error: