NEWS

രാഹുൽ ഗാന്ധിയുടെ മടങ്ങിവരവിന് കളമൊരുങ്ങി ,കോൺഗ്രസ് പ്രവർത്തക സമിതി അടുത്തയാഴ്ച ,സോണിയയുടെ നീക്കം ഇങ്ങനെ

നേതൃപ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കോൺഗ്രസിന്റെ നിർണായക പ്രവർത്തക സമിതി യോഗം അടുത്തയാഴ്ച .പാർട്ടിയുടെ സംഘടനാ തലത്തിൽ ഏറെ മാറ്റങ്ങൾ വരാൻ പോകുന്ന പ്രവർത്തക സമിതി യോഗം എന്ന് ഈ യോഗത്തെ കോൺഗ്രസ്സ് ചരിത്രം രേഖപ്പെടുത്തും .

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണക്കാരായവരെ എണ്ണിപ്പറഞ്ഞാണ് രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനം വലിച്ചെറിഞ്ഞ് സാധാരണ പ്രവർത്തകൻ ആയത് .നെഹ്‌റു -ഗാന്ധി കുടുംബത്തിലെ ആരെയും ആ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്നും രാഹുൽ പറഞ്ഞു വച്ചു .എന്നാൽ ആ നിർദ്ദേശം പ്രവർത്തക സമിതി തള്ളി. സോണിയ ഗാന്ധി താൽക്കാലിക അധ്യക്ഷയായി ചുമതലയേറ്റു .

സോണിയ ആ സ്ഥാനത്ത് നിന്ന് മാറണമെന്ന് ഏറെ ആഗ്രഹിക്കുന്നത് അവർ തന്നെയാണ് .എന്നാൽ രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറല്ല എന്നതാണ് വിഷയം .നെഹ്‌റു -ഗാന്ധി കുടുംബത്തിൽ നിന്നല്ലാതെ ഒരാൾ പാർട്ടിയെ നയിച്ചാലുള്ള പ്രതിസന്ധി സോണിയക്ക് നന്നായി അറിയാം .ഒന്നാമത്തെ കാരണം പാർട്ടിയിൽ രണ്ട് അധികാര കേന്ദ്രങ്ങൾ ഉണ്ടാവും എന്നതാണ് .രണ്ടാമത്തെ കാര്യം മറ്റൊരു നേതാവിനെ പാർട്ടി നേതാക്കളും അണികളും അനുസരിക്കുമോ എന്ന ഉൾഭയവും .

എന്തായാലും ഒടുവിൽ പ്രവർത്തക സമിതി യോഗം ചേരാൻ തീരുമാനിച്ചിരിക്കുകയാണ് .ഈ  യോഗത്തിൽ വച്ച് കോൺഗ്രസിന്റെ പുതിയ അധ്യക്ഷനെ കുറിച്ച് തീരുമാനം ഉണ്ടാകും .അത് മറ്റാരുമല്ല രാഹുൽ ഗാന്ധി തന്നെയാണ് .അതിശക്തമായ സമ്മർദ്ദം രാഹുൽ ഗാന്ധിക്ക് മുകളിൽ ഉണ്ടാകും .രാഹുലിന്റെ ഏതു ഉപാധികളും കോൺഗ്രസ്സ് അംഗീകരിക്കും .

രാഹുൽ കോൺഗ്രസ്സ് അധ്യക്ഷനായി തിരിച്ചെത്തും എന്നതിന്റെ രണ്ടു സൂചനകൾ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു .ഒന്ന് രാജസ്ഥാൻ വിഷയത്തിലെ രാഹുലിന്റെ ഇടപെടൽ ആണ് .സച്ചിൻ പൈലറ്റ് എന്ന യുവനേതാവിനെ രാഹുലിന് ആവശ്യമുണ്ടായിരുന്നു .രണ്ടാമത്തേത് നെഹ്‌റു- ഗാന്ധി കുടുംബത്തിൽ നിന്നുള്ള ആരും അധ്യക്ഷ സ്ഥാനത്തേക്ക് വരില്ല എന്ന പ്രിയങ്കയുടെ പഴയ പ്രസ്താവന വൈറൽ ആയപ്പോൾ കോൺഗ്രസിൽ നിന്നുണ്ടായ അതിവേഗ പ്രതികരണമാണ് .വേറെ ആരും പ്രവർത്തക സമിതിയിൽ വേറൊരു പേര് ഉയർത്തരുതെന്നു നേതൃത്വത്തിന് നിർബന്ധമുണ്ട് .ഇടഞ്ഞു നിൽക്കുന്ന സഞ്ജയ് ജാ പാർട്ടി തെരഞ്ഞെടുപ്പ് നടത്തണം എന്നാവശ്യപ്പെട്ടു നൂറിലേറെ നേതാക്കൾ സോണിയ ഗാന്ധിക്ക് കത്ത് നൽകിയെന്ന് പറഞ്ഞപ്പോഴും ഈ അതിവേഗ പ്രതികരണം കോൺഗ്രസിൽ നിന്നുണ്ടായി .രാജസ്ഥാനിൽ സർക്കാർ തന്നെ താഴെ പോകുന്ന ഘട്ടത്തിൽ പോലും പ്രതികരിക്കാതിരുന്ന നേതൃത്വമാണ് എന്നോർക്കണം .

എന്തായാലും ചുമരിലെ ചിത്രം വ്യക്തമാണ് .രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനാകും എന്ന് ഉറപ്പായി .രാജസ്ഥാൻ പ്രശ്നത്തിലെന്ന പോലെ രാഹുലിന് സഹായിയായി പ്രിയങ്കയും പാർട്ടിയിൽ രണ്ടാം സ്ഥാനക്കാരി ആയി ഉണ്ടാകും .കോൺഗ്രസ് പ്രവർത്തക സമിതിയിലെ രണ്ടു തീരുമാനങ്ങൾ ഇവയാവും .

Back to top button
error: