സര്‍ക്കാര്‍ അദാനിക്കായി ഒത്തുകളിച്ചു:മുല്ലപ്പള്ളി
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഏറ്റെടുക്കുന്നതില്‍ കേരള സര്‍ക്കാര്‍ അദാനിയുമായി ചേര്‍ന്ന് ഒത്തുകളി നടത്തിയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതും 650 ഏക്കറിലായി മുപ്പതിനായിരം കോടിയുടെ വിലയുള്ളതുമാണ് തിരുവനന്തപുരം വിമാനത്താവളം.അതാണ് ചതിയിലൂടെ കേരള സര്‍ക്കാര്‍ അദാനിക്ക് ഏറ്റെടുക്കാന്‍ അവസരമൊരുക്കിയത്. വിമാനത്താവളം ഏതുവിധേനയും അദാനിക്ക് ലഭ്യമാക്കാനുള്ള തന്ത്രങ്ങളാണ് മുഖ്യമന്ത്രി ആവിഷ്‌ക്കരിച്ചത്.സ്വകാര്യവത്കരിക്കാന്‍ നീക്കമുണ്ടായപ്പോള്‍ അതിനെ ശക്തിയുക്തം എതിര്‍ക്കുന്നതിന് പകരം സംസ്ഥാന സര്‍ക്കാര്‍ ലേലത്തില്‍ പങ്കെടുക്കുകയാണ് ഉണ്ടായത്. തുടക്കം മുതല്‍ ഇരട്ടത്താപ്പാണ് സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ കാട്ടിയത്.
ടെണ്ടര്‍ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത് അദാനിയുടെ മരുകളുടെ സ്ഥാപനമായ സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസ് എന്ന കമ്പനിയെയാണ്. ഈ കമ്പനിക്ക് 55 ലക്ഷം രൂപ ഫീസിനത്തിലും സര്‍ക്കാര്‍ നല്‍കി. അദാനിയുടെ മകളുടെ കമ്പനിയെ ടെണ്ടര്‍ നടപടികള്‍ക്കായി ചുമതലപ്പെടുത്തിയതില്‍ നിന്നു തന്നെ കേരള സര്‍ക്കാരിന്റെ ആത്മാര്‍ത്ഥയില്ലായ്മയാണ് പ്രകടമാണ്. ഇതെല്ലാം മറച്ചുവയ്ച്ചു കൊണ്ടാണ് നിയമസഭയില്‍ പ്രമേയം പാസ്സാക്കുകയും പ്രധാനമന്ത്രിക്ക് കത്തയക്കുകയും സര്‍വകക്ഷി യോഗം വിളിക്കുകയും ഉള്‍പ്പെടെയുള്ള നാടകം മുഖ്യമന്ത്രി കളിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.
മുഖ്യമന്ത്രി വഞ്ചിച്ചത് കേരള ജനതയെയാണ്. സ്വകാര്യ കുത്തകയായ അദാനിക്ക് വിമാനത്താവള നടത്തിപ്പില്‍ ഒരു മുന്‍പരിചയവുമില്ല. ചെന്നൈ, കൊല്‍ക്കത്ത വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നീക്കം ഉണ്ടായപ്പോള്‍ അതിനെ ശക്തമായി ചെറുത്ത് പരാജയപ്പെടുത്തിയത് അതത് സംസ്ഥാന സര്‍ക്കാരുകളാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.