സർവത്ര അഴിമതി, സപ്ലൈ കോ എം ഡിയുടേത് മനം മടുത്ത അവധിയോ?
സപ്ലൈ കോ ഓണക്കിറ്റ് വിവാദത്തിനിടെ എം ഡി ബി അശോക് അവധിയിൽ പ്രവേശിച്ചു. വ്യക്തിപരമായ കാര്യങ്ങളാൽ ആണ് അവധി എന്നാണ് വിശദീകരണം. രണ്ട് മാസത്തെ അവധിയിൽ ആണ് ബി അശോക് പ്രവേശിച്ചിരിക്കുന്നത്.
എന്നാൽ സപ്ലൈ കോയിലെ അഴിമതി ഇടപാടുകളിൽ മനം നൊന്താണ് എം ഡിയായി ചാർജ് എടുത്ത് മൂന്നാഴ്ചക്കകം തന്നെ അശോക് അവധിയിൽ പ്രവേശിച്ചത് എന്നാണ് റിപ്പോർട്ട്. എം ഡിയായി മടങ്ങാൻ അശോകിന് താല്പര്യം ഇല്ല എന്നാണ് വിവരം. ഇതോടെ ജനറൽ മാനേജർ ആയി മാറ്റപ്പെട്ട അസ്‌കർ അലി പാഷക്ക് വീണ്ടും എംഡിയുടെ ചുമതല ലഭിച്ചു.
റേഷൻ കടകൾ വഴി വിതരണം ചെയ്ത ഓണക്കിറ്റുകളിൽ അഴിമതി ഉണ്ടെന്ന വിവരം വിജിലൻസിന് ലഭിച്ചിട്ടുണ്ട്. സപ്ലൈ കൊയിൽ നിന്ന് തന്നെയാണ് ഈ വിവരം വിജിലൻസിന് ലഭിച്ചത്. കാര്യങ്ങൾ പരിശോധിച്ച് വരികയാണ്. കിറ്റിലെ ഭക്ഷ്യ വസ്തുക്കൾക്ക് 20%തുക കൂട്ടി കാണിച്ച് റേഷൻ ഉടമകളെ പറ്റിക്കുക ആയിരുന്നു എന്നാണ് ആരോപണം. സപ്ലൈ കോ സാധന പർച്ചെസിങ് ഇ ടെണ്ടറിലേക്ക് മാറി എങ്കിലും കറിപ്പൊടികൾ ഉൾപ്പെടെ ഉള്ളവ സപ്ലൈ കോ ഉന്നതന്റെ ബിനാമി കമ്പനിയിൽ നിന്നാണ് ശേഖരിക്കുന്നത് എന്നും ആക്ഷേപം ഉണ്ട്. എന്നാൽ ശർക്കരയുടെ തൂക്കം കുറഞ്ഞത് ബാഷ്പീകരണത്തെ തുടർന്നാണ് എന്നാണ് മന്ത്രിയുടെ വാദം.