NEWS
രാഹുലിനൊപ്പം തരൂരിനും അവകാശ ലംഘനത്തിന് നോട്ടീസ് നൽകി ബിജെപി എം പി
രാഹുൽ ഗാന്ധിക്കും ശശി തരൂരിനും എതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി ബിജെപി എം പി. നിഷികാന്ത് ദുബെ ആണ് നോട്ടീസ് നൽകിയത്. പാർലമെന്ററി നടപടിക്രമങ്ങളുടെ അടിസ്ഥാന തത്വങ്ങൾ ഹനിക്കപ്പെട്ടു എന്ന് ബിജെപി എംപി ആരോപിക്കുന്നു.
ഐ ടി പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി അംഗമായ നിഷികാന്ത് ദുബെക്കെതിരെ നടപടി വേണമെന്ന് കമ്മിറ്റി ചെയർമാൻ കൂടിയായ ശശി തരൂർ ആവശ്യപ്പെട്ടിരുന്നു. ഫേസ്ബുക് ആരോപണം ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിന്റെ തീരുമാനങ്ങളെ പരിഹസിക്കും വിധം നിഷികാന്ത് സമൂഹമാധ്യമങ്ങളിൽ ഇടപെട്ടു എന്നാണ് തരൂരിന്റെ ആരോപണം.
സ്പീക്കർ ഓം ബിർളക്കാണ് തരൂർ പരാതി നൽകിയത്. ദുബെയുടെ നടപടി വ്യക്തിപരമായി തനിക്കല്ല, ഒരു പൊതുസ്ഥാപനത്തിന്റെ യശസിന് കളങ്കം വരുത്തിയെന്ന് തരൂർ പരാതിയിൽ പറയുന്നു.