ഐഎം വിജയനും രാജിയും, രവി മേനോന്റെ കുറിപ്പ്

ഇന്ത്യൻ ഫുട്ബാളർ ഐ എം വിജയനും ഭാര്യ രാജിയ്ക്കും വിവാഹ വാർഷിക ആശംസകൾ നേരുകയാണ് മാധ്യമ പ്രവർത്തകൻ രവി മേനോൻ. ഇരുപത്താറു വർഷം തികയുന്നു വിജയനും രാജിയും ഒന്നായിട്ട്-രവി മേനോൻ ഫേസ്ബുക് കുറിപ്പിൽ ഓർമിപ്പിക്കുന്നു.

രവി മേനോന്റെ ഫേസ്ബുക് കുറിപ്പ് –

വിജയനും രാജിയ്ക്കും ആശംസകൾ
————————-
ഇരുപത്താറു വർഷം തികയുന്നു വിജയനും രാജിയും ഒന്നായിട്ട്. കാലം കടന്നുപോയത് എത്ര വേഗം!

വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിക്കൊപ്പമുള്ള ഫോട്ടോയുമായി വിജയൻ കാണാൻ വന്നത് ഇന്നലെയെന്നപോലെ ഓർക്കുന്നു. പ്രണയവും പ്രതീക്ഷയും സ്നേഹവും ആഹ്ളാദവും മിന്നിമറയുന്നുണ്ടായിരുന്നു ആ കണ്ണുകളിൽ. “രവിയേട്ടാ, ഇത് ഞാൻ കൊൽക്കത്തേന്ന് രാജിക്ക് വേണ്ടി വാങ്ങിക്കൊണ്ടന്ന സാര്യാണ് ട്ടാ. എങ്ങനേണ്ട്?.”– നിഷ്കളങ്കമായി വിജയൻറെ ചോദ്യം.

ബൂട്ടുകളിൽ അണയാത്ത അഗ്നിയുമായി ഈറ്റപ്പുലിയെ പോലെ എതിർ ഗോൾമുഖങ്ങളിൽ വട്ടം ചുറ്റുന്ന സ്‌ട്രൈക്കറെയല്ല ആ കണ്ണുകളിൽ ഞാൻ കണ്ടത്; പ്രണയലോലനായ ഒരു കാമുകനെയാണ്. നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുമ്പോഴും ഉള്ളിൽ നാട്ടിൻപുറത്തിന്റെ നൈർമ്മല്യം കെടാതെ കാത്തുസൂക്ഷിക്കുന്ന ഗ്രാമീണ കാമുകൻ.

ഓർമ്മകളുടെ ആൽബത്തിൽ നിന്ന് വീണ്ടെടുത്ത ആ പഴയ ഫോട്ടോ ഇന്നലെ അയച്ചുകൊടുത്തപ്പോൾ വിജയൻറെ അത്ഭുതം കലർന്ന മറുപടി: “രവിയേട്ടാ ഇങ്ങളല്ലാതെ ഇതൊക്കെ വേറെ ആരാ സൂക്ഷിച്ചുവെക്ക്യാ? ഇങ്ങള് ന്റെ ചങ്കാണ് ട്ടാ, ചക്കരക്കുടാണ് ട്ടാ, ബ്രദർ ആണ് ട്ടാ.. ”

ശരിയാണ്. ചില സ്നേഹബന്ധങ്ങൾ അങ്ങനെയാണ്. കാലത്തിനൊത്ത് അവ വളർന്നുകൊണ്ടിരിക്കും. കൊറോണയ്ക്ക് മാത്രമല്ല കൊറോണയേക്കാൾ ഭീതിദമായി സമൂഹത്തിൽ പടർന്നുകൊണ്ടിരിക്കുന്ന വൈറസുകൾക്കൊന്നിനും തൊടാൻ പോലുമാവില്ല അത്തരം ബന്ധങ്ങളെ….

ആശംസകൾ, പ്രിയ വിജയനും രാജിക്കും കുടുംബത്തിനും….

–രവിമേനോൻ

വിജയനും രാജിയ്ക്കും ആശംസകൾ ————————-ഇരുപത്താറു വർഷം തികയുന്നു വിജയനും രാജിയും ഒന്നായിട്ട്. കാലം…

ഇനിപ്പറയുന്നതിൽ Ravi Menon പോസ്‌റ്റുചെയ്‌തത് 2020, ഓഗസ്റ്റ് 17, തിങ്കളാഴ്‌ച

Leave a Reply

Your email address will not be published. Required fields are marked *