NEWS

പിണറായിയുടെ ഭരണം ജനങ്ങൾക്ക് മടുത്തുവെന്ന് എ കെ ആന്റണി പറയുമ്പോൾ

https://youtu.be/06JkBNupUsk

പിണറായി വിജയന്റെ ഭരണം ജനങ്ങൾക്ക് മടുത്തുവെന്നു എ കെ ആന്റണി പറഞ്ഞത്‌ കൊല്ലം ഡി സി സിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ആണ്. ഡൽഹി കേന്ദ്രീകരിച്ചു കഴിയുന്ന കോൺഗ്രസ്‌ പ്രവർത്തക സമിതി അംഗമാണ് എ കെ ആന്റണി. കേരള രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാറുമില്ല. എന്നാൽ എപ്പോഴൊക്കെ ആന്റണി കേരളത്തെ കുറിച്ച് പ്രസ്താവന നടത്തിയോ അപ്പോഴൊക്കെ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് അത് വഴിവച്ചിട്ടുണ്ട്.

Signature-ad

കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ യു ഡി എഫിന്, പ്രത്യേകിച്ച് കോൺഗ്രസിന് അനുകൂലമാണെന്നാണ് ആന്റണിയുടെ വിലയിരുത്തൽ. കൃത്യമായ രാഷ്ട്രീയ ഉന്നവും ആന്റണിക്കുണ്ട്. കോൺഗ്രസുകാരോട് തർക്കം നിർത്തി ഐക്യപ്പെടാനാണ് ആഹ്വാനം.

കേരള രാഷ്ട്രീയ ചരിത്രത്തിൽ തുടർ ഭരണം എന്ന സ്വപ്നം എൽ ഡി എഫ് മധുരമായി പരിപാലിച്ചു പോന്ന കാലഘട്ടം ആയിരുന്നു പിണറായി സർക്കാരിന്റേത്. പ്രളയത്തെയും നിപയെയും ചെറുത്ത് തോൽപ്പിച്ച് കോവിഡിനെ പ്രതിരോധിച്ചു മുന്നോട്ട് പോകുക ആയിരുന്നു പിണറായി സർക്കാർ. എന്നാൽ ആ സർക്കാരിന്റെ പ്രതിച്ഛായക്ക് വല്ലാത്ത മങ്ങൽ ഏല്പിച്ചാണ് സ്വപ്ന സുരേഷിന്റെ വരവ്.

മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെടുത്തുന്നു എന്നതാണ് സ്വപ്ന സുരേഷിന്റെ അറസ്റ്റ് രാഷ്ട്രീയ ചലനങ്ങൾ ഉണ്ടാക്കാൻ കാരണം. മുഖ്യമന്ത്രിയുടെ സെക്രട്ടറി എം ശിവശങ്കരനെ ദേശീയ ഏജൻസികൾ തുടരെ ചോദ്യം ചെയ്തു.ശിവശങ്കരൻ സസ്‌പെൻഷനിൽ ആണെങ്കിലും ഓരോ ദിവസവും മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിസന്ധിയിലാക്കും വിധം വാർത്തകൾ ഉണ്ടായിക്കൊണ്ടേ ഇരിക്കുന്നു. സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ വലിയ സ്വാധീനം ഉണ്ടെന്ന് അന്വേഷണ ഏജൻസികൾ കോടതിയിലും ആവർത്തിക്കുന്നു.

ഈ പശ്ചാത്തലം ആണ് ആന്റണി കോൺഗ്രസ്‌ പ്രവർത്തകരെ ചൂണ്ടിക്കാട്ടുന്നത്. ആസന്നമായ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ ആരോപണ വർഷങ്ങൾ കൊണ്ടാവും യു ഡി എഫ് എൽ ഡി എഫിനെ മൂടുക എന്ന് വ്യക്തമായി കഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനും ഇനി അധികം കാലം ഇല്ല. പുതിയ രാഷ്ട്രീയ സാഹചര്യം തങ്ങൾക്ക് അനുകൂലം ആക്കാം എന്നാണ് കോൺഗ്രസ്‌ പ്രതീക്ഷിക്കുന്നത്. എ കെ ആന്റണിയുടെ വാക്കുകളിൽ അത് സുവ്യക്തമാണ്.

Back to top button
error: