മാറ്റത്തിന്റെ മുഖവുമായി പൃഥ്വിരാജ്; മലയാളത്തിലെ ആദ്യത്തെ വിര്‍ച്വല്‍ പ്രൊഡക്ഷന്‍ സിനിമ
പുതുവര്‍ഷത്തില്‍ ബ്രഹ്മാണ്ഡ സിനിമയുടെ പ്രഖ്യാപനവുമായി പൃഥ്വിരാജ്. പൂര്‍ണമായും വിര്‍ച്വല്‍ പ്രൊഡക്ഷനില്‍ ഒരുങ്ങുന്ന ചിത്രം ഇന്ത്യയില്‍ ആദ്യമായാണ്.
‘ഇതൊരു പുതിയ അധ്യായമായിരിക്കും’വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യം… പുതിയ തരം വെല്ലുവിളികള്‍… നൂതനമായ പരീക്ഷണങ്ങള്‍….’. സിനിമയുടെ പ്രഖ്യാപന പോസ്റ്റര്‍ പങ്കുവച്ച് താരം കുറിച്ചു.
പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തുന്ന തരത്തിലാണ് പേരിടാത്ത ചിത്രത്തിന്റെ പോസ്റ്റര്‍. ചിത്രത്തിന്റെ പോസ്റ്ററില്‍ ഒരു മനുഷ്യനും പക്ഷിയുമാണുള്ളത്. പുരാണ കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രമെന്നാണ് സൂചന.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക്കല്‍ ഫ്രെയിംസും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ഗോകുല്‍രാജ് ഭാസ്കര്‍ ആണ് സിനിമയുടെ സംവിധായകന്. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളില്‍ സിനിമ പുറത്തിറങ്ങും. പേരിട്ടില്ലാത്ത സിനിമയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് പുറത്തുവിടുമെന്ന് താരം വ്യക്തമാക്കി.
സാങ്കേതികപരമായും പ്രമേയപരമായും ഏറെ വലുപ്പമുളള പ്രോജക്ട് ആണ് ഇതെന്ന് നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍ പറയുന്നു. ‘ഇന്ത്യന്‍ സിനിമ കണ്ടിട്ടില്ലാത്ത പരീക്ഷണങ്ങളും സാങ്കേതിക വിദ്യകളുമാകും ചിത്രത്തില്‍ ഉപയോഗിക്കുക. അഞ്ച് ഭാഷകളില്‍ ഒരുമിച്ച് റിലീസിനെത്തുന്ന പൃഥ്വിരാജിന്റെ ആദ്യ സിനിമ കൂടിയാകും ഇത്.’ലിസ്റ്റിന് പറഞ്ഞു.
പ്ലാനറ്റ് ഓഫ് ദ് ഏപ്സ്, ഗാര്ഡിയന് ഓഫ് ഗാലക്സി, അവഞ്ചേര്‍സ് തുടങ്ങി ഹോളിവുഡ് സിനിമകളില്‍ കണ്ടുവരുന്ന സാങ്കേതിക വിദ്യയാണ് വിര്‍ച്വല്‍ പ്രൊഡക്ഷന്‍. വലിയ സെറ്റുകളും മറ്റും വിഎഫ്എക്സിന്റെ സഹായത്തോടെ കൃത്രിമമായി സൃഷ്ടിച്ച് ഷൂട്ട് ചെയ്യുന്ന രീതിയാണിത്.
കോവിഡ് പ്രതിസന്ധിയില്‍ തിയറ്ററുകളും ഷൂട്ടിങും നിര്‍ത്തിവച്ചിരിക്കുന്ന സാഹചര്യത്തില്‍ ആദ്യമായി മലയാളത്തില്‍ നിന്നും പ്രഖ്യാപിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണിത്.