NEWS

രാജസ്ഥാനിൽ വെന്നിക്കൊടി പാറിച്ച് രാഹുൽ ഗാന്ധി,അധ്യക്ഷൻ ആവണമെന്ന ആവശ്യം ശക്തം

രാജസ്ഥാൻ കോൺഗ്രസിൽ പരസ്പരം പോരടിച്ചു നിന്ന രണ്ടു വിഭാഗങ്ങളെ സമവായ വഴിയിലേക്ക് കൊണ്ട് വരികയും പുറത്തേക്ക് പോയ സച്ചിൻ പൈലറ്റിനെ പാർട്ടിയിലേക്ക് തിരികെ കൊണ്ട് വരികയും ചെയ്തതോടെ രാഹുൽ ഗാന്ധിയുടെ ഗ്രാഫ് ഉയർന്നിരിക്കുകയാണ് .ഒരു തുള്ളി ചോര പൊടിയാതെ ഒരു ഓപ്പറേഷൻ രാഹുൽ ഗാന്ധി വിജയിപ്പിച്ചുവെന്നാണ് കോൺഗ്രസിനകത്തെ അഭിപ്രായം .

ഇതോടെ രാഹുൽ ഗാന്ധി കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചു വരണം എന്ന ആവശ്യം ശക്തമായിരിക്കുകയാണ് .”30 ദിവസത്തെ രാഷ്ട്രീയ പ്രതിസന്ധി എങ്ങനെ പരിഹരിക്കപ്പെട്ടുവെന്നു രാജ്യം കണ്ടതാണ് .എങ്ങിനെയാണ് രാഹുൽ ഗാന്ധി ഭിന്നിച്ചു നിന്ന രണ്ടു വിഭാഗങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തി എന്നത് തീർച്ചയായും കാണാതിരിക്കാനാവില്ല .രാഹുലിന് കീഴിൽ കോൺഗ്രസ് ഒറ്റക്കെട്ടാണ് .” കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു .

“എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനുള്ള അദ്ദേഹത്തിന്റെ കഴിവാണ് ഇവിടെ തെളിയിക്കപ്പെട്ടത് .അദ്ദേഹത്തിന് പ്രിയങ്കയുടെ പിന്തുണയും ഉണ്ടായിരുന്നു .”സുർജേവാല കൂട്ടിച്ചേർത്തു .

രാഹുലുമായും പ്രിയങ്കയുമായുള്ള സച്ചിൻ പൈലറ്റിന്റെ കൂടിക്കാഴ്ചയുക്കു ശേഷമാണ് രാജസ്ഥാൻ കോൺഗ്രസിൽ മഞ്ഞുരുകിയത് .ഇതോടെ രാജസ്ഥാൻ ഭരണം പിടിക്കാനുള്ള ബിജെപിയുടെ നീക്കം താൽക്കാലികം ആയെങ്കിലും ഇല്ലാതായി .

രാഹുൽ ഗാന്ധി കോൺഗ്രസ്സ് അധ്യക്ഷൻ ആകണം എന്നാവശ്യപ്പെട്ട് കേരളത്തിൽ നിന്ന് രമേശ് ചെന്നിത്തല ഹൈക്കമാൻഡിനു കത്തയച്ചു കഴിഞ്ഞു .കേരളത്തിലെ കോൺഗ്രസിന്റെ മുഴുവൻ അഭിപ്രായം ആയിട്ടാണ് ഹൈക്കമാൻഡ് ചെന്നിത്തലയുടെ കത്തിനെ കാണുന്നത് .കൂടുതൽ പിസിസികൾ ഈ ആവശ്യവുമായി ഇനി മുന്നോട്ടു വരുമെന്നാണ് പ്രതീക്ഷിക്കുന്നത് .

കോൺഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്‌വിയും മുൻ കേന്ദ്ര മന്ത്രി ജിതേന്ദ്ര പ്രസാദയും രാഹുൽ രാജസ്ഥാൻ വിഷയം കൈകാര്യം ചെയ്തതിനെ പ്രശംസിച്ചു .

അതേസമയം പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും വരെ സോണിയ ഗാന്ധി തുടരുമെന്ന് കോൺഗ്രസ്സ് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു .സ്ഥിരം അധ്യക്ഷ തെരഞ്ഞെടുപ്പ് നീണ്ടു പോകുന്നത് കോവിഡ് കാലമായതിനാലും ലോക്ഡൗൺ കാലം ആയതിനാലും ആണെന്ന് കോൺഗ്രസ്സ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്തിൽ പറയുന്നു .

Back to top button
error: