NEWS

മുഖ്യമന്ത്രി പിണറായി വിജയൻറെ വാർത്താ സമ്മേളനങ്ങൾ ജനാധിപത്യ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുമ്പോൾ

രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിൽ ആദ്യന്തം സജീവമായുണ്ടായിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് .പള്ളിനിർമ്മാണ ചടങ്ങിൽ പങ്കെടുക്കില്ല എന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു .അതായത് ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം ചടങ്ങിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രി .എന്തുകൊണ്ട് താങ്കൾ ഒരു മതത്തിന്റെ മാത്രം ചടങ്ങിൽ പങ്കെടുക്കുന്നുവെന്നു ചോദിക്കാൻ യോഗി ആദിത്യനാഥ് വാർത്താ സമ്മേളനം വിളിച്ചില്ല .ഇത് ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിക്ക് ചേർന്നതാണോ എന്ന് ചോദിക്കാൻ ചാനലുകളുടെ മൈക്കുകൾക്ക് മുന്നിൽ നിന്ന് കൊടുക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി തയ്യാറായില്ല .ഇവിടെയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ വാർത്താ സമ്മേളനങ്ങളുടെ പ്രസക്തി .

പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിൽ എത്തി ആറു വര്ഷം പിന്നിട്ടു .ഇതുവരെ പൂർണ രൂപത്തിൽ ഒരു വാർത്താ സമ്മേളനം അദ്ദേഹം നടത്തിയിട്ടില്ല .2019 ൽ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ അമിത് ഷായോടൊപ്പം ഒരു വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത അദ്ദേഹം ഒരു ചോദ്യത്തിന് പോലും ഉത്തരം പറഞ്ഞില്ല .ഇവിടെയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ വാർത്താ സമ്മേളനങ്ങളുടെ പ്രസക്തി .

Signature-ad

മാധ്യമങ്ങളെ കാണുന്നില്ല എന്നായിരുന്നു ആദ്യഘട്ടത്തിൽ പിണറായി വിജയനെതിരെ ഉള്ള ആരോപണം .ആ സമയത്താണ് പ്രളയം വരുന്നത് .ആ ഘട്ടത്തിൽ കേരളത്തിന്റെ കാവലാളായി മുഖ്യമന്ത്രി ദിനവും മാധ്യമങ്ങളെ കണ്ടു .വീണ്ടും പ്രളയം വന്നു വീണ്ടും മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടു .മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് നിരന്തരം മറുപടി നൽകി .ഇവിടെയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ വാർത്താ സമ്മേളനങ്ങളുടെ പ്രസക്തി .

കോവിഡ് വന്നു .മുഖ്യമന്ത്രി മാധ്യമങ്ങളിൽ നിന്ന് അകന്നുനിന്നില്ല .മുഖ്യമന്ത്രിയുടെ വൈകുന്നേരം ആറു മണി വാർത്താ സമ്മേളനങ്ങൾ ചാനൽ റേറ്റിംഗിൽ അത്ഭുതം സൃഷ്ടിച്ചു .പ്രാർത്ഥന പോലെ വൈകുന്നേരങ്ങളിൽ ജനം മുഖ്യമന്ത്രിയുടെ വാക്കുകൾ കേട്ടു .പിണറായിക്ക് ക്യാപ്റ്റൻ എന്ന് പേര് വന്നു .ഇവിടെയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ വാർത്താ സമ്മേളനങ്ങളുടെ പ്രസക്തി .

ഇപ്പോഴിതാ സ്വർണക്കടത്ത് കേസ് കരിനിഴൽ പോലെ പിണറായി സർക്കാരിന് മേൽ വീണിരിക്കുന്നു .സ്വർണക്കടത്ത് കേസിലെ പ്രതികളുമായി മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി ശിവശങ്കർ ഐ എ എസിനുള്ള ബന്ധമാണ് സർക്കാരിന് മേലുള്ള കരിനിഴൽ .ഈ ദിവസം വരെ ശിവശങ്കർ പ്രതി ചേർക്കപ്പെട്ടില്ല താനും .അപ്പോഴും മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടു .ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു .ഇവിടെയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ വാർത്താ സമ്മേളനങ്ങളുടെ പ്രസക്തി .

മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ മാധ്യമപ്രവർത്തകർക്ക് ഭയമാണ് എന്ന് പലരുടെയും ഫേസ്ബുക്ക് പോസ്റ്റുകളിൽ കണ്ടു .എന്നാൽ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനങ്ങളിൽ ചോദ്യങ്ങൾ ചോദിക്കപ്പെടുന്നില്ലേ ?ഉണ്ടെന്നാണ് ഉത്തരം .മുഖ്യമന്ത്രി മറുപടി പറയുന്നില്ലേ ?ഉണ്ടെന്നാണ് അനുഭവം .ഇവിടെയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ വാർത്താ സമ്മേളനങ്ങളുടെ പ്രസക്തി .

ഇ കെ നായനാരും കെ കരുണാകരനും എ കെ ആന്റണിയും ഉമ്മൻചാണ്ടിയുമെല്ലാം മുഖ്യമന്ത്രിമാർ ആയിരിക്കെ വാർത്താ സമ്മേളനം നടത്തുമായിരുന്നു .അസുഖകരമായ ചോദ്യങ്ങൾ മാധ്യമപ്രവർത്തകർ ചോദിക്കുകയും ചെയ്തിരുന്നു .ഇത്തരം ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാൻ ഇവരിൽ എല്ലാവര്ക്കും കഴിയുമായിരുന്നു .എന്നാൽ പിണറായി വിജയൻ അങ്ങിനെയല്ല .ചോദ്യത്തിന് മറുപടി പറയാതെ അദ്ദേഹം മുന്നോട്ട് പോകാറില്ല .ഇവിടെയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ വാർത്താ സമ്മേളനങ്ങളുടെ പ്രസക്തി .

ഭരണാധികാരികൾ മാധ്യമങ്ങളോട് സ്വീകരിക്കുന്ന സമീപനം അവരുടെ ജനാധിപത്യ ബോധത്തെ കൂടി അടയാളപ്പെടുത്തുന്നു .നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ കരൺ ഥാപ്പറിന് ഒരു അഭിമുഖം അനുവദിച്ചു .എന്നാൽ മിനുട്ടുകൾ കൊണ്ട് മോഡി അഭിമുഖം അവസാനിപ്പിച്ചു .ഗുജറാത്ത് കലാപത്തെ കുറിച്ചുളള ചോദ്യങ്ങൾ വന്നപ്പോഴാണ് മോഡി അഭിമുഖം അവസാനിപ്പിച്ചത് .അതിനു ശേഷം മോഡി ഒരു മണിക്കൂറോളം കരൺ ഥാപ്പറുമായി സംസാരിച്ചിരുന്നു ഇനി ഡൽഹിയിൽ വരുമ്പോൾ, ഒരുമിച്ച് ഭക്ഷണം കഴിക്കാമെന്നും പറഞ്ഞു .പക്ഷെ പിന്നീടൊരിക്കലും മോഡി കരൺ ഥാപ്പറിനെ കണ്ടിട്ടില്ല.ഇവിടെയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ വാർത്താ സമ്മേളനങ്ങളുടെ പ്രസക്തി .

ചോദ്യങ്ങൾ ചിരിച്ചൊഴിവാക്കാൻ പിണറായി വിജയൻ ശീലിച്ചിട്ടില്ല .സ്നേഹത്തിൽ പൊതിഞ്ഞ ചോദ്യങ്ങൾക്ക് സ്നേഹത്തിൽപൊതിഞ്ഞു തന്നെ അദ്ദേഹം മറുപടി നൽകണം എന്ന് യാതൊരു നിർബന്ധവും പിണറായി വിജയനില്ല .അതുകൊണ്ടാണ് വാർത്താ സമ്മേളനത്തിന്റെ രണ്ടാം പകുതി മുതൽ പാർട്ടി സെക്രട്ടറിയാണ് സംസാരിക്കുന്നതെന്നു ചിലരെങ്കിലും പറയുന്നത് .എങ്കിലും ഏതു ചോദ്യത്തിനും പിണറായി ഉത്തരം പറഞ്ഞിരിക്കും.ഇവിടെയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ വാർത്താ സമ്മേളനങ്ങളുടെ പ്രസക്തി .

ഇന്ത്യയിൽ ഒരു മുഖ്യമന്ത്രിയും,എന്തിനു പ്രധാനമന്ത്രി പോലും ഇത്രയേറെ ചോദ്യങ്ങൾക്ക് ഈ മഹാമാരിക്കാലത്ത് ഉത്തരം പറഞ്ഞിട്ടുണ്ടാവില്ല .ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ഒരു മുഖ്യമന്ത്രിയെ മാധ്യമങ്ങൾ ഇങ്ങനെ “ഗ്രിൽ” ചെയ്തിട്ടുമുണ്ടാവില്ല .എങ്കിലും ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ പിണറായി വിജയൻ വാർത്താ സമ്മേളനം നടത്തും .അതാണ് ഒരു ജനാധിപത്യ വ്യവസ്ഥക്ക് വേണ്ടതും. ചോദ്യം ചോദിക്കാനുള്ള ആർജവം മാധ്യമപ്രവർത്തകരും ഉത്തരം പറയാൻ ഉള്ള ആർജവം മുഖ്യമന്ത്രിയും കാണിക്കുന്നുണ്ട്.വേറെ ഏത് സംസ്ഥാനത്ത് ഉണ്ടിത് ? ഇവിടെയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ വാർത്താ സമ്മേളനങ്ങളുടെ പ്രസക്തി .

Back to top button
error: