NEWS

കോൺഗ്രസ്‌ താൽക്കാലിക അധ്യക്ഷ സ്ഥാനത്ത് സോണിയ തുടരും, പാർട്ടി എങ്ങോട്ട്?

കോൺഗ്രസ്‌ താൽക്കാലിക അധ്യക്ഷ സോണിയ ഗാന്ധിയുടെ കാലാവധി ഇനിയും നീട്ടുമോ? രാഹുൽ ഗാന്ധി അധ്യക്ഷ പദവിയിലേക്ക് തിരിച്ചു വരുമോ? അതോ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാൾ കോൺഗ്രസ്‌ അധ്യക്ഷ സ്ഥാനത്തേക്ക് വരുമോ? ഈ ചോദ്യങ്ങൾ ആണ് ഓരോ കോൺഗ്രസ്‌ പ്രവർത്തകനെയും അലട്ടുന്നത്.

ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും മുന്നോട്ട് കൊണ്ടു പോയ പാർടി ചരിത്രത്തിന്റെ ചവറ്റുകൂട്ടയിലേക്ക് നീങ്ങുമ്പോൾ ആണ് സോണിയ 90കളുടെ അവസാനം പാർട്ടിയുടെ തലപ്പത്തേക്ക് വന്നത്. പാർട്ടിയുടെ അധ്യക്ഷയായി സുദീർഘ കാലം തുടർന്ന് സോണിയ ചരിത്രം സൃഷ്ടിച്ചു. മാത്രമല്ല രണ്ട് തവണ കോൺഗ്രസ്‌ നേതൃത്വം നൽകുന്ന സർക്കാരുകളെ അധികാരത്തിൽ എത്തിക്കാനും സോണിയക്ക് ആയി.

2019 ൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടർന്ന് മകൻ രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് നിന്ന് പടിയിറങ്ങിയപ്പോൾ സോണിയ വീണ്ടും താത്കാലികമായി അധ്യക്ഷ സ്ഥാനത്തേക്കു വരേണ്ടി വന്നു. രാഹുലിന്റെ വിടവാങ്ങൽ കൈപ്പേറിയതായിരുന്നു. രാജിക്കത്തിൽ രാഹുൽ ഇങ്ങനെ എഴുതി, “പ്രധാനമന്ത്രിയുമായും ആർഎഎസുമായും അവർ കൈപ്പിടിയിൽ വച്ചിരിക്കുന്ന ഭരണഘടനാ സംവിധാനങ്ങളുമായും എന്നാൽ ആവുന്ന വിധം ഞാൻ പോരാടി. ഞാൻ ആ പോരാട്ടം നടത്തിയത് ഇന്ത്യയെ സ്നേഹിക്കുന്നത് കൊണ്ടാണ്. ഇന്ത്യ എന്ന രാഷ്ട്രം നിൽക്കുന്ന തൂണുകൾ പൊളിക്കാതിരിക്കാൻ ആയിരുന്നു എന്റെ പോരാട്ടം. ചിലപ്പോൾ ഞാൻ ഒറ്റക്കായിരുന്നു. എങ്കിലും എനിക്കു അഭിമാനമുണ്ട്. ”

താത്കാലിക അധ്യക്ഷ ആയി സോണിയ തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ്‌ ഭരണഘടനയുടെ ആർട്ടിക്കിൾ 18(h) പ്രകാരമായിരുന്നു അത്. അതിങ്ങനെ പറയുന്നു, “പാർട്ടി അധ്യക്ഷ സ്ഥാനത്ത് ഉള്ള ആൾ മരിച്ചു പോകുകയോ രാജിവച്ച് പോകുകയോ ചെയ്താൽ താത്കാലിക പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് വരെ മുതിർന്ന ജനറൽ സെക്രട്ടറി ചുമതല വഹിക്കും. സ്ഥിര അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് വരെ ഈ സംവിധാനം തുടരും. അധ്യക്ഷൻ ചുമതലയേറ്റാൽ ഓഫീസിന്റെ പൂർണ ചുമതല വഹിക്കും പ്രവർത്തക സമിതി ചേരാത്ത ഘട്ടത്തിൽ പ്രവർത്തക സമിതിയുടെയും. ”

അതേ ഭരണഘടനയുടെ ആർട്ടിക്കിൾ 13(b) ഡി പ്രകാരം ഓൾ ഇന്ത്യ കോൺഗ്രസ്‌ കമ്മിറ്റി വർഷത്തിൽ ഒരു തവണ എങ്കിലും ചേരണം. അല്ലെങ്കിൽ പ്രവർത്തക സമിതിയോടൊപ്പം എ ഐ സി സി യുടെ വോട്ടവകാശം ഉള്ള 20% പേരെയെങ്കിലും ഉൾപ്പെടുത്തി യോഗം ചേരണം. എന്നാൽ കോൺഗ്രസിന്റെ അവസാന പ്ലീനറി സെഷൻ ചേർന്നത് 2018 മാർച്ചിലായിരുന്നു. അപ്പോൾ രാഹുൽ ഗാന്ധി ആയിരുന്നു അധ്യക്ഷൻ.

ഭരണഘടന പ്രകാരം ഇപ്പോൾ യോഗം ചേരണം. എന്നാൽ അതിനുള്ള ഒരു തയ്യാറെടുപ്പും കോൺഗ്രസിൽ കാണുന്നില്ല. കോവിഡ് 19 മൂലം മുഴുവൻ സമയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് മാറ്റി വച്ചു എന്നാണ് കോൺഗ്രസ്‌ വൃത്തങ്ങൾ പറയുന്നത്. ശശി തരൂരിനെ പോലുള്ളവർ തെരഞ്ഞെടുപ്പ് വേണം എന്ന് ആവശ്യപ്പെട്ടിട്ടും..

ഇവിടെയാണ് പ്രശ്‌നം കിടക്കുന്നത്. അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ രാഹുൽ ഗാന്ധി ഇപ്പോഴും തയ്യാറല്ല. മുതിർന്ന നേതാക്കൾ നിർണായക സന്ദർഭങ്ങളിൽ മൗനം പാലിച്ചതിൽ അദ്ദേഹത്തിന് വേദനയുണ്ട്. ഇതാണ് മുതിർന്നവർ ആണ് തോൽവിക്ക് കാരണം എന്ന് രാഹുലിന്റെ വിശ്വസ്തൻ രാജീവ്‌ സതവ് പറയാൻ കാരണം.

ഒരു കാര്യം വ്യക്തമാണ്. രാഹുൽ ഗാന്ധി തിരിച്ചു വരാൻ തീരുമാനം എടുക്കുക ആണെങ്കിൽ അത് പൂർണ അധികാരം ഉണ്ട് എന്ന ബോധ്യത്തിൽ തന്നെയാകും. സോണിയക്കൊപ്പം ഇപ്പോൾ നിൽക്കുന്ന മുതിർന്ന നേതാക്കൾക്ക് വിശ്രമം എന്നർത്ഥം.

താല്കാലിക അധ്യക്ഷൻ എന്ന കാര്യം ഭരണഘടന ഊന്നി പറയുന്നേ ഇല്ല. എന്നാൽ അത്യാവശ്യം വന്നാൽ അതാവാം. എ ഐ സി സി സമ്മേളനം വർഷത്തിൽ ഒരിക്കൽ വേണമെന്ന് അത് ഉറപ്പിച്ച് പറയുന്നുണ്ട് താനും. അത് നടക്കുന്നുമില്ല.

ഭരണഘടന പ്രകാരം കോൺഗ്രസ്‌ അധ്യക്ഷന് പരമാധികാരം ഉണ്ട്. പ്രവർത്തക സമിതിയെ തിരസ്കരിച്ച് പോലും വേണമെങ്കിൽ മുന്നോട്ട് പോകാം. പക്ഷെ പ്രവർത്തക സമിതിയിൽ ചർച്ച വേണം. ഒരു കാലത്ത് ചൂടേറിയ ചർച്ച നടന്നിരുന്ന പ്രവർത്തക സമിതി നിർജീവമാണെന്നു കോൺഗ്രസിന് ഉള്ളിൽ ഉള്ളവർ പോലും പറയുന്നു. കോൺഗ്രസ്‌ സമീപ കാലത്ത് നേരിട്ട ഒരു പ്രശ്‌നം പോലും പ്രവർത്തക സമിതിയിൽ ചർച്ച ചെയ്യപ്പെട്ടില്ല.

ബിജെപി ഭരണഘടനയെ അട്ടിമറിക്കുന്നുവെന്ന വിലാപം എല്ലാ കോൺഗ്രസ്‌ നേതാക്കളും പുറപ്പെടുവിക്കുന്നതാണ്. എന്നാൽ എന്താണ് കോൺഗ്രസ്‌ സ്വന്തം ഭരണഘടനയെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങാത്തത്?

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: