“മോദിയുടെ ആരോഗ്യത്തിൽ ഉൽക്കണ്ഠ “, കോവിഡ് പ്രതിസന്ധിക്കിടെ രാമക്ഷേത്ര ഭൂമിപൂജയിൽ നിന്ന് വിട്ടുനിൽക്കാൻ ഉമാഭാരതി
ആഗസ്റ്റ് 5ന് നടക്കുന്ന രാമക്ഷേത്ര ഭൂമിപൂജയിൽ നിന്ന് വിട്ടുനിൽക്കാൻ തന്നെ അനുവദിക്കണമെന്ന് ബിജെപി നേതാവ് ഉമാഭാരതി രാമ ജന്മഭൂമി ന്യാസിനോടും പ്രധാനമന്ത്രിയുടെ ഓഫീസിനോടും അഭ്യർത്ഥിക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ ആരോഗ്യത്തിൽ ഉൽക്കണ്ഠ രേഖപ്പെടുത്തിയാണ് ഉമാഭാരതിയുടെ നടപടി.
പ്രധാനമന്ത്രിയുടെയും പരിപാടിയിൽ പങ്കെടുക്കുന്ന മറ്റുള്ളവരുടെയും ആരോഗ്യത്തിൽ തനിക്ക് ഉൽക്കണ്ഠ ഉണ്ടെന്ന് ഉമാഭാരതി ട്വിറ്ററിൽ കുറിച്ചു. അമിത് ഷായും പാർട്ടിയിലെ മറ്റു ചിലരും കോവിഡ് പോസിറ്റീവ് ആയതിന്റെ ഉൽക്കണ്ഠയും ഉമാഭാരതി പങ്കുവച്ചു.
“ഞാൻ ഭോപ്പാലിൽ നിന്ന് അയോധ്യയിലേക്ക് പോകും . കോവിഡ് ബാധിതരുമായി എനിക്കു സമ്പർക്കം ഉണ്ടാകാം. ഇത്തരം സാഹചര്യത്തിൽ, പ്രധാനമന്ത്രിയുമായും മറ്റുള്ളവരുമായും സാമൂഹിക അകലം പാലിക്കാൻ ഞാൻ തീരുമാനിച്ചിട്ടുണ്ട്. പരിപാടി കഴിഞ്ഞാൽ രാം ലല്ലയെ തൊഴാൻ ഞാൻ എത്തും. “ഉമാഭാരതി ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.
അയോധ്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി 11മണിക്ക് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് മണിക്കൂറോളം പ്രധാനമന്ത്രി അയോധ്യയിൽ ചിലവഴിക്കും. ഹനുമാൻ ഗാർഹിയിൽ മോഡി ആദ്യം പ്രാർത്ഥന നടത്തും. അതിനു ശേഷം രാമന്റെ വിഗ്രഹം സൂക്ഷിച്ചിരിക്കുന്ന താത്കാലിക ക്ഷേത്രമായ മാനസ ഭവനും സന്ദർശിക്കും. പിന്നീട് ഭൂമി പൂജക്കായി പോകും.
ഒരു ചെറിയ വേദി ഭൂമിപൂജ നടക്കുന്ന സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്. അവിടെ മോഡി സന്യാസിമാരെ അഭിസംബോധന ചെയ്യും. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർഎസ്എസ് തലവൻ മോഹൻ ഭഗവത് എന്നിവർ മോഡിക്കൊപ്പം വേദി പങ്കിടും.
അതേസമയം അയോധ്യയിൽ കനത്ത സുരക്ഷ ആണ് ഒരുക്കിയിരിക്കുന്നത്. കൊറോണ മാർഗ നിർദേശങ്ങൾ കർശനമായി നടപ്പാക്കും. ഒരു പുരോഹിതനും ഡ്യൂട്ടിയിൽ ഉള്ള 16 പോലീസുകാർക്കും അടുത്തിടെ കോവിഡ് പോസിറ്റീവ് ആയിരുന്നു.