ശിവശങ്കറിന്റെ ചാർട്ടേർഡ് അക്കൌണ്ടന്റിനും സ്വപ്നക്കും സംയുക്ത ലോക്കർ, അന്വേഷണം ശിവശങ്കറിന്റെ സമ്പാദ്യത്തെ കുറിച്ചും
സ്വർണക്കടത്ത് കേസിലെ അന്വേഷണം മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം ശിവശങ്കറിന്റെ സമ്പാദ്യത്തിലേക്കും. ശിവശങ്കരന്റെ നിർദേശത്തെതുടർന്നാണ് സ്വപ്നക്കൊപ്പം ബാങ്ക് ലോക്കർ അക്കൗണ്ട് തുറന്നതെന്ന ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം മുന്നേറുന്നത്. കസ്റ്റംസ് ആണ് ഈ വഴിക്ക് അന്വേഷണം കൊണ്ടുപോകുന്നത്. അതേസമയം കെ ടി റമീസ് ശിവശങ്കറിന്റെ ഫ്ലാറ്റിൽ എത്തിയോ എന്ന് എൻ ഐ എയും അന്വേഷിക്കുന്നുണ്ട്.
സ്വപ്നക്ക് തിരുവനന്തപുരത്ത് രണ്ട് ബാങ്ക് ലോക്കറുകൾ ആണുള്ളത്. രണ്ട് ലോക്കറുകളിൽ നിന്നായി ഒരു കോടി രൂപയും ഒരു കിലോഗ്രാം സ്വർണവും എൻ ഐ എ കണ്ടെടുത്തിരുന്നു. ഇതിൽ ഒരു ലോക്കറാണ് സ്വപ്നയുടെയും ശിവശങ്കരന്റെ ചാർട്ടേർഡ് അക്കൗണ്ടന്റിന്റെയും സംയുക്ത പേരിലുള്ളത്.
ശിവശങ്കറിന്റെ നിർദ്ദേശത്തെത്തുടർന്ന് ജോയിന്റ് അക്കൗണ്ട് എടുക്കുകയായിരുന്നുവെന്ന് അക്കൗണ്ടന്റ് കസ്റ്റംസിനോട് പറഞ്ഞു എന്നാണ് വിവരം. ഇതിന്റെ വാസ്തവം പരിശോധിക്കുകയാണ് കസ്റ്റംസ്.
തീവ്രവാദബന്ധം സംശയിക്കുന്ന പ്രതികളിലൊരാളായ കെ ടി രമീസുമായി ശിവശങ്കരന് അടുത്ത് ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. റമീസിനെ ശിവശങ്കരന്റെ അപ്പാർട്ട്മെന്റുള്ള ഫ്ലാറ്റിൽ എത്തിച്ചു തെളിവെടുത്തതാണ് എൻഐഎ അന്വേഷണം ആ വഴിക്ക് നീങ്ങുന്നുണ്ടെന്ന സൂചന നൽകിയത്. എന്നാൽ ശിവശങ്കറിന്റെ ഫ്ലാറ്റിൽ റമീസിനെ എത്തിച്ചുവോ എന്നതിന് വ്യക്തതയില്ല.