ഒടുവില്‍ ശിവശങ്കരന്‍ തലയൂരുന്നു…..? അറസ്റ്റ് നടന്നില്ല. ശിവശങ്കർ രക്ഷപെടുന്നു എന്ന് സൂചന
കള്ളനെ കാവലേല്‍പ്പിച്ച കഥ കേട്ടിട്ടില്ലേ..?
സാക്ഷാല്‍ എം.ശിവശങ്കരനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വരുമ്പോഴാണ് ഈ പഴഞ്ചൊല്ലിന് പ്രസക്തി കൂടുന്നത്. ആറു പതിറ്റാണ്ടിലധികം നീളുന്ന സഖാവ് പിണറായി വിജയന്റെ പൊതു പ്രവര്‍ത്തന ചരിത്രത്തിലെ വെണ്മയിലാണ് ഈ കഥാനായകന്‍ ചെളി തെറിപ്പിച്ചത്.
ആരാണ് ഈ ശിവശങ്കരന്‍….?
എം.ബി.എ ബിരുദധാരിയായി, റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലൂടെ ഔദ്യോഗിക ജീവിതമാരംഭിച്ച ശിവശങ്കരന് ഐ.എ.എസ് ലഭിച്ചത് 1995 ലാണ്. തുടര്‍ന്ന് വന്ന യു.ഡി.എഫ്, എല്‍.ഡി.എഫ് ഗവണ്‍മെന്റുകളുടെ കാലത്ത് സുപ്രധാന പദവികള്‍ അലങ്കരിച്ച ഇദ്ദേഹം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെയാണ് താക്കോല്‍ സ്ഥാനത്ത് അവരോധിക്കപ്പെട്ടത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഐ.ടി സെക്രട്ടറി എന്നീ രണ്ട് സുപ്രധാന പദവികള്‍……!
കേരള ജനതയ്ക്ക് ശുഭപ്രതീക്ഷ നല്‍കി തുടര്‍ഭരണം എന്ന സ്വപ്‌നം സഫലമാകാനിരിക്കെയാണ് സ.പിണറായി വിജയന്‍ ഈ അഭിനവ കാമദേവന്റെ പേരില്‍ കേരള സമൂഹത്തില്‍ അപഹാസ്യനാകേണ്ടി വന്നത്.
സുപ്രധാന പദവിയിലിരിക്കുന്ന ഏത് വ്യക്തിയും പെണ്ണിന്റെയും പിടക്കോഴിയുടേയും പിന്നാലെ പോയാല്‍ എന്തൊക്കെ അപചയമുണ്ടാകാം എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സാക്ഷാല്‍ ശിവശങ്കരന്‍. പി.ടി ചാക്കോ മുതല്‍ എത്രയോ മഹാരഥന്മാരുടെ ഇരിപ്പിടം തെറിപ്പിച്ചിട്ടുണ്ട് ഇത്തരം അപഥ സഞ്ചാരങ്ങളിലൂടെ.
തിരുവനന്തപുരം കാര്‍ഗോ കോംപ്ലക്‌സിലെ നയതന്ത്ര പാഴ്‌സലില്‍ നിന്നും 30 കിലോഗ്രാം സ്വര്‍ണ്ണം പിടിച്ചെടുത്തത് ജൂലൈ 5നാണ്. ദുബായില്‍ നിന്നു കാര്‍ഗോ എത്തിയത് മൂന്ന് നാള്‍ മുമ്പ്.സംശയം തോന്നിയ കസ്റ്റംസിലെ ഉദ്യോഗസ്ഥര്‍ ബാഗേജുകള്‍ തുറന്നു പരിശോധിച്ചു. അതില്‍ സ്വര്‍ണമാണെന്ന് ബോധ്യപ്പെട്ടു.
വി.വി.ഐ.പി പരിഗണനയോടെ ദുബൈയില്‍ നിന്നും യു.എ.ഇ കോണ്‍സുലേറ്റിന്റെ പേരിലാണ് ബാഗേജ് എത്തിയത്. ഡിപ്ലോമാറ്റിക് ബാഗുകള്‍ സാധാരണ കര്‍ശന പരിശോധന നടത്താറില്ല. എന്നാല്‍ ഈ കേസില്‍ എവിടെയോ ഒരു ഒറ്റുകാരന്‍ ഒളിഞ്ഞിരിപ്പുണ്ട്.
ഡിപ്ലോമാറ്റിക് ബാഗ് വഴി സ്വര്‍ണം കടത്തിയ ഈ കേസില്‍ ആദ്യം പിടിയിലായത് യു.എ.ഇ കോണ്‍സുലേറ്ററിലെ മുന്‍ പി.ആര്‍.ഒ സരിത് കുമാറാണ്. പിന്നീട് സ്വപ്‌ന സുരേഷ് എന്ന സ്വര്‍ണ സുന്ദരിയിലേക്കും സ്വപ്‌നയുടെ വലം കൈയായ സന്ദീപ് നായരിലേക്കും അന്വേഷണം എത്തി.
സ്വപ്‌ന വലയില്‍ കുരുങ്ങിയതോടെ ഞെട്ടിക്കുന്ന രഹസ്യങ്ങളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ഐ.ടി വകുപ്പിന്റെ കീഴിലുള്ള സ്‌പേസ് പാര്‍ക്ക് പദ്ധതിയില്‍ ഉയര്‍ന്ന ശബളത്തില്‍ സ്വപ്‌നയെ നിയമിച്ചമിച്ചതുള്‍പ്പടെ അവിഹിത കഥകള്‍ അനന്തപുരിയുടെ അകത്തളങ്ങളില്‍ ദുര്‍ഗന്ധം പരത്തി തുടങ്ങി.
കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സ്വര്‍ണക്കടത്ത് ഒടുവില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പോലും നീണ്ടു. പക്ഷേ അന്വേഷണം മുറുകുമ്പോഴും പിണറായി വിജയന്‍ കുലുങ്ങിയില്ല. എല്ലാ കേന്ദ്ര ഏജന്‍സികളേയും ഏകോപിപ്പിച്ച് സമഗ്ര അന്വേഷണം നടക്കട്ടെ എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം പ്രധാനമന്ത്രിക്കു കത്തെഴുതുകയും ചെയ്തു. പക്ഷേ മുഖ്യമന്ത്രിക്ക് ഏറെ കാലം പിടിച്ചു നില്‍ക്കാനായില്ല. ഒടുവില്‍ ശിവശങ്കരന്‍ പുറത്തായി. സ്പ്രിംഗ്ലര്‍ വിവാദത്തില്‍ പോലും ശിവശങ്കരനെ സംരക്ഷിച്ച മുഖ്യമന്ത്രി തന്നെ ഒടുവില്‍ തന്റെ വിശ്വസ്ഥനെ പുറത്താക്കി
ഒടുവില്‍ രാജ്യത്തെ മൂന്ന് പ്രബലമായ അന്വേഷണ ഏജന്‍സികള്‍ സ്വര്‍ണക്കടത്ത് അന്വേഷണം ഏറ്റെടുത്തു.
സി.ബി.ഐ, കസ്റ്റംസ്, എന്‍.ഐ.എ
ഐ.ബി യും റോയും വിശദമായ അന്വേഷണം നടത്തുമെന്ന് പോലും കഥകളുണ്ടായിരുന്നു.
അതേ തുടര്‍ന്നാണ് ശിവശങ്കരന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നിലെത്തുന്നത്. തിരുവനന്തപുരത്ത് കസ്റ്റംസ് ഡിവിഷണല്‍ ഓഫീസില്‍ വെച്ച് തുടര്‍ച്ചയായി 9 മണിക്കൂര്‍ തുടര്‍ന്ന് ചോദ്യം ചെയ്യല്‍…..പിന്നീട് പേരൂര്‍ക്കട പോലീസ് ക്ലബ്ബില്‍ എന്‍.ഐ.എ യുടെ ചോദ്യം ചെയ്യല്‍, 5 മണിക്കൂറിലധികം…
ഇന്നലെയും ഇന്നുമായി കൊച്ചിയില്‍ വച്ച് എന്‍.ഐ.എയുടെ മാരത്തോണ്‍ ചോദ്യം ചെയ്യല്‍…
സ്വപ്‌ന സുരേഷുമായി എന്തു ബന്ധമാണ്.?
രാപ്പകലില്ലാതെ എന്താവിശ്യത്തിനാണ് സ്വപ്‌നയുടെ ഫ്‌ളാറ്റില്‍ പോയിരുന്നത് ?
സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷ്, പി.എസ് സരിത്ത്, സന്ദീപ് നായര്‍ എന്നീ പ്രതികള്‍ക്ക് എന്ത് ഒത്താശകള്‍ ചെയ്്തു കൊടുത്തു ?
വിദേശത്തു നിന്നും സ്വദേശത്തു നിന്നുമായി ഇവരില്‍ നിന്നും എന്തൊക്കെ സഹായങ്ങള്‍ സ്വീകരിച്ചു ?
സ്വപ്‌നയ്‌ക്കൊപ്പമുള്ള വിദേശയാത്രകള്‍ എന്തിനായിരുന്നു ? ആരെയൊക്കെ കണ്ടു ?
ദേശീയ അന്വേഷണ ഏജന്‍സികള്‍ പലവിധ ചോദ്യങ്ങള്‍ കൊണ്ട് ശിവശങ്കരനെ വരിഞ്ഞു മുറുക്കി.
ഭരണസിരാകേന്ദ്രങ്ങളിലെ പ്രധാന വകുപ്പുകള്‍ അടക്കി ഭരിച്ചിരുന്ന ശിവശങ്കരന്റെ മേല്‍മൂടികള്‍ അഴിഞ്ഞു വീണു. സെക്രട്ടേറിയറ്റിനു സമീപത്ത് ശിലശങ്കരന്‍ താമസിച്ചിരുന്ന ഫ്‌ളാറ്റു കേന്ദ്രീകരിച്ചും ക0ള്ളക്കടത്തിന്റെ ഗൂഡോലോചന നടത്തിയിരുന്നു എന്നാണ് ഒടുവില്‍ പുറത്തു വന്ന വിവരം.
പൂജപ്പുരയില്‍ സ്വന്തം വസതിയിലുളള ശിവശങ്കരന്‍ സെക്രട്ടറിയേറ്റിന് സമീപത്തെ ഫെദര്‍ ടവര്‍ ഫ്‌ളാറ്റില്‍ എന്തിന് സ്ഥിരതാമസമാക്കി എന്നതും സ്വപ്‌നയും സരിത്തും ഉള്‍പ്പെടെയുളള കളളക്കടത്തുകേസിലെ പ്രതികള്‍ അവിടെ പതിവായി സമ്മേളിച്ചിരുന്നതിന്റെ കാരണങ്ങളും ദുരൂഹമായി തുടരുന്നു.
മാത്രമോ ഒരു സീനിയര്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്‍ ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്ന ആക്ഷേപമുയരുന്നതും ആദ്യമായാണ്.
നാലുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടിരുന്ന പിണറായി സര്‍ക്കാരിന്റെ സല്‍പ്പേരിനേറ്റ് തീരാകളങ്കമായി മാറി ശിവശങ്കരന്റെ നിശാനടനം. മന്ത്രിസഭയെ ഇരുട്ടില്‍ നിര്‍ത്തി ഭരണകാര്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്നത് ഇദ്ദേഹമാണ് എന്ന വസ്തുത കേരളത്തിലെ ഭരണനിര്‍വ്വഹണത്തിലെ ദയനീയവസ്ഥയാണ് വെളിപ്പെടുത്തുന്നത്.
സിവില്‍ സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടുളള ശിവശങ്കരന്റെ വിളയാട്ടത്തിന് ഒത്താശ ചെയ്തതിലൂടെ പിണറായി വിജയന്റെ ഇമേജ് നീര്‍കുമിള പോലെ പൊട്ടിപ്പോയി.
ഈ ചങ്ങലപ്പൂട്ടില്‍ നിന്നും ശിവശങ്കരനെ ഊരി എടുക്കാനായി അനന്തപുരിയിലെ ഐ.എ.എസ് ലോബിയും അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്നു എന്നാണ് ഒടുവില്‍ പുറത്തുവന്ന വാര്‍ത്ത.
അഴുക്കുചാലില്‍ നിന്നും തങ്ങളുടെ സഹജീവിയെ കരകയറ്റി എടുക്കേണ്ടത് അവരുടെ കൂടി ഉത്തരവാദിത്വമാണല്ലോ….
അതില്‍ അവര്‍ വിജയിച്ചു എന്നാണ് ഈ നിമിഷം പുറത്തുവരുന്ന വാര്‍ത്ത….
കളളക്കടത്തിലും കപഠവൃത്തികളിലുമൊന്നും ശിവശങ്കരന് പങ്കില്ലത്രേ….! സ്വപ്‌നയുമായി കേവല സൗഹൃദം മാത്രം.
എം.ശിവശങ്കരന്റെ ജീവിതവഴികളിലൂടെ തിരിഞ്ഞുനോക്കുമ്പോള്‍ ഒരു കാര്യം പറയാതെ വയ്യ:
”പല നാള്‍ കളളന്‍ ഒരുനാള്‍ പിടിയില്‍….”