കൊല്ലം: കിളികൊല്ലൂര്‍ സ്റ്റേഷനില്‍ സൈനികനെയും സഹോദരനെയും കീഴ്പ്പെടുത്തിയത് രക്ഷപ്പെടാതിരിക്കാനെന്ന ന്യായീകരണവുമായി പോലീസ്. സസ്പെന്‍ഷനിലായ എസ്.ഐ: അനീഷിന്റെ ശബ്ദസന്ദേശമാണ് പുറത്ത് വന്നത്. പ്രതികളായ യുവാക്കള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരെ മര്‍ദിച്ചെന്നും അനീഷ് പറയുന്നു. സംഭവ സമയത്ത് സ്റ്റേഷനില്‍ സി.ഐയും എസ്.ഐയായ താനും ഉണ്ടായിരുന്നില്ലെന്നും ഇയാള്‍ അവകാശപ്പെടുന്നു.
തനിക്കും സിഐക്കുമെതിരെ വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തില്‍ വസ്തുതകള്‍ മനസ്സിലാക്കാനാണ് ഈ സന്ദേശമെന്ന് അനീഷ് പറയുന്നു. സ്റ്റേഷന് റൈറ്ററെ, സ്റ്റേഷന് അകത്തു കയറി തലയിടിച്ചു പൊട്ടിക്കുകയും മൂക്കിന്റെ പാലം തകര്‍ക്കുകയും ചെയ്ത സംഭവത്തിലാണ് യുവാക്കളെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തിയത്. ഇതാണ് മാധ്യമങ്ങള്‍ നമുക്കെതിരെ നല്കിക്കൊണ്ടിരിക്കുന്നതെന്ന് പൊലീസിന്റെ വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ നല്കിയ ഓഡിയോ ക്ലിപ്പില്‍ വ്യക്തമാക്കുന്നത്.
സംഭവം നടക്കുമ്പോള്‍ താനും സി.ഐയും സ്റ്റേഷനിലില്ല. നിലവിളി കേട്ട് തൊട്ടടുത്ത കെട്ടിടത്തില്‍ നിന്നും ഓടിവരുമ്പോള്‍, ചോരയൊലിപ്പിച്ച് നില്ക്കുന്ന പോലീസുകാരനെയാണ് കണ്ടത്. മൂന്നു വനിതാ പോലീസുകാരാണ് ജി.ഡി ചാര്‍ജിന് സമീപം ഉണ്ടായിരുന്നത്. രക്ഷപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് സൈനികനെയും സഹോദരനെയും ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തതെന്ന് അനീഷ് ശബ്ദസന്ദേശത്തില്‍ പറയുന്നു.
കിളികൊല്ലൂര്‍ സംഭവത്തില്‍ സ്റ്റേഷന് അകത്തു നടന്ന സംഭവങ്ങളുടെ സിസി ടിവി ദൃശ്യം പുറത്തുവന്നതോടെ പോലീസ് പ്രതിരോധത്തിലായിരിക്കുകയാണ്. ഇതിനിടെയാണ് ന്യായീകരണവുമായി സ്റ്റേഷനിലെ എസ്.ഐ ആയിരുന്ന അനീഷ് പോലീസ് ഗ്രൂപ്പുകളില്‍ ശബ്ദസന്ദേശം അയച്ചിട്ടുള്ളത്. സ്റ്റേഷനിലെ മര്‍ദ്ദനത്തിന്റെ സിസി ടിവി ദൃശ്യം പുറത്തു വന്നതില്‍ പോലീസിന് അകത്തു തന്നെ ചേരിതിരിവുണ്ട്. സസ്പെന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ നീക്കം ശക്തമാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ഡി.വൈ.എഫ്.ഐ പേരൂര്‍ മേഖലാ ജോയിന്റ് സെക്രട്ടറി പേരൂര്‍ ഇന്ദീവരത്തില്‍ വിഘ്നേഷ് (25), സൈനികനായ ജ്യേഷ്ഠ സഹോദരന് വിഷ്ണു (30) എന്നിവരെയാണ് കിളികൊല്ലൂര്‍ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചത്. യുവാക്കളുടെ പരാതിയില്‍ ഉന്നതതല അന്വേഷണം തുടരുന്നതിനിടെയാണ് സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്.